ലാഭക്കണക്കുകളുമായി ധ്യാനേശ്വര്‍ മോഡല്‍ പോളിഹൗസ് ഫാമിംഗ്

ലാഭക്കണക്കുകളുമായി ധ്യാനേശ്വര്‍ മോഡല്‍ പോളിഹൗസ് ഫാമിംഗ്

കോവിഡിന് ശേഷം ഇനി എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായി പൂനെ സ്വദേശി ധ്യാനേശ്വര്‍ മുന്നോട്റ്റ് വയ്ക്കുന്നത് പോളിഹൗസ് ഫാമിംഗ് ആണ്. പരമ്പരാഗത കൃഷി രീതി മാറ്റി പോളിഹൗസ് ഫാമിംഗ് പരീക്ഷിച്ചതോടെ 400 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ധ്യാനേശ്വര്‍ നേടുന്നത്.

വിജയിക്കണം എന്ന ആഗ്രഹത്തോടെയാണ് നാം ഓരോരുത്തരും പുതിയ സംരംഭങ്ങളിലേക്ക് കാലെടുത്തു വയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും പരാജയം നേരിടേണ്ടി വരുന്നു. എന്താണ് സമൂഹത്തിനു ആവശ്യം എന്നറിഞ്ഞു പ്രവര്‍ത്തനമേഖല തെരെഞ്ഞെടുക്കാത്തതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. കോവിഡ് ഭീഷണി വിതയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുക, അടിസ്ഥാന ആവശ്യമായ ഭക്ഷണം , പാര്‍പ്പിടം എന്നിവ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം.ഈ അവസ്ഥയില്‍ മനുഷ്യന്റെ നിലനില്‍പ്പിനു ആധാരമായ ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനമാണ്. അതിനാലാണ് പോളിഹൗസ് ഫാമിംഗ് എന്ന രീതിക്ക് പ്രസക്തി വര്‍ധിക്കുന്നതും

കര്‍ഷക ആത്മഹത്യകള്‍ ദിനംപ്രതി എന്നവണ്ണം ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണ്. കാലാവസ്ഥ വ്യതിയാനം, രാസവള പ്രയോഗം , മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നത് തുടങ്ങി നിരവധി കാരണങ്ങള്‍ നിമിത്തം നിക്ഷേപിച്ച തുക തിരിച്ചു പിടിക്കാന്‍ കഴിയാതെ ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയാണ് ഇന്ത്യയിലെ കര്‍ഷകര്‍.കൃഷിയെ ആധാരമാക്കി നിലകൊള്ളുന്ന ഒരു സമ്പദ്വ്യവസ്ഥയുടെ ഭാഗമായിരുന്നിട്ടും കര്‍ഷകരെ വേണ്ട വിധത്തില്‍ സംരക്ഷിക്കുവാന്‍ നമുക്ക് സാധിക്കുന്നില്ല. കൃഷി കൊണ്ട് ഗുണം പിടിക്കില്ലെന്നും കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രമാണ് വിധിച്ചിരിക്കുന്നത് എന്നും പരിഭവം പറയുന്ന ആളുകള്‍ പൂനെ സ്വദേശിയായ ധ്യാനേശ്വര്‍ ബോഡെ എന്ന കര്‍ഷകനെ അടുത്തറിയണം.

പരമ്പരാഗത കൃഷി രീതി പിന്തുടര്‍ന്നിരുന്ന ധ്യാനേശ്വറിന്റെ കുടുംബത്തില്‍ ദാരിദ്യം തളംകെട്ടി നിന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് പരമ്പരാഗത കൃഷി രീതി മാറ്റി പോളിഹൗസ് ഫാമിംഗ് എന്ന ആധുനിക രീതി പരീക്ഷിച്ചതോടെ മാറ്റം പ്രകടമായി. ഇന്ന് 400 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ധ്യാനേശ്വര്‍ നേടുന്നത്.മാത്രമല്ല, അഭിനവ് ഫാര്‍മര്‍ ക്ലബ്ബ് എന്ന കൂട്ടായ്മയിലൂടെ തന്റെ നാട്ടിലെ വളര്‍ന്നു വരുന്ന കര്‍ഷകര്‍ക്ക് പോളിഹൗസ് ഫാമിംഗിന്റെ ഗുണഫലങ്ങള്‍ പകര്‍ന്നു കൊടുക്കുകയും അതിലൂടെ മികച്ച കാര്‍ഷിക സംസ്‌കാരത്തിന് ധ്യാനേശ്വര്‍ തുടക്കമിട്ടു.

