ആഗോള സാമ്പത്തിക പ്രതിസന്ധിയും വീണ്ടെടുക്കല്‍ സാധ്യതകളും

ആഗോള സാമ്പത്തിക പ്രതിസന്ധിയും വീണ്ടെടുക്കല്‍ സാധ്യതകളും

കോവിഡ്-19 സൃഷ്ടിച്ച അനിതരസാധാരണമായ പ്രതിസന്ധി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്നു. ഇത്തരം ചെറുതും വലുതുമായ വിപത്തുകള്‍ മുന്‍കാലങ്ങളില്‍ നേരിട്ടപ്പോഴെല്ലാം നിക്ഷേപവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിലൂടെ അത് തരണം ചെയ്യുന്നതിലായിരുന്നു ലോകം ഊന്നല്‍ നല്‍കിയത്. എന്നാല്‍ കോവിഡ്-19 ന് ശേഷം പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള വളര്‍ച്ചയാണ് വേണ്ടത്. ആ വളര്‍ച്ചയുടെ ഉറവിടങ്ങള്‍ക്ക് അനുയോജ്യമായ ഗവേഷണത്തിനാണ് കോവിഡ് അനന്തര ലോകത്ത് പ്രാധാന്യം

ജപമാലൈ വിനഞ്ചിയരാച്ചി

ജപമാലൈ വിനഞ്ചിയരാച്ചി

കോവിഡ്-19 നിവാരണം ചെയ്യുന്നതിനുള്ള ഫലപ്രദ മാര്‍ഗമായ സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ലോകരാജ്യങ്ങള്‍ ലോക്ഡൗണിലായതിനാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുന്നത് ഇതാദ്യമായല്ല. 20-21 നൂറ്റാണ്ടുകളില്‍ പലപ്പോഴായി സാമ്പത്തികരംഗത്ത് ഉണ്ടായ പതിനെട്ട് ഉലച്ചിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും മാന്ദ്യത്തിനും കാരണമായി. എങ്കിലും ഓരോ തവണയും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ആഗോള സാമ്പത്തികരംഗം ഉയിര്‍ത്തെഴുന്നേറ്റത്. അതിനാല്‍ ചരിത്രത്തിലെ ഇടപെടലുകളെ മാതൃകയാക്കി വേണം നാം മുന്നോട്ട് പോകാന്‍. മുന്‍കാലങ്ങളില്‍, നിക്ഷേപവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിലായിരുന്നു ഊന്നല്‍. എന്നാല്‍ കോവിഡ്-19 ന് ശേഷം പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള വളര്‍ച്ചയാണ് വേണ്ടത്. ആ വളര്‍ച്ചയുടെ ഉറവിടങ്ങള്‍ക്ക് അനുയോജ്യമായ ഗവേഷണത്തിനാണ് കോവിഡ് അനന്തര ലോകത്ത് പ്രാധാന്യം.

നിലവിലെ ആഗോള സാമ്പത്തിക പശ്ചാത്തലം ജീവിതം, ഉപജീവനമാര്‍ഗം, ജീവിത ശൈലി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളിലെ ഗവണ്‍മെന്റുകളുടെ പ്രഥമ ദൗത്യം ജീവന്‍ രക്ഷിക്കുക എന്നതാണ്. വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തില്‍ അതിവേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലി, പുതിയ ഉല്‍പ്പാദന-വിപണന രീതികള്‍, മാറുന്ന തൊഴില്‍ സമ്പ്രദായങ്ങള്‍ എന്നിവയെ ഉള്‍ക്കൊണ്ടുകൊണ്ട് സുസ്ഥിരമായ ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ ഒരു നവസാധാരണത്വത്തിലേക്കാണ് (New Normal) നമ്മെ നയിക്കുന്നത്. കോവിഡ് അനന്തരകാലത്ത് ലോകത്തിന്റെ ഈ പുതിയ മാറ്റം ‘V, U, W’ എന്നീ രൂപത്തിലാകാനിടയുണ്ട്. അത് ഉള്‍ക്കൊള്ളാന്‍ ലോകജനത തയ്യാറെടുക്കേണ്ടതുണ്ട്.

