ലോക്ക്ഡൗണ്‍ കാലത്ത് പച്ചപിടിക്കുന്ന വാട്‌സാപ്പ് ബിസിനസ്

ലോക്ക്ഡൗണ്‍ കാലത്ത് പച്ചപിടിക്കുന്ന വാട്‌സാപ്പ് ബിസിനസ്

ആവശ്യങ്ങളാണല്ലോ കണ്ടുപിടുത്തങ്ങളുടെ മാതാവ്. സാമൂഹ്യമാധ്യമങ്ങളെ സംരംഭകരംഗത്ത് എങ്ങനെ വിനിയോഗിക്കാമെന്ന് മലയാളി പഠിച്ച ലോക്ക്ഡൗണ്‍ കാലമാണ് കടന്നുപോകുന്നത്. വ്യാപാരങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്ന ലോക്ക്ഡൗണിന്റെ തുടക്കകാലത്താണ് വാട്‌സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളെ സംരംഭങ്ങള്‍ക്കായി ഉപയോഗിച്ച് തുടങ്ങിയതെങ്കിലും സംഗതി ജനകീയമായതോടെ കോവിഡാനന്തര കാലഘട്ടത്തിലും ഈ ട്രന്‍ഡ് തുടര്‍ന്നേയ്ക്കും. പ്രാദേശികമായി വാട്‌സാപ്പിനെ മാതൃകാപരമായി ഉപയോഗിക്കുന്ന രണ്ട് സംരംഭങ്ങളെ പരിചയപ്പെടാം.

സംരംഭകവളര്‍ച്ചയ്ക്ക് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ അതിനുമപ്പുറം സാമൂഹ്യ മാധ്യങ്ങളിലൂടെ സംരംഭങ്ങള്‍ നടത്തുകയാണ് ഇപ്പോഴത്തെ ട്രന്‍ഡ്. പ്രത്യേകിച്ച് ഷോപ്പുകളിലൂടെയുള്ള വ്യാപാരങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ള ലോക്ക്ഡൗണ്‍ കാലത്ത്.

ന്യൂജന്‍ മീന്‍കച്ചവടവുമായി ആനി

ചന്തകളില്‍ ആളുകള്‍ കൂടുന്നതിനും വീടുകളില്‍ മീന്‍ കൊണ്ടുനടന്ന് വില്‍ക്കുന്നതിനും പോലീസിന്റെ നിന്ത്രണങ്ങള്‍ വരുന്നതിന് മുമ്പെ അറുപതുകാരി ആനിയുടെ മീന്‍ കച്ചവടം വാട്‌സാപ്പിലൂടെ തന്നെ. വൈകുന്നേരങ്ങളില്‍ മകനോടൊപ്പം വഴിയോരത്ത് ചെറിയ തട്ടില്‍ മീന്‍ വിറ്റിരുന്ന ലാലൂരിലെ ഈ വിധവയായ വീട്ടമ്മ വാട്‌സാപ്പ് കച്ചവടത്തിലേയ്ക്ക് മാറിയതിന് പിന്നിലൊരു കഥയുണ്ട്.

കാലത്തിനനുസരിച്ച് സ്മാര്‍ട്ട് ഫോണിലെയ്ക്ക് അപ്‌ഗ്രേഡ് ചെയ്തതോ, സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിസിനസ് മാഗ്‌നറ്റായതോ ഒന്നുമല്ല ഈ പാവം സ്ത്രീ. ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ ജീവിതം സാങ്കേതികവിദ്യയുമായി കൂടിക്കുഴഞ്ഞുപോയതാണ്. എന്നാല്‍ ആ കുഴച്ചില്‍ ഈ ലോക്ക്ഡൗണ്‍ കാലത്തും ആനിയുടെ വളര്‍ച്ചയിലേയ്ക്കാണ് നയിക്കുന്നത്. മറ്റ് മീന്‍ക്കച്ചവടക്കാരും ഇന്ന് ആനിയുടെ വഴിയെ വാട്‌സാപ്പ് കച്ചവടത്തിലെയ്ക്ക് എത്തുന്നു.

