ഹോം ഡെലിവറി സേവനവുമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍

ഹോം ഡെലിവറി സേവനവുമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍
  • അരമണിക്കൂറില്‍ ഡെലിവറി
  • തലബാത് ആപ്പ് മുഖേനയും വെബ്‌സൈറ്റിലൂടെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

അബുദാബി: ഇന്ധന, പലചരക്ക് റീറ്റെയ്‌ലറായ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ യുഎഇയില്‍ ഹോം ഡെലിവറി സേവനം ആരംഭിച്ചു. തലബാത് ആപ്പ് മുഖേനയും കമ്പനി വെബ്‌സൈറ്റ് മുഖേനയും ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. അബുദാബിയിലെ അഡ്‌നോക് ഒയാസിസ് സ്‌റ്റോറുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ഹോം ഡെലിവറി സേവനം വഴി ലഭ്യമാക്കുക.

സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് അരമണിക്കൂറിനുള്ളില്‍ അവ വീടുകളില്‍ എത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പലചരക്ക് സാധനങ്ങള്‍, ചെറുകടികള്‍, പാനീയങ്ങള്‍ അടക്കം 1,100ഓളം ഉല്‍പ്പന്നങ്ങളുടെ ഡെലിവറിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കള്‍ക്കായി പരമാവധി സേവനങ്ങള്‍ അവതരിപ്പിക്കുന്ന കമ്പനി എന്ന നിലയ്ക്ക് അവര്‍ക്ക് ആവശ്യമായ അവശ്യസാധനങ്ങള്‍ സുരക്ഷിതമായും എളുപ്പത്തിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഹോം ഡെലിവറി സേവനം വഴി ലക്ഷ്യമിടുന്നതെന്ന് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ആക്ടിംഗ് സിഇഒ അഹമ്മദ് അല്‍ ഷംസി പറഞ്ഞു. യുഎഇയിലെ പ്രമുഖ ഹോം ഡെലിവറി സേവന കമ്പനിയായ തലബാതുമായുള്ള പങ്കാളിത്തത്തിലൂടെയാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ പകര്‍ച്ചവ്യാധിക്കാലത്ത് വീടുകളില്‍ തുടര്‍ന്നുകൊണ്ടുതന്നെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതെന്നും അല്‍ ഷംസി പറഞ്ഞു.

അഡ്‌നോക് ഡിസ്ട്രിബ്യൂഷനുമായുള്ള പങ്കാളിത്തത്തിലൂടെ ഇരുകമ്പനികളുടെയും ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ തന്നെ സുരക്ഷിതമായി തുടരുന്നതിന് കൂടുതല്‍ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് തലബാത് യുഎഇ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് യില്‍ദിറിം പറഞ്ഞു.

Comments

comments

Categories: Arabia

Related Articles