തിരിച്ചു വരവ് ‘V, U, W’ രൂപത്തില്‍

നിവാരണ-പ്രതിരോധ മാര്‍ഗങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നിലവിലെ പ്രതിസന്ധി മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ആരോഗ്യരംഗത്തെ പ്രതിസന്ധി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നത് വെല്ലുവിളികള്‍ ഇരട്ടിപ്പിക്കുന്നു. തന്മൂലമുണ്ടായ ആഗോളരംഗത്തെ ഇപ്പോഴത്തെ സ്തംഭനം എത്രകാലം നീണ്ടുനില്‍ക്കും എന്നത് കോവിഡ്-19 വൈറസിന്റെ സമ്പൂര്‍ണ നിവാരണത്തെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിനായി അതിവേഗ നിക്ഷേപം (Pump Priming), പ്രത്യേക സഹായ പാക്കേജുകള്‍ മുതലായ ഇടപെടലുകള്‍ അനിവാര്യമാണ്.

ഉല്‍പ്പാദനത്തിലെ ഗണ്യമായ ഇടിവ്, കുത്തനെ ഉയരുന്ന തൊഴിലില്ലായ്മ നിരക്ക്, കയറ്റുമതി-ഇറക്കുമതിയില്‍ വരുന്ന കുറവ്, കര്‍ശന നിയന്ത്രണത്താല്‍ ഗതാഗതം നിലയ്ക്കുന്നത് എല്ലാം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങളാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയെപ്പറ്റിയുള്ള വളര്‍ച്ചാ പ്രവചനങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. നിലവിലെ അസാധാരണമായ ജീവിത രീതിയില്‍ നിന്നും സമൂഹം തികച്ചും അപരിചിതമായ, വളര്‍ന്നു വരുന്ന നവസാധാരണത്വത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സമ്പദ് വ്യവ്യസ്ഥയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യവുമല്ല. നവസാധാരണ രീതികള്‍ തികച്ചും വ്യത്യസ്തമായ ജീവിതരീതി, പുതിയ ഉല്‍പ്പാദന വിപണന രീതി എന്നിവയിലേക്ക് നയിച്ചേക്കാം.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് V (V shaped recovery) അല്ലെങ്കില്‍ U (U shaped recovery) അല്ലെങ്കില്‍ W (W shaped recovery) എന്നീ മൂന്നുരീതിയില്‍ സംഭവിക്കാം. V ആകൃതിയിലുള്ള വീണ്ടെടുക്കല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ ഇടിവുണ്ടാക്കുകയും പിന്നീട് എല്ലാ മേഖലകളിലുമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കുകയും ചെയ്യുന്നു. അതായത് വലിയൊരു ഇടിവില്‍ നിന്നും സത്വരമായ ഉയര്‍ച്ചയിലേക്ക്. അല്‍പ്പംകൂടി ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് U ആകൃതിയിലുള്ള തിരിച്ചു വരവ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഉയര്‍ച്ചയിലേക്കുള്ള ക്രമപരമായ മാറ്റം കാരണം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ചാ നിരക്ക് പ്രകടമാകുന്നത് ഏതാനും പാദവാര്‍ഷികങ്ങള്‍ക്ക് ശേഷമായിരിക്കും. കോവിഡ് വൈറസിന്റെ ആവര്‍ത്തനവും വ്യാപനവും തടയാന്‍ ഈ രീതിയില്‍ മുന്നോട്ടു പോകേണ്ടി വരും. എന്നാല്‍ കോവിഡ് വൈറസിന്റെ ആവര്‍ത്തനം ഒരുപക്ഷെ W ആകൃതിയിലുള്ള തിരിച്ചുവരവിന് കാരണമാകാം. നിര്‍ബന്ധമായും സ്വയം പാലിക്കേണ്ട സാമൂഹിക അകലം, കൃത്യമായി നടപ്പിലാക്കപ്പെടുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എന്നിവ വീണ്ടെടുക്കലുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്നു. വൈറസിന്റെ ആവര്‍ത്തനത്തെ പ്രതിരോധിക്കാനും ഒരുപക്ഷേ വൈറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പോലും ആ ജീവിതരീതിയോട് പൊരുത്തപ്പെടാനും സാധിച്ചേക്കും.

