പോര്‍ഷ ഫാക്റ്ററി കളക്ഷന്‍ സമ്പ്രദായത്തിന് എഴുപതാണ്ട്

പോര്‍ഷ ഫാക്റ്ററി കളക്ഷന്‍ സമ്പ്രദായത്തിന് എഴുപതാണ്ട്

ഫാക്റ്ററിയില്‍നിന്ന് കാര്‍ ഡെലിവറി ചെയ്യുന്ന രീതി 1950 മെയ് 26 നാണ് തുടങ്ങിയത്

സ്റ്റുട്ട്ഗാര്‍ട്ട്: നേരെ ഫാക്റ്ററിയില്‍ പോയി പുതിയ കാറിന്റെ ഡെലിവറി സ്വീകരിക്കുന്നത് സങ്കല്‍പ്പിച്ചുനോക്കൂ. അതൊരു പോര്‍ഷ കാര്‍ കൂടിയാണെങ്കിലോ ? എങ്കില്‍ അതൊരു പ്രത്യേക അനുഭവമായിരിക്കും. ഫാക്റ്ററിയില്‍നിന്ന് കാര്‍ ഡെലിവറി ചെയ്യുന്ന സമ്പ്രദായം പോര്‍ഷ ആരംഭിച്ചിട്ട് 70 വര്‍ഷം പിന്നിടുന്നു. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ സൂഫിന്‍ഹൗസിന്‍ ഫാക്റ്ററിയില്‍നിന്നാണ് കാറുകള്‍ ഡെലിവറി ചെയ്യുന്നത്.

ഏഴ് പതിറ്റാണ്ട് മുമ്പ് 1950 മെയ് 26 നാണ് ഇത്തരമൊരു പരീക്ഷണത്തിന് പോര്‍ഷ തുടക്കം കുറിച്ചത്. പുതിയൊരു ഉപയോക്താവ് സൂഫിന്‍ഹൗസിന്‍ ഫാക്റ്ററിയില്‍നിന്ന് പോര്‍ഷ കാര്‍ ഏറ്റുവാങ്ങുകയായിരുന്നു. ഫാക്റ്ററിയില്‍നിന്ന് കാര്‍ നേരിട്ട് സ്വീകരിക്കുന്നതിലൂടെ ജര്‍മന്‍ ബ്രാന്‍ഡിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞു. എഴുപതാം വര്‍ഷത്തില്‍ ഈ പ്ലാന്റില്‍ വിശേഷപ്പെട്ടൊരു കാര്‍ കൂടി പിറവിയെടുക്കുകയാണ്. ടൈകാന്‍ എന്ന പോര്‍ഷയുടെ ആദ്യ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍. ഫാക്റ്ററി കളക്ഷന്‍ പദ്ധതിയിലൂടെ ഇപ്പോള്‍ ടൈകാന്‍ കൂടി സ്വന്തമാക്കാന്‍ കഴിയും.

പുതിയ കാര്‍ ഏറ്റുവാങ്ങാനെത്തുന്ന ഇരുപതോളം ഉപയോക്താക്കളെയാണ് ദിവസേന സൂഫിന്‍ഹൗസിന്‍ പ്ലാന്റില്‍ പോര്‍ഷ അധികൃതര്‍ സ്വീകരിക്കുന്നത്. ഫാക്റ്ററി കളക്ഷന്‍, പേഴ്‌സണലൈസേഷന്‍ മേധാവി തോബിയസ് ഡോണെവര്‍ട്ടും സംഘവുമാണ് ഇവരെ വരവേല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ 2,500 ഓളം പേരാണ് പോര്‍ഷയുടെ ഫാക്റ്ററി കളക്ഷന്‍ സൗകര്യം ഉപയോഗപ്പെടുത്തിയത്. കൂടാതെ പോര്‍ഷയുടെ ലൈപ്‌സിഗ് പ്ലാന്റ് മൂവായിരത്തോളം പേര്‍ സന്ദര്‍ശിച്ചു.

ഉപയോക്താവ് പോര്‍ഷ ഫാക്റ്ററിയില്‍ വരുമ്പോള്‍ മാത്രമാണ് താന്‍ പേഴ്‌സണലൈസ് ചെയ്ത കാര്‍ നേരിട്ട് കാണുന്നത്. ഇതിനുമുമ്പ് പോര്‍ഷ സെന്ററില്‍ നിന്നോ ‘പോര്‍ഷ എക്‌സ്‌ക്ലുസീവ് മാനുഫാക്ച്ചര്‍’ വിഭാഗത്തിലെ വിദഗ്ധന്റെ സഹായത്തോടെയോ ആണ് ഉപയോക്താവ് താന്‍ തെരഞ്ഞെടുത്ത കാര്‍ വ്യക്തിപരമാക്കുന്നത്. കളര്‍ കോംബിനേഷനുകളും ഫോട്ടോകളും മാത്രമാണ് ഈ സമയത്ത് കാണുന്നത്.

Comments

comments

Categories: Auto