10 വര്‍ഷമായി മീന്‍വില്‍ക്കുന്ന മകന് കേള്‍വിക്കുറവുണ്ട്. അതിനാല്‍ മീനിന് വില ചോദിക്കുമ്പോഴും വില്‍ക്കുമ്പോഴും തര്‍ക്കമുണ്ടാകും. ചോദിക്കുന്നത് ചൂരയുടെ വിലയായിരിക്കും. കേള്‍ക്കുന്നത് കോരയുടേതും. രണ്ടുവര്‍ഷംമുമ്പാണ് ആനി മകന്റെ കച്ചവടത്തിന് സഹായിക്കാനെത്തിയത്. സ്ഥിരമായി മീന്‍ വാങ്ങാനെത്തുന്നവരുടെ ഫോണ്‍നമ്പര്‍ ശേഖരിക്കുകയായിരുന്നു ആദ്യപടി. അന്നത്തെ പ്രധാന മീന്‍ ഇനവും വിലയും ഫോണില്‍ വിളിച്ചുപറയും. പിന്നീടാണ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് മാറിയത്.

കടപ്പുറങ്ങളില്‍ മകനൊപ്പം പോയി മീനെടുക്കും. അന്നത്തെ മീനിന്റെ ചിത്രവും വിലയും ഗ്രൂപ്പിലിടും. ഏതുമീന്‍ എത്രവേണമെന്ന് ആവശ്യക്കാര്‍ക്ക് ഗ്രൂപ്പിലിടാം. വൈകീട്ട് നാലുമുതല്‍ എട്ടുവരെ ആനിയും മകന്‍ അനുവും അയ്യന്തോളിലെ സിവില്‍ലെയ്ന്‍ ജങ്ഷനിലുണ്ടാകും. വാട്‌സാപ്പിലൂടെ ഓര്‍ഡര്‍ നല്‍കിയവരുടെ മീന്‍ വൃത്തിയാക്കി പൊതിഞ്ഞുവെക്കും. പെട്ടി ഓട്ടോറിക്ഷയും തട്ടും മാത്രമാണുള്ളതെങ്കിലും കടയ്ക്ക് പേരുണ്ട്. സ്വന്തമായി ഇട്ട പേരാണ്. ബോര്‍ഡ് ഒന്നുമില്ല -സിവില്‍ ലെയ്ന്‍ ഫ്രഷ് ഫിഷ്. പേരുപോലെ മീന്‍ ഫ്രഷാണ്. ദിവസം 60 കിലോഗ്രാമേ എടുക്കൂ. അത് മുഴുവന്‍ വില്‍ക്കും. എല്ലാവര്‍ക്കും ഒരേ വില. ബുക്ക് ചെയ്യാത്തവര്‍ക്കും മീന്‍കിട്ടും.

ഈ ലോക്ക്ഡൗണ്‍ കാലത്ത് കച്ചവടത്തിന് നിയന്ത്രണങ്ങള്‍ വന്നപ്പോഴും ആനിയുടെ മീന്‍കച്ചവടം നിയന്ത്രണങ്ങളില്ലാതെ നടന്നു. വാട്‌സാപ്പിലൂടെയുള്ള കച്ചവടത്തില്‍ ശാരീരിക അകലം ഒരു പ്രശ്‌നമല്ലല്ലോ. ജീവിതാനുഭവങ്ങള്‍ കാലത്തിന് മുമ്പെ നടത്തിച്ച ആനിയുടെ സിവില്‍ ലെയ്ന്‍ ഫ്രഷ് ഫിഷ ഇപ്പോഴും മുന്നില്‍ തന്നെയുണ്ട്, കച്ചവടത്തിലും ഗുണനിലവാരത്തിലും.