കോവിഡ്-19 ല്‍ നിന്ന് മുക്തമായ ഗ്രീന്‍ സോണുകള്‍ ആയിരിക്കും ഇനിയുള്ള വളര്‍ച്ചയുടെ ധ്രുവങ്ങള്‍. ഇത്തരം കേന്ദ്രങ്ങളില്‍ വാണിജ്യ, സാങ്കേതിക, നയപരമായ വികസനങ്ങള്‍ നടപ്പാക്കുന്നത് നവസാധാരണ കാലത്തെ നിര്‍മാണ വിപണനരീതികള്‍ സുഗമമാക്കുന്നതിനും അതുവഴി മറ്റു സോണുകളിലേക്കും ഈ വളര്‍ച്ച വ്യാപിപ്പിക്കുന്നതിന് സഹായകമാവും.

ചരിത്രത്തില്‍ നിന്നും ഭാവിയിലേക്കുള്ള പാഠങ്ങള്‍

മുന്‍കാല അനുഭവങ്ങളില്‍ നിന്നും കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത് വളരെ നിര്‍ണായകമാണ്. 1930 കളിലെ മഹാമാന്ദ്യത്തിനിടയില്‍, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയുള്ള ഉറവിടങ്ങളായി ഫലപ്രദമായ ആവശ്യകതയെ (effective demand) ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പമ്പ് പ്രൈമിംഗ് ഇടപെടല്‍. ആദ്യത്തെ ഓയില്‍ ഷോക്കിന് ശേഷം ഇന്ധന ഉപയോഗത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ. 1990 കളുടെ അവസാനത്തിലെ കിഴക്കനേഷ്യന്‍ സാമ്പത്തിക പ്രതിസന്ധി, സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലിന്റെ പങ്ക് വെളിപ്പെടുത്തി. 2000 ലെ ഡോട്ട് കോം പ്രതിസന്ധി ഡോട്ട് കോം കുമിളയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ഊഹക്കച്ചവടങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത സൃഷ്ടിച്ചു. 2007-08 കാലത്തെ സാമ്പത്തിക പ്രതിസന്ധി വിപണി ശക്തികള്‍, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നീ നവലിബറല്‍ ആശയങ്ങളിലുള്ള നമ്മുടെ അമിതമായ വിശ്വാസം ചൂണ്ടിക്കാണിച്ചു. കമ്പോള ശക്തികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയാല്‍ സ്വകാര്യ മേഖലയ്ക്ക് പരാജയം സംഭവിക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ കൃത്യമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും അനുഭവത്തില്‍ തെളിഞ്ഞു. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കര്‍ശനമായ നിയന്ത്രണ ചട്ടക്കൂടിന്റെ ആവശ്യകത തിരിച്ചറിഞ്ഞതും ഈ ഘട്ടത്തിലാണ്. ഇതുവരെ, ശ്രദ്ധ കേന്ദ്രീകരിച്ചത് ഉപഭോഗത്തെയും നിക്ഷേപത്തെയും ഉത്തേജിപ്പിക്കുന്നതിലായിരുന്നു. എന്നാല്‍ പുതിയ ലോകത്തോട് പൊരുത്തപ്പെടാന്‍ ഗവേഷണത്തെയും നൂതനതകളെയും ഉത്തേജിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസന പ്രക്രിയയുടെ പുതിയ ഗതിയില്‍ സാങ്കേതികവിദ്യകള്‍ ഒരു പ്രധാന പങ്ക് വഹിക്കും. നൂതന ഡിജിറ്റലൈസ്ഡ് പ്രൊഡക്ഷന്‍ സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, അഡിക്റ്റീവ് മാനുഫാക്ചറിംഗ്, ബിഗ് ഡാറ്റ മാനേജ്‌മെന്റ്, ക്ലൗഡ് കംപ്യൂട്ടിംഗ്, 3-ഡി പ്രിന്റര്‍, ഇലക്ട്രോമൊബിലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഇന്റര്‍നെറ്റ് ഓഫ് സര്‍വീസസ്, ഇന്റര്‍നെറ്റ് ഓഫ് എനര്‍ജി തുടങ്ങിയവ ആ സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെടുന്നു.