ഒരു കാര്‍ഷിക സംസ്ഥാനമായി അറിയപ്പെട്ടിരുന്ന ഇന്ത്യക്ക് ഇന്ന് ആ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍ , പഴവര്‍ഗങ്ങള്‍ എന്ന് വേണ്ട എല്ലാ കാര്‍ഷിക മേഖലയിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. കൃഷിയോടുള്ള ജനങ്ങളുടെ താല്‍പര്യം കുറഞ്ഞതാണ് ഇതിനുള്ള പ്രധാനകാരണം. മറിച്ച്, ആഗോളതാപനത്തിന്റെ കാലഘട്ടത്തില്‍ കാലഹരണപ്പെട്ട കൃഷിരീതികള്‍ കൊണ്ട് പിടിച്ചു നില്‍ക്കാനാകാത്തതാണ്. ഇവിടെ കൃഷിയോടുള്ള സമീപനം മാറ്റുക എന്നതാണ് ഉചിതമായ മാര്‍ഗം. കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ എണ്ണക്കുരുക്കളുടെ ഉല്‍പാദനത്തെ സാരമായി ബാധിച്ചിരിക്കുന്നു. അമിതമായ രാസവളപ്രയോഗത്തിലൂടെയാണ് രാജ്യത്തെ പാടശേഖരം നഷ്ടത്തിലേക്ക് കൂപ്പുകുട്ടത്തിയത്. എന്നാല്‍ ഇതൊന്നും മനസിലാക്കാതെ ബാങ്കുകള്‍ അനുവദിച്ച ലോണുകളും വാങ്ങി പരമ്പരാഗത കര്‍ഷകര്‍ വീണ്ടും കൃഷിയിറക്കി. എന്നാല്‍ കാലാവസ്ഥയും മണ്ണും കൃഷിരീതികളും ഒരേ പോലെ പാളിപ്പോയതോടെ നിക്ഷേപിച്ച തുക നഷ്ടത്തിലായി.

ഇത്തരത്തില്‍ കടം കയറിയതോടെ പല കര്‍ഷകരും ആത്മഹത്യയില്‍ അഭയം കണ്ടെത്തി. പ്രഥമദൃഷ്ട്യാ നോക്കിയാല്‍ പരിഹാരമില്ലാത്ത ഒരു പ്രശ്നമാണ് ഇതെന്ന് തോന്നുമെങ്കിലും അതല്ല അവസ്ഥ. കാലം മാറുന്നതിനനുസരിച്ച് കോലം മാറണം എന്നാണല്ലോ. ഇത്തരത്തില്‍ കൃഷി രീതിയില്‍ ഇന്നത്തെ തലമുറക്കാവശ്യമായ രീതിയിലുള്ള ഒരുമറ്റം വരുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണ് കാര്‍ഷിക നഷ്ടങ്ങളും കര്‍ഷക ആത്മഹത്യകളും എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ധ്യാനേശ്വര്‍ ബോഡെ.

കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച്, ഒരിക്കല്‍ കൃഷി തന്നെ പിന്തുണക്കില്ലെന്നു മനസിലാക്കി ആ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് മറ്റ് ജോലി തേടിപ്പോയ വ്യക്തിയാണ് ധ്യാനേശ്വര്‍. പിന്നീട്, കൃഷിക്കല്ല കൃഷി രീതിക്കാണ് പ്രശ്നമെന്ന് മനസിലാക്കി അദ്ദേഹം നടത്തിയ തിരിച്ചു വരവ് ഗംഭീരമായിരുന്നു. സാധാരണ മണ്ണില്‍ വിത്തെറിഞ്ഞുള്ള കൃഷിരീതിയില്‍ നിന്നും വിഭിന്നമായി പോളിഹൗസ് ഫാമിംഗ് എന്ന രീതി അദ്ദേഹം പിന്തുടര്‍ന്നപ്പോള്‍ നഷ്ടക്കണക്കുകള്‍ പഴങ്കഥകളായി. ഇന്ന് 400 കോടി രൂപ വാര്‍ഷിക വരുമാനമുള്ള പോളിഹൗസ് കര്‍ഷകനാണ് ധ്യാനേശ്വര്‍. 1999 കളിലാണ് അദ്ദേഹം തന്റെ ദിശ സ്വയം കണ്ടെത്തുന്നത്.

