കാര്‍ഷിക മേഖലയ്ക്ക് ലക്ഷം കോടി രൂപ

കാര്‍ഷിക മേഖലയ്ക്ക് ലക്ഷം കോടി രൂപ
  • ശീതികരണികളക്കം കാര്‍ഷിക സംഭരണ സംവിധാനങ്ങള്‍ സജ്ജമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
  • ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ ചെറുകിട ഭക്ഷ്യമേഖലയ്ക്ക് വേണ്ടി 10,000 കോടി രൂപയുടെ ഫണ്ട്
  • മത്സ്യ മേഖലയിലെ മൂല്യ ശൃംഖല മെച്ചപ്പെടുത്താന്‍ മത്സ്യ സംപദ യോജനക്ക് 20,000 കോടി രൂപ

ഇന്ത്യയില്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന 85% ആളുകളും ചെറുകിട, നാമമാത്ര കര്‍ഷകരാണ്. പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യന്‍ കര്‍ഷകര്‍ വെല്ലുവിളികളെ നേരിട്ട് നിലയുറപ്പിച്ചിട്ടുണ്ട്

-നിര്‍മല സീതാരാമന്‍, ധനമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ്-19 പ്രത്യേക സാമ്പത്തിക പാക്കേജിന്റെ മൂന്നാം പ്രഖ്യാപനത്തില്‍ കാര്‍ഷികമേഖലയുടെ കൈപിടിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ‘ആത്മനിര്‍ഭര്‍ ഭാരത്’ പരിപാടിയുടെ കീഴില്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് ശീതികരണികളക്കം കാര്‍ഷിക സംഭരണ സംവിധാനങ്ങള്‍ മതിയായ തോതില്‍ ഇല്ലെന്നും ഇവ സജ്ജീകരിക്കാന്‍ ഫണ്ട് പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിതരണ ശൃംഖല തകര്‍ന്നത് മൂലം കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നില്ല. ഉല്‍പ്പന്നങ്ങള്‍ ആവശ്യത്തിലധികമുള്ള ചന്തകളില്‍ നിന്ന് ഉല്‍പ്പന്നക്ഷാമമുള്ള ചന്തകളിലേക്ക് ചരക്ക് എത്തിക്കാനുള്ള കടത്തുകൂലിയുടെ 50% സര്‍ക്കാര്‍ വഹിക്കും. ശീതികരണിയടക്കമുള്ള സംഭരണത്തിന്റെ പാതി ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാനും ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോകാതിരിക്കാനും ഉപഭോക്താക്കള്‍ക്ക് ലഭ്യത ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സവോള, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് മാത്രമായി നടപ്പാക്കിയിരുന്ന ‘ഓപ്പറേഷന്‍ ഗ്രീന്‍’, എല്ലാ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ബാധകമാക്കി. എല്ലാ പച്ചക്കറികളുടെയും ലഭ്യത വര്‍ഷത്തിലുടനീളം താങ്ങാവുന്ന വിലയില്‍ ഉറപ്പുവരുത്തും. ഇവയടക്കം എട്ട് അടിസ്ഥാന സൗകര്യ വികസന നടപടികളും അവശ്യ സേവന നിയമത്തിലടക്കം മൂന്ന് ഭേദഗതികളുമാണ് 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തിന്റെ മൂന്നാം ദിനം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

ചെറുകിട ഭക്ഷ്യമേഖലയ്ക്ക് 10,000 കോടി

അസംഘടിത മേഖലയിലെ രണ്ടു ലക്ഷം സംരംഭങ്ങള്‍ക്ക് ഗുണകരമാവുന്ന രീതിയില്‍ ചെറുകിട ഭക്ഷ്യമേഖലയ്ക്ക് വേണ്ടി 10,000 കോടി രൂപയുടെ ഫണ്ട്. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സ്വയംസഹായ സംഘങ്ങളെയും സഹകരണ സംഘങ്ങളെയും സഹായിക്കാനാണ് പദ്ധതി. കാശ്മീരില്‍ കുങ്കുമപ്പൂവ് ഉല്‍പ്പാദന ക്ലസ്റ്ററും തെലങ്കാനയില്‍ മഞ്ഞള്‍ ഉല്‍പ്പാദന ക്ലസ്റ്ററും ആന്ധ്രപ്രദേശില്‍ ചുവന്ന മുളക് ക്ലസ്റ്ററും പോലെ ഭൂമിശാസ്ത്രപരമായി വിളകളുടെ അടിസ്ഥാനത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഇവയെ അതാത് ഇടങ്ങളോട് ബന്ധപ്പെടുത്തി അന്താരാഷ്ട്ര തലത്തില്‍ ബ്രാന്‍ഡ് ചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) മാനദണ്ഡങ്ഹളനുസരിച്ച് സാങ്കേതിക വിദ്യകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നതിനും ചെറുകിട മേഖലയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും.

