വിതരണം കുറയ്ക്കുന്നത് എണ്ണവിപണിയെ സന്തുലിതാവസ്ഥയിലേക്ക് തിരികെ എത്തിക്കും

വിതരണം കുറയ്ക്കുന്നത് എണ്ണവിപണിയെ സന്തുലിതാവസ്ഥയിലേക്ക് തിരികെ എത്തിക്കും

സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് വരുന്നതിന്റെ സൂചനകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട് 

അബുദാബി: എണ്ണവിപണിയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും കാലക്രമേണ, വിപണി സന്തുലിതാവസ്ഥയിലേക്ക് തിരികെ എത്തുമെന്നും യുഎഇ സഹമന്ത്രിയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജബെര്‍. കഴിഞ്ഞ ആഴ്ചകളില്‍ വിപണിയില്‍ മുറുക്കം വന്നുതുടങ്ങിയതിന്റെ സൂചനകളുണ്ട്. ഒപെക് പ്ലസ് കരാര്‍, ഒപെക് പ്ലസ് കരാറിന് പുറമേയുള്ള അധിക എണ്ണ ഉല്‍പ്പാദന നിയന്ത്രണം തുടങ്ങിയവയെല്ലാം എണ്ണവിപണിയെ സന്തുലിതാവസ്ഥയിലേക്ക് തിരികെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അഡ്‌നോകിന്റെ വിര്‍ച്വല്‍ മജ്‌ലിസില്‍ ഡോ. അല്‍ ജബെര്‍ പറഞ്ഞു.

”അതിന് സമയമെടുക്കും. സമ്പദ് വ്യവസ്ഥകള്‍ തുറക്കുമ്പോള്‍ ഡിമാന്‍ഡും കൂടും (എണ്ണയുടെ), പക്ഷേ അത്് നേര്‍രേഖയിലൂടെയുള്ള വളര്‍ച്ച ആയിരിക്കില്ല”.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം എണ്ണയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിമാന്‍ഡ് തകര്‍ച്ചയാണ് കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായത്. തുടര്‍ന്ന് ഫ്യൂച്ചേഴ്‌സ് വിപണിയില്‍ എണ്ണവില നെഗറ്റീവിലേക്ക് കൂപ്പുകുത്തി. അഞ്ച് മാസത്തിനിടെ 50 ശതമാനം വിലത്തകര്‍ച്ചയാണ് എണ്ണവിലയില്‍ ഉണ്ടായത്. പക്ഷേ, വിപണിയുടെ സ്ഥിരത വീണ്ടെടുക്കാനുള്ള ശ്രമമെന്നോണം പ്രധാന ഉല്‍പ്പാദകര്‍ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ സമ്മതിച്ചതോടെ എണ്ണ വിപണി പതുക്കെ സന്തുലിതാവസ്ഥയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ പ്രകടമായിത്തുടങ്ങി. മാത്രമല്ല, പല രാജ്യങ്ങളും കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയത് എണ്ണയുടെ ഡിമാന്‍ഡ് കൂടാനും ഇടയാക്കിയിട്ടുണ്ട്.

ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായക കരാറിലൂടെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 10 മില്യണ്‍ ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനമാണ് വെട്ടിച്ചുരുക്കുന്നത്. 2022 വരെ ഇത്തരത്തില്‍ എണ്ണവിപണിയിലെ വിതരണം നിയന്ത്രിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക ഉള്‍പ്പടെയുള്ള ജി20 അംഗങ്ങളും എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് അമേരിക്ക ആഗോളതലത്തിലുള്ള എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തില്‍ പങ്കെടുക്കുന്നത്. മൊത്തത്തില്‍ പ്രതിദിനം 19 ദശലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനമാണ് ഈ രീതിയില്‍ വെട്ടിക്കുറച്ചത്. ഇവ കൂടാതെ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിലെ അറബ് രാഷ്ട്രങ്ങള്‍ ഈ ആഴ്ച രണ്ട് മില്യണ്‍ ബിപിഡിയുടെ (ബാരല്‍സ് പെര്‍ ഡേ)അധിക നിയന്ത്രണം നടപ്പിലാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതില്‍ ഒരു മില്യണ്‍ ബിപിഡി സൗദി അറേബ്യയും 100,000 ബിപിഡി യുഎഇയുമാണ് നടപ്പിലാക്കുന്നത്.

ഇത്രയധികം എണ്ണയുടെ ഉല്‍പ്പാദനം നിയന്ത്രിക്കപ്പെടുമ്പോള്‍ ഈ മാസം ആഗോള എണ്ണ ഉല്‍പ്പാദനത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഒമ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് എണ്ണ ഉല്‍പ്പാദനമായിരിക്കും ഈ മാസം നടക്കുകയെന്ന് അന്താരാഷ്ട്ര ഊര്‍ജ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ അനുമാനം തിരുത്തി, ഈ വര്‍ഷം എണ്ണയുടെ ഡിമാന്‍ഡ് 700,000 ബിപിഡി ആകുമെന്നും ഏജന്‍സി പറഞ്ഞിട്ടുണ്ട്. എങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണത്.

എണ്ണവിപണിയിലെ കാര്യങ്ങള്‍ പ്രവചനാതീതമാണെന്ന് ഡോ. അല്‍ ജബെര്‍ പറഞ്ഞു. എങ്കിലും അനിശ്ചാവസ്ഥയുടെ ഈ കാലഘട്ടത്തെ മറികടക്കാന്‍ അഡ്‌നോകിന് സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ നാലുവര്‍ഷമായി കമ്പനിയില്‍ നടക്കുന്ന പരിവര്‍ത്തന പദ്ധതി മൂലം അഡ്‌നോക് മികച്ച സ്ഥിതിയിലാണെന്നും അല്‍ ജബെര്‍ കൂട്ടിച്ചേര്‍ത്തു. ‘ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാകുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് അഡ്‌നോക്. നിലവിലെ പ്രതിസന്ധികാലത്ത് പിടിച്ചുനില്‍ക്കാന്‍ ആ ലക്ഷ്യം കമ്പനിയെ വളരെയധികം സഹായിക്കുന്നുണ്ട്. ഇക്കാലത്ത് സ്രോതസ്സുകള്‍ സംരക്ഷിക്കാനും പരമാവധി ലാഭം കൊയ്യാനും അങ്ങേയറ്റം പരിശ്രമിക്കേണ്ടതുണ്ട്,’ അല്‍ ജബെര്‍ പറഞ്ഞു.

Comments

comments

Categories: Arabia
Tags: abudhabi