ഓരോ സംരംഭകന്റെയും വിജയിച്ച ജീവിതം മറ്റുള്ളവര്‍ക്ക് എന്നും പ്രചോദനമാണ്. അത്തരത്തില്‍ ധ്യാനേശ്വറിന്റെ ജീവിതം നമുക്കോരോരുത്തര്‍ക്കും പ്രചോദനമാണ്. കേവലം പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ധ്യാനേശ്വര്‍ എങ്ങനെ ഇത്തരത്തില്‍ സംരംഭകനായി എന്ന ചോദ്യത്തിന് വിധിയുടെ നിയോഗം എന്ന ഒരൊറ്റ ഉത്തരമേയുള്ളൂ.

കാര്‍ഷിക പാരമ്പര്യം മുതല്‍ക്കൂട്ടായി

കാര്‍ഷിക പാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ധ്യാനേശ്വറിന്റെ ജനനം. മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആളുകള്‍ എല്ലാവരും തന്നെ പരമ്പരാഗതമായി കൃഷിപ്പണിക്കാരായിരുന്നു. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്നതിനേക്കാള്‍ മികച്ച രീതിയില്‍ അന്യര്‍ക്കായി കൃഷി ചെയ്തിരുന്നു ഇവര്‍. എന്നാല്‍ രാപ്പകല്‍ ജോലി ചെയ്താലും ലഭിച്ചിരുന്ന വരുമാനം വളരെ കുറവായിരുന്നു.അതിരാവിലെ മുതല്‍ ആരംഭിക്കുന്ന ജോലിക്ക് കൂലിയായി ലഭിച്ചിരുന്നത് ഒരു പാത്രം ചോറും ഒരു ഗ്ലാസ് പാലും മാത്രമായിരുന്നു. ഇതുകൊണ്ട് എങ്ങനെ കുടുംബം പോറ്റാന്‍ കഴിയും. മിക്ക ദിവസവും വീട്ടില്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയും തന്നെ ഫലം.അങ്ങനെയാണ് കൃഷിപ്പണി നഷ്ടമാണെന്ന് അദ്ദേഹം മനസിലാക്കുന്നത്.മറ്റെന്തെങ്കിലും ജോലി കണ്ടെത്തിയാല്‍ മാത്രമേ കുടുംബത്തെ പോറ്റാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ നിന്നാണ് അദ്ദേഹം മറ്റൊരു ജോലി തേടിയിറങ്ങുന്നത്. എന്നാല്‍ മികച്ച രീതിയിലുള്ള എതിര്‍പ്പാണ് അദ്ദേഹത്തിന് വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്നത്. എന്നാല്‍ പിന്തിരിയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.

ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പൂനെയില്‍ ഓഫീസ് ബോയ് ആയി ജോലിക്ക് കയറി. രാവിലെ മുതല്‍ രാത്രി 11 വരെ ജോലി തന്നെ. കൃത്യമായ വേതനം ലഭിച്ചിരുന്നു എങ്കിലും വീട്ടിലെ വര്‍ധിച്ചുവരുന്ന ചെലവുകള്‍ നേരിടുന്നതിന് ആ തുക പര്യാപതമായിരുന്നില്ല. ആ സമയത്താണ് പത്രത്തില്‍ സംഗലിയിലെ ഒരു കര്‍ഷകന്റെ വിജയകരമായ ജീവിതം സംബന്ധിച്ച ലേഖനം വരുന്നത്. ധ്യാനേശ്വര്‍ ആ ലേഖനം മുഴുവന്‍ വായിച്ചു. ആയിരം സക്വയര്‍ഫീറ്റ് സ്ഥലത്ത് കൃഷി ചെയ്ത് ഒരു വര്‍ഷം 12 ലക്ഷം വരെ നേടുന്ന കര്‍ഷകന്‍. ഇത്ര ചുരുങ്ങിയ സ്ഥലത്ത് നിന്നും ഇത്ര മികച്ച വരുമാനമോ ? ആശ്ചര്യം തോന്നിയ ധ്യാനേശ്വര്‍ കൃഷി രീതിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചു. പോളിഹൗസ് ഫാമിംഗ് എന്ന വ്യത്യസ്തമായ രീതിയാണ് പിന്തുടര്‍ന്നിരുന്നത്. ഒരിക്കല്‍ താന്‍ ഉപേക്ഷിച്ച കൃഷിക്ക് ഇത്രയേറെ സാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ് ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു.

