ചെറുകിട വ്യവസായ മേഖലയ്ക്ക് ആശ്വാസം

ചെറുകിട വ്യവസായ മേഖലയ്ക്ക് ആശ്വാസം

സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയ്ക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കോവിഡ് സമാശ്വാസ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ ആശ്വാസകരമാണ്, പ്രത്യേകിച്ചും ലക്ഷക്കണക്കിന് സംരംഭങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍.

മൂന്ന് ലക്ഷം കോടി രൂപയുടെ സമഗ്ര സാമ്പത്തിക പാക്കേജാണ് എംഎസ്എംഇ മേഖലയ്ക്കായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 11 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന, ദേശീയ ഉല്‍പ്പാദനത്തിലേക്ക് 33 ശതമാനം സംഭവാന ചെയ്യുന്നു, മൊത്തം കയറ്റുമതിയുടെ 40 ശതമാനം വഹിക്കുന്ന എംഎസ്എംഇ മേഖല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അതിനിര്‍ണായകമായ ഭാഗമാണ്. ഈ പ്രധാന്യം മനസിലാക്കിയുള്ള നടപടികളാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൊത്തം മൂന്നു ലക്ഷം കോടി രൂപ ജാമ്യമില്ലാ വായ്പയായി നല്‍കുമെന്നത് ഏറെ ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടിയോടെ വായ്പ ലഭ്യമാക്കുമെന്നത് സ്വാഗതം ചെയ്യപ്പെടേണ്ട പ്രഖ്യാപനമാണ്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ഒരു കോടി രൂപ വരെ നിക്ഷേപവും അഞ്ച് കോടി രൂപ വിറ്റുവരവുമുള്ള സംരംഭങ്ങളാണ് ഇനി സൂക്ഷ്മ വിഭാഗത്തില്‍ വരുക. 10 കോടി രൂപയുടെ നിക്ഷേപവും 50 കോടി രൂപ വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ചെറുകിട വിഭാഗത്തില്‍ വരും.

20 കോടി രൂപയുടെ നിക്ഷേപവും 100 കോടി രൂപ വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ഇടത്തരം വിഭാഗത്തില്‍ ഉള്‍പ്പെടും. 100 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നാല് മാസത്തെ മൊറട്ടോറിയവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൂട്ടി നല്‍കാന്‍ തയാറായാല്‍ സംരംഭങ്ങള്‍ക്ക് ഏറെ സഹായകമാകും.

ബുദ്ധിമുട്ടനുഭവിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതികള്‍, ഫണ്ടുകളുടെ ഫണ്ട് എന്നിവയെല്ലാം അങ്ങേയറ്റം സഹായകമാണെന്ന് വിദഗ്ധര്‍ അഭിപ്രയാപ്പെടുന്നത്. 200 കോടി രൂപ വരേയുള്ള സര്‍ക്കാര്‍ സംഭരണത്തിന് ആഗോള ടെന്‍ഡര്‍ വേണ്ടെന്നു വെച്ചത് ചെറുകിട സംരംഭങ്ങള്‍ക്കെന്ന പോലെ ‘ഇന്ത്യയില്‍ നിര്‍മിക്കൂ’ പദ്ധതികള്‍ക്കും ഉപകരിക്കും. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഈ സാമ്പത്തിക പാക്കേജിന്റെ ഒരു പ്രധാന ഗുണം അവയൊന്നും തന്നെ സര്‍ക്കാര്‍ ഖജനാവിന് ഒരു പരിധിയലധികം ബാധ്യതയേല്‍പിക്കുന്നില്ല എന്നതാണ്. സര്‍ക്കാര്‍ ഇവയ്ക്കു വായ്പാ ജാമ്യം മാത്രമേ നല്‍കുന്നുള്ളു എന്നതാണ് കാരണം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പണലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് എന്നത് ഈ പ്രതിസന്ധിക്കാലത്ത് ആശ്വാസകരമാണ്. ഏകദേശം 1,75,000 ചെറുകിട സംരംഭങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഇവര്‍ക്ക് ഏകദേശം 20,000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ കാലയളവ് നീട്ടിയതോടു കൂടിയാണ് ഇവര്‍ കൂടുതല്‍ ദുരിതത്തിലായത്. ഈ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനനമാരംഭിക്കുമ്പോള്‍ ഇവര്‍ക്ക് ആവശ്യത്തിന് പണലഭ്യത ഉണ്ടാകേണ്ടത് സമൂഹത്തിന്റെ അതിജീവനത്തിന് കൂടി അനിവാര്യമാണ്.

Categories: Editorial, Slider