ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ 30% വില്‍പ്പന തിരികെപിടിച്ചു

ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ 30% വില്‍പ്പന തിരികെപിടിച്ചു

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ലോക്ക്ഡൗണിനു ശേഷം ഉപഭോക്തൃ സ്വഭാവം എങ്ങനെ മാറുമെന്നും ഏത് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍പ്പനയില്‍ കുതിച്ചുചാട്ടം പ്രകടമാക്കുമെന്നും തിരിച്ചറിയുന്നതിനുള്ള ശ്രമത്തിലാണ് വ്യാവസായിക ലോകം. മേയ് 4ന് ആരംഭിച്ച ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ചില ഇളവുകളെല്ലാം ഉണ്ടെങ്കിലും പുറത്തുപോയി സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ സാധ്യമായത്ര ഓണ്‍ലൈനില്‍ തന്നെ വാങ്ങുന്നതിനാണ് ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം താല്‍പ്പര്യം കാണിക്കുന്നത്. ഓണ്‍ലൈന്‍ വില്‍പ്പനയിലെ തിരിച്ചുവരവ് കൂടുതല്‍ വേഗത്തിലാകുമെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലോക്ക്ഡൗണ്‍ 3.0ന്റെ ആദ്യ ആഴ്ചയില്‍ ഇ-കൊമേഴ്‌സ് മേഖല വീണ്ടെടുക്കലിന്റെ മികച്ച സൂചനകള്‍ നല്‍കി. ലോക്ക്ഡൗണിന് മുന്‍പുണ്ടായിരുന്ന വില്‍പ്പന അളവിന്റെ 30 ശതമാനത്തിലേക്ക് മൊത്തം ഇ-കൊമേഴ്‌സ് വില്‍പ്പന എത്തി. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. 40 ശതമാനത്തിലധികം ഇ-കൊമേഴ്‌സ് വില്‍പ്പനയും വന്‍നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. ഇവയില്‍ പലരും റെഡ്‌സോണില്‍ തുടരുന്നതിനാല്‍ പൂര്‍ണ തോതിലുള്ള തിരിച്ചുവരവിന് ഇനിയും സമയമെടുക്കും.

ഇ-കൊമേഴ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാസ്(സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്) പ്ലാറ്റ്‌ഫോം ദാതാവ് യൂണികോമേഴ്‌സാണ് ലോക്ക്ഡൗണ്‍ 3.0 ഘട്ടത്തില്‍ ഇകൊമേഴ്‌സ് മേഖലയുടെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, ആക്‌സസറികള്‍ എന്നിവ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഫാഷന്‍ മേഖലയ്ക്ക് കൊറോണ വൈറസ് മഹാമാരി മൂലം വലിയ തിരിച്ചടി നേരിട്ടത്. ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വില്‍പ്പനയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഈ മേഖല. ലോക്ക്ഡൗണ്‍ 3.0 ന്റെ ആദ്യ ഏഴു ദിവസങ്ങളില്‍, ഈ മേഖല ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്ന വില്‍പ്പന അളവിന്റെ 30 ശതമാനം വീണ്ടെടുത്തു.
ലോക്ക്ഡൗണ്‍ 3.0 ന്റെ ആദ്യ ആഴ്ചയില്‍ 35 ശതമാനം വീണ്ടെടുക്കലാണ് ഇലക്ട്രോണിക് വീട്ടുപകരണങ്ങളുടെ ഓര്‍ഡര്‍ അളവില്‍ ഉണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ ലോക്ക്ഡ റീംി ണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി ഓര്‍ഡര്‍ വലുപ്പത്തില്‍ 5-7 ശതമാനം വര്‍ധന കാണുന്നു എന്നതും ശ്രദ്ധേയമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മരുന്നുകളുടെയും പലചരക്കുകളുടെയും ഓണ്‍ലൈന്‍ വില്‍പ്പന ലോക്ക്ഡൗണിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും 100 ശതമാനത്തിന് മുകളിലുള്ള വലിയ വളര്‍ച്ചയാണ് നേടിയത്. ശരാശരി ഓര്‍ഡര്‍ വലുപ്പത്തില്‍ 20 ശതമാനം വര്‍ധനയും ഉണ്ടായി. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഈ വിഭാഗങ്ങളിലെ ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ എണ്ണം കാര്യമായി ഉയര്‍ന്നിട്ടില്ല. ഓര്‍ഡറുകളുടെ ശരാശരി വലുപ്പത്തില്‍ 7-8 ശതമാനം വളര്‍ച്ചയുണ്ടായി. ആളുകള്‍ വലിയ തോതില്‍ മരുന്നുകളും പലചരക്ക് ഉല്‍പ്പന്നങ്ങളും ശേഖരിച്ച് വെക്കുന്നുവെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വലിയ വളര്‍ച്ചാ സാധ്യതയാണ് ഈ മേഖലകള്‍ക്കുള്ളത്.

Comments

comments

Categories: Business & Economy
Tags: online sale