എംഎസ്എംഇകള്‍ക്ക് ഈടില്ലാ വായ്പയായി 3 ലക്ഷം കോടി

എംഎസ്എംഇകള്‍ക്ക് ഈടില്ലാ വായ്പയായി 3 ലക്ഷം കോടി
  • പ്രതിസന്ധിയിലായ എംഎസ്എംഇകളുടെ പുനരുജ്ജീവനത്തിനായി ആറിന പദ്ധതിയുമായി കേന്ദ്രം
  • ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 75,000 കോടി രൂപയുടെ പദ്ധതി
  • ആദായ നികുതി റിട്ടേണുകള്‍ക്ക് നവംബര്‍ 30 വരെ സമയം; ടിഡിഎസ്, ടിസിഎസ് നിരക്ക് 25% കുറച്ചു
  • 72.22 ലക്ഷം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം മൂന്നു മാസത്തേക്ക് കൂടി കേന്ദ്രം അടയ്ക്കും

പണലഭ്യത ഉയര്‍ത്തുകയും സംരംഭകരെ ശാക്തീകരിക്കുകയും അവരുടെ മല്‍സര മനോഭാവത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികളാണ് ഇവ

-പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: കോവിഡ്-19 ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക ആഘാതം നേരിടാന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ നിന്ന് നാല് ലക്ഷം കോടി രൂപയോളം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പുനരുജ്ജീവനത്തിനായി നീക്കിവെച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി പ്രഖ്യാപിച്ച വമ്പന്‍ ഉത്തേജക പാക്കേജിന്റെ അഞ്ചിലൊന്നോളം തുകയാണ് ചെറുകിട വ്യവസായ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ വിനിയോഗിക്കുക. ഈടില്ലാതെയാണ് മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പകള്‍ എംഎസ്എംഇകള്‍ക്ക് ലഭിക്കുക. നാലു വര്‍ഷമായിരിക്കും വായ്പയുടെ കാലാവധി. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയവും ലഭിക്കും. 100 കോടി രൂപ വരെ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. രാജ്യത്തെ 45 ലക്ഷം എംഎസ്എംഇകള്‍ക്ക് ഇത് ഗുണം ചെയ്യും. 2020 ഒക്‌റ്റോബര്‍ 31 വരെ ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം.

ഇതോടൊപ്പം വായ്പ തിരിച്ചടക്കാനാവാതെ പ്രതിസന്ധിയിലായ എംഎസ്എംഇകളെ സഹായിക്കാന്‍ 20,000 കോടി രൂപയും സബോര്‍ഡിനേറ്റ് ഡെറ്റ് വ്യവസ്ഥയിലൂടെ അനുവദിച്ചിട്ടുണ്ട്. സമ്മര്‍ദ്ദത്തിലായ രണ്ട് കോടിയോളം ചെറുകിട വ്യവസായങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ആദ്യ ഘട്ട വിശദാംശങ്ങളാണ് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്. ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ അഥവാ സ്വാവലംബിയായ ഭാരതം പരിപാടിയുടെ ഭാഗമായാണ് വന്‍ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പ്പാദന മേഖലയിലടക്കം സ്വാശ്രയത്വം നേടിക്കൊണ്ട് ഇന്ത്യയെ ആഗോള വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചെറുകിട മേഖലയ്ക്ക് ഇതിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ആദ്യ ദിവസം ധനമന്ത്രി നടത്തിയത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിവിധ തലങ്ങളില്‍ കരുത്താര്‍ജിച്ചു കഴിഞ്ഞു. ഇനി നമുക്ക് ആത്മവിശ്വാസത്തോടെ ലോകവുമായി ഇടപെടാം. മഹാമാരിയുടെ വെല്ലുവിളിയെ അവസരമാക്കി മാറ്റാം