മത്സ്യ സംപദ യോജന

കടല്‍, ഉള്‍നാടന്‍ മത്സ്യമേഖലയുടെ വികസനത്തിനായി പ്രധാന്‍മന്ത്രി മത്സ്യ സംപദ യോജന ആരംഭിക്കും. 55 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. മത്സ്യ മേഖലയിലെ മൂല്യ ശൃംഖല മെച്ചപ്പെടുത്താനായി 20,000 കോടി രൂപയാണ് ചെലവഴിക്കുക. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 70 ലക്ഷം ടണ്‍ മത്സ്യം അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. മത്സ്യകൃഷിക്കായി 11,000 കോടി രൂപയും മത്സ്യബന്ധന തുറമുഖങ്ങള്‍ ചന്തകള്‍ ശീതീകരണികള്‍ എന്നിവയ്ക്കായി 9,000 കോടി രൂപയുമാണ് ചെലവാക്കുക. മത്സ്യക്കുഞ്ഞുങ്ങളുടെ ഇറക്കുമതിക്കും ഇളവ്. ചെമ്മീന്‍ ഹാച്ചറികളുടെ രജിസിട്രേഷനും ദീര്‍ഘിപ്പിച്ച് നല്‍കും.

ക്ഷീരമേഖലയ്ക്ക് 15,000 കോടി

ക്ഷീര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15,000 കോടി രൂപ സര്‍ക്കാര്‍ വിനിയോഗിക്കും. കാലിത്തീറ്റ നിര്‍മാണം വര്‍ധിപ്പിക്കാനും നിക്ഷേപം നടത്തും. കുളമ്പ് രോഗ പ്രതിരോധ വാക്‌സിന്‍ യജ്ഞത്തിനായി 13,343 കോടി രൂപയാവും വിനിയോഗിക്കുക.

ഔഷധ കൃഷി

ഔഷധ ചെടികളുടെ കൃഷി പ്രോല്‍സാഹിപ്പിക്കാനായി 4,000 കോടി രൂപയാണ് സര്‍ക്കാര്‍ മുടക്കുക. 10 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ പുതിയതായി ഔഷധ കൃഷി ആരംഭിക്കും. കര്‍ഷകര്‍ക്ക് 5,000 കോടി രൂപ വരുമാനം ഇതിലൂടെ ലഭ്യമാവുമെന്നാണ് കണക്കാക്കുന്നത്.

തേന്‍ കര്‍ഷകര്‍

തേനീച്ച വളര്‍ത്തലിനെ പ്രോല്‍സാഹിപ്പിക്കാന്‍ 500 കോടി രൂപ പാക്കേജില്‍ വകയിരുത്തി. രണ്ടു ലക്ഷം തോനീച്ച കര്‍ഷകര്‍ക്കാണ് പ്രയോജനപ്പെടുക

അവശ്യ സാധന നിയമത്തില്‍ ഭേദഗതി

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും ഉല്‍പ്പന്ന ലഭ്യത രാജ്യത്തെങ്ങും ഉറപ്പാക്കാനുമായി അവശ്യ സാധന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 1955 ല്‍ രാജ്യത്ത് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമമുണ്ടായപ്പോള്‍ കൊണ്ടുവന്ന നിയമമാണ് ആറര പതിറ്റാണ്ടിനു ശേഷം ഭേദഗതി ചെയ്യുന്നത്. ഇതുപ്രകാരം ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഈ ഉല്‍പ്പന്നങ്ങളുടെ സംഭരണ പരിധി നിയന്ത്രണം പിന്‍വലിക്കും. ക്ഷാമം, വിലക്കയറ്റം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാവും സംഭരണ പരിധി ബാധകമാവുക.

വിപണി പരിഷ്‌കാരത്തിന് നിയമം

  • ആകര്‍ഷകമായ വിലയ്ക്ക് ഉല്‍പ്പന്നം വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി
  • അതിര്‍ത്തി വിലക്കുകളില്ലാതെ ഏത് സംസ്ഥാനത്തും വില്‍പ്പന നടത്താം
  • കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇ-ട്രേഡിംഗിന് ചട്ടക്കൂട് തയാറാക്കും

Categories: FK News, Slider