സര്‍ക്കാര്‍ വായ്പയില്‍ തുടക്കം

വീട്ടില്‍ തിരിച്ചെത്തിയ ധ്യാനേശ്വര്‍ താന്‍ കൃഷി ചെയ്യാന്‍ പോകുകയാണെന്നും ഭൂമി താമസിയാതെ പാട്ടത്തിനെടുക്കും എന്നും അറിയിച്ചു. എന്നാല്‍ കൃഷിപ്പണിക്കാരന്‍ ആയിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ പിതാവ് തീരുമാനത്തെ എതിര്‍ത്തു. പരമ്പരാഗത കര്‍ഷകര്‍ക്ക് കേട്ട് കേള്‍വി പോലുമില്ലാത്ത ഒരു കൃഷി രീതി പരീക്ഷിച്ചു സമയണം കളയണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍, തന്റെ പിതാവിന്റെ എതിര്‍പ്പ് പോലും മറികടന്ന് ഹോര്‍ട്ടി കള്‍ച്ചര്‍ ട്രെയിനിംഗ് സെന്ററിന്റെ പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനം കഴിഞ്ഞപ്പോള്‍ ധ്യാനേശ്വര്‍ ഒരു ലോണിന് അപേക്ഷിച്ചു. പോളിഹൗസ് നിര്‍മാണത്തിനായിരുന്നു ലോണ്‍. പലതരത്തിലുള്ള പൂക്കള്‍ കൃഷി ചെയ്യാനായിരുന്നു അദ്ദീഹത്തിന്റെ പദ്ധതി. 1999മുതല്‍ പോളിഹൗസ് ഫാമിംഗില്‍ സജീവമായി. ആദ്യം പ്രാദേശിക വിപണി മാത്രം ലക്ഷ്യമിട്ടായിരുന്നു പൂക്കള്‍ വിറ്റു പോയിരുന്നത്. എന്നാല്‍ പിന്നീട്, ലോക്കല്‍ മാര്‍ക്കറ്റുകള്‍ക്കപ്പുറം ഹോട്ടലുകളില്‍ അലങ്കാരത്തിനായി പൂക്കള്‍ നല്‍കിത്തുടങ്ങി. പൂനെ, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്കും പൂക്കള്‍ കയറ്റി അയച്ചു.അങ്ങനെ 2004 ആയപ്പോഴേക്കും ധ്യാനേശ്വര്‍ അറിയപ്പെടുന്ന കര്‍ഷകനായി മാറി.

എന്നാല്‍ തുടക്കം മുതല്‍ക്ക് മികച്ച വരുമാനം ലഭിച്ച ഒരു കര്‍ഷകനായിരുന്നില്ല അദ്ദേഹം.ആദ്യകാലത്ത് കൃത്യമായ വരുമാനം കിട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് ആ പ്രവണത മാറി വന്നു.പത്തു ലക്ഷം രൂപ ലോണ്‍ എടുത്തുകൊണ്ടായിരുന്നു തുടക്കം. എന്തന്നാല്‍ അത് കേവലം ഒരൊറ്റ വര്‍ഷം കൊണ്ട് അടച്ചുതീര്‍ത്തു എന്നിടത്താണ് ഈ കര്‍ഷകന്റെ വിജയം. പിന്നീട് കൂടുതല്‍ ഭൂമിയിലേക്ക് അദ്ദേഹം കൃഷി വ്യാപിപ്പിച്ചു. പെട്ടന്ന് ലോണ്‍ അടച്ചു തീര്‍ത്ത വ്യക്തിയെ അഭിനന്ദിക്കാന്‍ ബാങ്ക് മാനേജര്‍ ആദ്യമായി വീട്ടിലെത്തിയപ്പോള്‍ തന്റെ നിലമെല്ലാം കടം കാരണം ജപ്തി ചെയ്യാനാണെന്ന് ഭയന്ന് ധ്യാനേശ്വറിന്റെ അച്ഛന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായില്ല. പക്ഷെ, ബാങ്ക് മാനേജര്‍ അകത്ത് ചെന്ന് അച്ഛന്റെ കാലില്‍ തൊടുകയും നിങ്ങളുടെ മകനാണ് ആദ്യമായി ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ലോണും അടച്ച് തീര്‍ത്തതെന്ന് പറയുകയും ചെയ്തു. ഈ വാര്‍ത്ത നാടെങ്ങും അറിഞ്ഞു. പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. അങ്ങനെ പോളിഹൗസ് ഫാമിംഗിനെ പറ്റികൂടുതല്‍ അറിയുക എന്ന ആഗ്രഹത്തോടെ നിരവധിയാളുകള്‍ ധ്യാനേശ്വറിനെ തേടിയെത്തി.