-നിര്‍മല സീതാരാമന്‍, ധനമന്ത്രി

ആഗോള ടെണ്ടര്‍ വേണ്ട

200 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെണ്ടര്‍ വേണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യയിലെ എംഎസ്എംഇകള്‍ക്ക് ഇനി ആഗോള കമ്പനികള്‍ അവസരം തട്ടിയെടുക്കുമെന്ന ഭീതിയില്ലാതെ ഈ ടെണ്ടറുകളില്‍ പങ്കെടുക്കാം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും ഇത് ഊര്‍ജമേകും. ഇതോടൊപ്പം റെയ്ല്‍വേ, ഹൈവേ അതോറിറ്റി മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങള്‍ എന്നിവ നിലവില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ, ചരക്ക് സേവന കരാറുകള്‍ക്ക് 3-6 മാസം കൂടി ദീര്‍ഘിപ്പിച്ച് നല്‍കും. മദര്‍ ഫണ്ട്-ഡോട്ടര്‍ ഫണ്ട് വിഭാഗത്തില്‍ പെടുത്തി ലാഭകരമായ എംഎസ്എംഇകളിലേക്ക് സര്‍ക്കാര്‍ 50,000 കോടി രൂപയുടെ ഓഹരി ഉള്‍ച്ചേര്‍ക്കല്‍ നടത്തും. ഇതിലൂടെ മൂലധന ലഭ്യത ഉയര്‍ത്താനാണ് ലക്ഷ്യം. ഉല്‍പ്പാദന ക്ഷമത ഉയര്‍ത്താനും ഓഹരി വിപണി ലിസ്റ്റിംഗിന് സഹായിക്കാനും 10,000 കോടി രൂപയുടെ ഫണ്ടും മാറ്റിവെച്ചിട്ടുണ്ട്. എല്ലാം ചേര്‍ത്ത് നാല് ലക്ഷം കോടി രൂപയോളമാണ് ചെറുകിട വ്യവസായ മേഖലയെ കരകയറ്റാന്‍ സര്‍ക്കാര്‍ ഉദാരമായി ചെലവാക്കുക.

ഇനി പുതിയ എംഎസ്എംഇ

ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ വികസനത്തിന് അവസരമൊരുക്കാന്‍ എംഎഎംഇകളുടെ നിര്‍വചനം സര്‍ക്കാര്‍ പുതുക്കി. ഉല്‍പ്പാദനശാല, യന്ത്രങ്ങള്‍ എന്നിവയ്ക്ക് ചെലവായ തുക കണക്കാക്കിയുള്ള തരംതിരിവാണ് നിക്ഷേപം, വിറ്റുവരവ് എന്നീ ഘടകങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നത്. ഇനി മുതല്‍ ഉല്‍പ്പാദന സേവന മേഖലകള്‍ തമ്മിലും വേര്‍തിരിവുണ്ടാകില്ല. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് നടപടി.

വ്യവസായം നിക്ഷേപം വിറ്റുവരവ്

സൂക്ഷ്മം 1 കോടി വരെ 5 കോടി വരെ

ചെറുകിട 10 കോടി വരെ 50 കോടി വരെ

ഇടത്തരം 20 കോടി വരെ 100 കോടി വരെ

എന്‍ബിഎഫ്‌സികള്‍ക്ക് നേട്ടം

ബാങ്ക് ഇതര ധനകാര്യ സ്ഥാനപങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) 75,000 കോടി രൂപയുടെ സഹായമാണ് പാക്കേജിലുള്ളത്. പ്രത്യേക പണലഭ്യതാ പദ്ധതി പ്രകാരം 30,000 കോടി രൂപ സര്‍ക്കാര്‍ എന്‍ബിഎഫ്‌സികള്‍ക്ക് വായ്പയായി നല്‍കും. പാര്‍ഷ്യല്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം അനുസരിച്ച് 45,000 കോടി രൂപയും പ്രതിസന്ധിയിലായ ബാങ്ക് ഇതര ധനകാര്യ മേഖലയ്ക്ക് ലഭിക്കും.

നികുതിയിളവുകള്‍

2021 മാര്‍ച്ച് 31 വരെ ജീവനക്കാരുടെ ടിഡിഎസ്, ടിസിഎസ് നികുതികളുടെ നിരക്ക് 25% കുറച്ചു. 50,000 കോടി രൂപ ജനങ്ങളുടെ കൈയിലെത്താന്‍ ഉതകുന്നതാണ് ഈ തീരുമാനം. ഇതോടൊപ്പം എല്ലാ ആദായനികുതി റിട്ടേണുകളുടെയും അന്തിമ തിയതി ജൂലൈ 31 ല്‍ നിന്ന് നവംബര്‍ 30 ലേക്ക് നീട്ടി. നികുതിത്തര്‍ക്കങ്ങള്‍ ഒഴിവാക്കാനുള്ള വിവാദ് സേ വിശ്വാസ് പദ്ധതിയും 2020 ഡിസംബര്‍ 31 വരെ നീട്ടി. ഇതോടൊപ്പം 72.22 ലക്ഷം ജീവനക്കാരുടെ മൂന്ന് മാസത്തെ കൂടി പിഎഫ് തുക കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും.

Categories: FK Special, Slider