മൊത്തവില ഭക്ഷ്യ പണപ്പെരുപ്പം 3.6%ലേക്ക് ചുരുങ്ങി

മൊത്തവില ഭക്ഷ്യ പണപ്പെരുപ്പം 3.6%ലേക്ക് ചുരുങ്ങി

ഇന്ധന മേഖലയില്‍ ഏപ്രിലില്‍ 10.1 ശതമാനത്തിന്റെ മൊത്തവില പണച്ചുരുക്കമാണ് ഉണ്ടായിട്ടുള്ളത്

ന്യൂഡെല്‍ഹി: ഏപ്രിലില്‍ രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം 3.6 ശതമാനത്തിലേക്ക് കുടുങ്ങി. മാര്‍ച്ചില്‍ 5.6 ശതമാനം ഡബ്ല്യുപിഐ പണപ്പെരുപ്പം രേഖപ്പെടുത്തിയിരുന്നു. കോവിഡ് 19 സൃഷ്ടിച്ച തടസങ്ങളുടെ പശ്ചാത്തലത്തില്‍ ഡാറ്റാ സമാഹരണം കൃത്യമായി നടന്നിട്ടില്ലാത്തതിനാല്‍ ഏപ്രിലിലെ പൊതുവായ ഡബ്ല്യുപിഐ പണപ്പെരുപ്പം സംബന്ധിച്ച കണക്ക് പുറത്തുവിടുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ 1 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. ഫെബ്രുവരിയിലെ 2.26 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

‘കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം 2020 ഏപ്രില്‍ മാസത്തില്‍ മൊത്ത വിപണിയിലെ ഉല്‍പ്പന്നങ്ങളില്‍ പരിമിതമായ ഇടപാടുകളാണ് നടന്നത്. മതിയായ ഡാറ്റയുടെ അപര്യാപ്തത കണക്കിലെടുക്കുന്നു. അതിനാല്‍, തെരഞ്ഞെടുത്ത ചില വിഭാഗങ്ങളിലെ വില വ്യതിയാനം സംബന്ധിച്ച ഡാറ്റ മാത്രമാണ് പുറത്തിറക്കുന്നത്, ‘ വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാനമായ കാരണം ചൂണ്ടിക്കാട്ടി ഏപ്രിലിലെ മൊത്തം റീട്ടെയല്‍ പണപ്പെരുപ്പം എത്രയാണെന്ന് വ്യക്തമാക്കുന്നില്ലെന്ന് നാഷ്ണല്‍ സ്റ്റാസ്റ്റിക്‌സ് ഓഫിസും ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. മാര്‍ച്ചിലെ 8.76 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ റീട്ടെയ്ല്‍ ഭക്ഷ്യ പണപ്പെരുപ്പം ഏപ്രിലില്‍ 10.5 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

മൊത്തവില പണപ്പെരുപ്പം കണക്കാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനങ്ങള്‍ നടത്തുന്നത് മാര്‍ച്ച് 19 മുതല്‍ വിലക്കിയിരിക്കുകയാണ്. ഇന്ധന മേഖലയില്‍ ഏപ്രിലില്‍ 10.1 ശതമാനത്തിന്റെ മൊത്തവില പണച്ചുരുക്കമാണ് ഉണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ 1.76 ശതമാനത്തിന്റെ ഇടിവ് നേരിട്ട സ്ഥാനത്താണിത്. പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ മൊത്തവിലയില്‍ 0.79 ശതമാനത്തിന്റെ സങ്കോചം ഉണ്ടായി. മാര്‍ച്ചില്‍ 3.72 ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിത്.

Comments

comments

Categories: FK News