ഹിറ്റായി ഇക്കരപ്പച്ച

ഗ്രാമീണ ചന്തകള്‍ മുന്‍കാലങ്ങളില്‍ നമ്മുടെ ഗ്രാമങ്ങളുടെ മുഖമുദ്രയായിരുന്നു. അവയെ പുന:സൃഷ്ടിക്കുക എന്ന ഉദ്ദേശവുമായിട്ടാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മലയിന്‍കീഴ് യൂണിറ്റ് ഇക്കരപ്പച്ച എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രമായിട്ടാണ് അവര്‍ ഇക്കരപ്പച്ച എന്ന കൂട്ടായ്മയെ കണ്ടതെങ്കിലും അപ്പോഴേയ്ക്കും ലോക്ക്ഡൗണ്‍ വന്നെത്തി. വഴിയോര വിപണനങ്ങളും കൂട്ടംകൂടിയുള്ള കച്ചവടങ്ങളുമൊന്നും പാടില്ലെന്ന അവസ്ഥയുണ്ടായപ്പോള്‍ ഒരു ബദല്‍ ഓണ്‍ലൈന്‍ വിപണകേന്ദ്രമായി ഇക്കരപ്പച്ച മാറി. ഇന്ന് ഈ വാട്‌സാപ്പ് ഗ്രൂപ്പ് മലയിന്‍കീഴിലെ ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ആശ്രയകേന്ദ്രമായി.

ലോക് ഡൗണ്‍ കാലത്ത് 100 വീട്ടുകാര്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നതിനു പകരം രണ്ടു പേര്‍ മാത്രമായി ഇറങ്ങിയാലോ? പുറത്തുള്ള യാത്ര, അടുത്തുള്ള ഇടപഴകല്‍, പൊതുസ്ഥലത്തെ തിരക്ക് എന്നിവ ഒഴിവാക്കാമെന്ന് ചിന്തയിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലയിന്‍കീഴ് യൂണിറ്റ് സ്വാശ്രയ വിപണന കേന്ദ്രമായ ഇക്കരപ്പച്ച വീടുകളിലേക്ക് കടന്നു ചെന്നത്. പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികള്‍, മറ്റു ഭക്ഷ്യോല്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഇക്കരപ്പച്ച വാട്‌സാപ് ഗ്രൂപ്പില്‍ സൗകര്യമുണ്ട്. പരിഷത്തിന്റെ രണ്ട് പ്രവര്‍ത്തകര്‍ ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് വീടുകളില്‍ എത്തിക്കും. പച്ചക്കറി, മത്സ്യം, വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങള്‍, മാസ്‌ക് തുടങ്ങി എന്തും ഇതിലൂടെ വില്‍ക്കാം. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇക്കരപ്പച്ച എന്ന വിപണന കേന്ദ്രം ആരംഭിച്ചത്. മാസത്തിലെ രണ്ടാം ഞായറാഴ്ചയില്‍ സ്വാശ്രയ ഉല്‍പ്പന്നങ്ങളും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിപിസി ഉല്‍പ്പന്നങ്ങളും പ്രചരിപ്പിക്കാനുമാണ് വിപണനകേന്ദ്രം തുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലം വന്നപ്പോള്‍ ഈ വിപണനകേന്ദ്രം വീടുകളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി്.

വീട്ടുകാര്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍കൂടി എത്തിക്കാനായി മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുമായി സഹകരിച്ച് ‘അക്ഷര വാതില്‍’ പദ്ധതിയും ഇതിനോടൊപ്പമുണ്ട്. പരിഷത്ത് പ്രവര്‍ത്തകരായ ഷിബു എഎസ്, വേണു തോട്ടുംകര, സുരേഷ്, ഹരികൃഷ്ണന്‍, പ്രമോദ്, സജിത്ത് തുടങ്ങി നിരവധിപേര്‍ ഈ പ്രയത്‌നത്തിന് പിന്നിലുണ്ട്.

Categories: FK Special, Slider