ബിഎസ് 6 ടൊയോട്ട കാമ്‌റി പുറത്തിറക്കി

ബിഎസ് 6 ടൊയോട്ട കാമ്‌റി പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 37.88 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ടൊയോട്ട കാമ്‌റി വിപണിയില്‍ അവതരിപ്പിച്ചു. 37.88 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അതേ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ തുടര്‍ന്നും ഉപയോഗിക്കും. എന്നാല്‍ ഇപ്പോള്‍ പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കും.

2.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്നതാണ് ടൊയോട്ട കാമ്‌റിയുടെ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍. പെട്രോള്‍ എന്‍ജിന്‍ 178 പിഎസ് കരുത്തും 221 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 120 പിഎസ് കരുത്തും 202 എന്‍എം ടോര്‍ക്കുമാണ്. ആകെ പരമാവധി പവര്‍ ഔട്ട്പുട്ട് 218 പിഎസ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായ സിവിടി എന്‍ജിനുമായി ഘടിപ്പിച്ചു. ഇലക്ട്രിക് കരുത്തില്‍ മാത്രം അല്ലെങ്കില്‍ ഐസി എന്‍ജിനില്‍ മാത്രം അല്ലെങ്കില്‍ രണ്ടും ഉപയോഗിച്ചും സെഡാന്‍ ഡ്രൈവ് ചെയ്യാന്‍ കഴിയും. ഇക്കോ, നോര്‍മല്‍, പവര്‍ എന്നിവയാണ് മൂന്ന് ഡ്രൈവിംഗ് മോഡുകള്‍.

നാവിഗേഷന്‍ സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഒമ്പത് സ്പീക്കറുകളോടെ ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേഷന്‍ ഫംഗ്ഷനോടെ മുന്നില്‍ പവേര്‍ഡ് സീറ്റുകള്‍, ഹെഡ്അപ്പ് ഡിസ്‌പ്ലേ, ക്രൂസ് കണ്‍ട്രോള്‍, പവര്‍ അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് കോളം, പിറകില്‍ സണ്‍ബ്ലൈന്‍ഡ്, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ തുടരും.

ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ കാമറ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ബേണിംഗ് ബ്ലാക്ക്, റെഡ് മൈക്ക, ഫാന്റം ബ്രൗണ്‍, ഗ്രാഫൈറ്റ് മെറ്റാലിക് എന്നിവയാണ് ഏഴ് കളര്‍ ഓപ്ഷനുകള്‍.

നിലവില്‍ ടൊയോട്ട കാമ്‌റി മോഡലിന് ഇന്ത്യയില്‍ നേരിട്ടൊരു എതിരാളിയില്ല. എന്നാല്‍ ബിഎസ് 6 സ്‌കോഡ സൂപ്പര്‍ബ് ഫേസ് ലിഫ്റ്റ് വൈകാതെ വിപണിയില്‍ അവതരിപ്പിക്കും.

Comments

comments

Categories: Auto
Tags: Toyota camry