മികവിന്റെ പര്യായമായി അഭിനവ് ഫാര്‍മേഴ്സ് ക്ലബ്

2004 ല്‍ നബാര്‍ഡിന്റെ സഹായത്തോടെ ധ്യാനേശ്വറും മറ്റ് 11 പേര്‍ കൂടി ചേര്‍ന്ന് ‘അഭിനവ് ഫാര്‍മേഴ്സ് ക്ലബ്ബ്’ എന്നൊരു ക്ലബ്ബിന് രൂപം കൊടുത്തു. പോളിഹൗസ് ഫാമിംഗ് വിപുലപ്പെടുത്തുകയായിരുന്നു ഉദ്ദേശം. അംഗങ്ങളില്‍ കുറച്ചു പേര്‍ മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ ശ്രദ്ധിച്ചു, കുറച്ചുപേര്‍ ട്രാന്‍സ്പോര്‍ട്ട്. അവര്‍ ലാഭം പരസ്പരം പങ്കുവെച്ചു. വളരെ പെട്ടെന്ന് തന്നെ 11 പേരില്‍ നിന്നും 305 ആയി അംഗസംഖ്യ ഉയര്‍ന്നു. ഇന്ന് പൂനെ എന്ന നഗരത്തെ അടക്കി വാഴുന്ന ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ് അഭിനവ് ഫാര്‍മേഴ്സ് ക്ലബ്.ഇതിലൂടെ കൂടുതല്‍ ആളുകള്‍ കൃഷിയിലേക്ക് വന്നു. കൂടുതല്‍ കര്‍ഷകരെ നാടിനു സമ്മാനിക്കാന്‍ കഴിഞ്ഞു . ഈ പ്രദേശത്തെ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞു. മികച്ച വരുമാനം ലഭിക്കുന്ന ഒന്നെന്ന രീതിയില്‍ കൃഷി വീണ്ടും അംഗീകരിക്കപ്പെട്ടു.

മാസത്തില്‍ 25,000 രൂപയൊക്കെ കിട്ടിക്കൊണ്ടിരുന്ന കര്‍ഷകരുടെ ഗ്രൂപ്പിന് താമസിയാതെ വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരെ വരുമാനം കിട്ടിത്തുടങ്ങി. എന്നാല്‍ ഇടയ്ക്ക് നഷ്ടങ്ങളും ബിസിനസിലുണ്ടായി. കൂട്ടായ പരിശ്രമത്തിലൂടെ ഈ നഷ്ടങ്ങള്‍ മറികടക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇന്നിപ്പോള്‍ അഭിനവ് ഫാര്‍മേഴ്സ് ക്ലബ്ബ് ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. 1.5 ലക്ഷം കര്‍ഷകരുണ്ട് അംഗങ്ങളായി. 400 കോടി വരെ വര്‍ഷം ഇവര്‍ക്ക് ലഭിക്കുന്നു.

പോളിഹൗസ് ഫാമിംഗ് അടുത്തറിയാം

കാര്‍ഷിക മേഖലയില്‍ പിന്തുടര്‍ന്ന് വരുന്ന രാസവളപ്രയോഗം കൂടാതെയുള്ള കൃഷിരീതിയാണിത്. ശൈത്യമേഖലകളില്‍ തണുപ്പിനെ തരണം ചെയ്യുന്ന വിധത്തില്‍ രൂപീകരിച്ച സംരക്ഷിത കൃഷിരീതിയുടെ ഭാഗമാണ് പോളി ഹൗസുകള്‍. അന്തിരിക്ഷതാപനിലയെക്കാളും 5 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവ് പോളിഹൗസുകളില്‍ കാണപെടുന്നു. പോളിഹൗസിന്റെ നിര്‍മാണരീതിക്കനുസരിച്ച് ചെലവും വ്യത്യാസപ്പെടുന്നു. ഗ്ലാസു മുതല്‍ പോളിത്തിന്‍ ഷീറ്റുകള്‍ വരെ പോളിഹൗസ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഉഷ്ണമേഖലകളില്‍ പ്രധാനമായും പോളിത്തിന്‍ ഷീറ്റുകളാണ് ഉപയോഗിച്ച് പോരുന്നത്. ഇവ നിര്‍മ്മാണചെലവും കുറയ്ക്കുന്നു. പച്ചക്കറി കൃഷിയും, പുഷ്പ്പ കൃഷിയാണ് പോളിഹൗസുകളില്‍ പ്രധാനമായും കണ്ടുവരുന്നത്.എല്ലാത്തരം പൂക്കളും കായ്കനികളും ഇത്തരത്തില്‍ കൃഷി ചെയ്യാം, പോളിഹൗസ് നിര്‍മാണം പ്രത്യേക കരവിരുത് ആവശ്യമായ ഒന്നാണ്.

Categories: FK Special, Slider