വീണ്ടെടുക്കല്‍ സാധ്യതകള്‍

കോവിഡ് 19-ന് ശേഷമുള്ള വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയും. സാങ്കേതികവിദ്യയുടെ വളര്‍ച്ച പുതിയ വികസന സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കും. വെര്‍ച്വല്‍ ലോകത്തിലെ പുതിയ കണ്ടെത്തലുകള്‍, മൂല്യനിര്‍മ്മാണ ശൃംഖല എന്നിവ ഭാവിയിലെ വികസന യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ട്. ആ മാറ്റത്തെ നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും വെര്‍ച്വല്‍ ലോക രാജ്യങ്ങളില്‍ പുതിയ അറിവ് വാണിജ്യവല്‍ക്കരിക്കുന്നതിനുമുള്ള മെച്ചപ്പെട്ട അഡാപ്റ്റീവ് കഴിവുകള്‍ ഉപയോഗിച്ച് വളര്‍ച്ച, വികസനം, എന്നിവയുടെ നവസാധാരണഘട്ടത്തില്‍ ദ്രുതഗതിയിലുള്ള സാമ്പത്തിക പരിവര്‍ത്തനം സാധ്യമാകും. എല്ലാ ഉല്‍പ്പാദന മേഖലകളിലെയും സേവന പ്രവര്‍ത്തനങ്ങളിലെയും ഉയര്‍ന്നുവരുന്ന പ്രവണതകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണമായ പ്രക്രിയയാണ് വികസനം. ഓരോ സാമ്പത്തിക പ്രതിസന്ധിയും ആഗോള സമ്പദ്‌വ്യവസ്ഥ അനുഭവിക്കുന്ന ഓരോ പ്രതിസന്ധിക്കും മുമ്പുള്ളതിനേക്കാള്‍ മികച്ചത് ചെയ്യാനുള്ള അവസരമായിരുന്നു. പ്രതിസന്ധികളെ അവസരങ്ങളായും അവസരങ്ങളെ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള സുസ്ഥിര ഉറവിടങ്ങളാക്കി മാറ്റുന്നതിനുള്ള പരിശ്രമം എത്രത്തോളം വിജയിക്കുമെന്നത് ഈ മാറ്റങ്ങളോടുള്ള നമ്മുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും. മുന്‍കാലങ്ങളില്‍ ഗവണ്‍മെന്റുകളും ജനങ്ങളും ഈ പ്രക്രിയ കണ്ടെത്തിയതുപോലെ, കോവിഡ് 19-സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യുന്നതിനും സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി പുതിയ ജീവിതശൈലിയിലേക്ക് ചേക്കേറുന്ന പ്രക്രിയ അവര്‍ കണ്ടെത്തും. കഴിഞ്ഞദിവസം പ്രധാനമന്ത്രി പ്രഖാപിച്ച പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ ഇന്ത്യ ഒരു നവ സാമ്പത്തിക മാതൃകയായിരിക്കും ലോകത്തിനുമുമ്പില്‍ പ്രാവര്‍ത്തികമാക്കുക.

(ലോക പ്രശസ്ത വികസന സാമ്പത്തിക വിദഗ്ദ്ധനായ ലേഖകന്‍ ഐക്യരാഷ്ട്ര സഭയുടെ വ്യാവസായിക വികസന സംഘടനയായ യുനിഡോയുടെ മുന്‍ മുഖ്യ ഉപദേഷ്ടാവും ആയിരുന്നു)

Categories: FK Special, Slider