ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തും

ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തും

ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തികഘടന വളരെ കരുത്തുറ്റതാണ്

-കെ എല്‍ മോഹനവര്‍മ, സാമ്പത്തിക നിരീക്ഷകന്‍, എഴുത്തുകാരന്‍

പട്ടിണികൊണ്ട് 22 ലക്ഷം പേര്‍ 1943-44 കാലത്ത് ബംഗാളില്‍ മരിച്ചിരുന്നു, ബംഗാള്‍ ക്ഷാമം. പടിഞ്ഞാറേ ഇന്ത്യയില്‍ വിഭജനകാലത്ത് 19-20 ലക്ഷം ആളുകള്‍ മരിച്ചു. ആരെങ്കിലും അവരെ ഓര്‍ക്കുന്നുണ്ടോ? ഇല്ല. ഇത് പക്ഷേ അങ്ങനെയല്ല. മനുഷ്യര്‍ തമ്മിലുള്ള പോരാട്ടത്തിലോ മനുഷ്യര്‍ കാരണമോ അല്ല ഈ മരണങ്ങള്‍. കൊറോണയെ നേരിടാന്‍ ഉള്ള മരുന്നുകളോ ആശയങ്ങളോ ആര്‍ക്കും ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. പക്ഷേ ശാസ്ത്രലോകം അത് തീര്‍ച്ചയായും കണ്ടെത്തും. ഇതും സാധാരണ അസുഖം പോലെയാകും.

ഇന്ത്യ, കരുത്തുറ്റ രാഷ്ട്രം

ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തികഘടന വളരെ കരുത്തുറ്റതാണ്. ഒരുകാര്യം 100 ശതമാനം ഉറപ്പാണ്, ഈ നൂറ്റാണ്ടില്‍ ചൈനയോടൊപ്പം ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയും ഉണ്ടാവും. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഉല്‍പ്പാദന കേന്ദ്രങ്ങളും ഉപഭോഗ കേന്ദ്രങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്.

സാമാന്യബോധം നഷ്ടപ്പെടുന്ന ജനത

നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന് വിളിക്കുന്നവരുടെ ആരുടെയെയെങ്കിലും ഗ്രാമങ്ങളില്‍ പോയിട്ടുണ്ടോ? അവര്‍ മടങ്ങിപ്പോകുന്നതിന്റെ ആധി മാത്രമേ എല്ലാവരും പ്രകടിപ്പിക്കുന്നുള്ളൂ. ഡെല്‍ഹിയിലെ ഒന്നോ രണ്ടോ കോളേജുകള്‍ മാത്രമല്ല ഇന്ത്യ. നമ്മള്‍ വിമാനങ്ങളുടെയും രാജധാനി ട്രെയിനുകളുടെയും കാര്യവും അതില്‍ വരുന്നവരുടെ സൗകര്യങ്ങളെയും കുറിച്ച് പറയുന്നു. ഝാര്‍ഘണ്ഡുകാരും ഛത്തീസ്ഗഢുകാരും നടന്ന് പോകാന്‍ ശ്രമിക്കുകയാണ്. നമ്മള്‍ അത് ശ്രദ്ധിക്കുന്നില്ല. സാമാന്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പാവപ്പെട്ടവരെക്കുറിച്ച് ആരും എഴുതുന്നില്ലെന്നതാണ് വാസ്തവം. പാവപ്പെട്ടവരുടെ വിഷമതകള്‍ കൃത്യമായി അറിയാവുന്ന ആളാണ് നരേന്ദ്രമോദി. അദ്ദേഹം താഴെക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന ആളാണ്. അതേപോലെതന്നെ പിണറായി വിജയനും. ഈ സംവിധാനത്തിനെതിരെ അവര്‍ പരമാവധി പരിശ്രമിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ അതില്‍ വിജയിക്കുമെന്നും ഞാന്‍ ഉറപ്പ് പറയുന്നു.

പുനര്‍വിചിന്തനത്തിനുള്ള സമയം

ഒരുകണക്കിന് ഇന്ത്യക്ക് ഒരു റിവൈവല്‍ ഉണ്ടാവാനുള്ള ഏറ്റവും വലിയ സന്ദര്‍ഭമാണ് ദൈവം കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ നമുക്ക് അമ്പലം വേണ്ട, ആശുപത്രികള്‍ വേണ്ട, വിദ്യാഭ്യാസ സ്ഥാപനവും വേണ്ട, പത്രങ്ങളും വേണ്ട. ഇത് നല്ലൊരു അനുഭവം ആണ്. നമ്മളെ പോലുള്ളവര്‍ തിരിച്ചു നമ്മുടെ ആ പഴയ ഗമയിലേക്ക് വരാന്‍ സമ്മതിക്കരുത് ദൈവമേ എന്നതാണ് ഒരു പ്രാര്‍ത്ഥന. പാവപ്പെട്ടവരെ കുറിച്ച് എഴുതാന്‍ മാധ്യമങ്ങളില്‍ ഉള്ളവര്‍ക്ക് ധൈര്യം വരണം, സൗകര്യം വരണം. അത് കൊറോണ ഉറപ്പാക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

Categories: FK Special, Slider
Tags: business