പ്രതീക്ഷ നല്‍കുന്ന സാമ്പത്തിക പാക്കേജ്

പ്രതീക്ഷ നല്‍കുന്ന സാമ്പത്തിക പാക്കേജ്

മൊത്തത്തിലുളള കോവിഡ് സമാശ്വാസ സാമ്പത്തിക പാക്കേജ് ജിഡിപിയുടെ 10 ശതമാനത്തോളം വരുമെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്

സാമ്പത്തിക വിദഗ്ധര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കയായിരുന്നു രാജ്യത്തിനൊരു സമഗ്ര സാമ്പത്തിക പാക്കേജ്. ലോകം മുഴുവന്‍ നാശവും ആരോഗ്യ അടിയന്തരാവസ്ഥയും വിതച്ച കോവിഡ് മഹാമാരിയില്‍ ബിസിനസുകളും തകര്‍ന്നടിഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം പോലും വരില്ലായിരുന്നു. ഇന്ത്യ പോലൊരു വലിയ രാജ്യം തങ്ങളുടെ ജിഡിപിയുടെ പത്ത് ശതമാനമെങ്കിലും വരുന്ന സാമ്പത്തിക പാക്കേജ് അവതരിപ്പിക്കണമെന്ന ആവശ്യമായിരുന്നു മിക്ക വിദഗ്ധരും ഉന്നയിച്ചത്.

അതാണ് കഴിഞ്ഞ ദിവസത്തെ വലിയ പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാര്‍ത്ഥ്യമാക്കിയത്. മൊത്തത്തില്‍ ഏകദേശം 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതും ബിസിനസുകള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നതും പാക്കേജിന്റെ ലക്ഷ്യമാണ്. അതിലുപരി ഇന്ത്യ ഇനി സ്വയംപര്യാപ്തമായേ മതിയാകൂ എന്ന ഉറച്ച സന്ദേശം കൂടിയാണ് പ്രധാനമന്ത്രി നല്‍കിയത്. പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ സ്വയംപര്യാപ്തതയ്ക്കും മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കും മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രാധാന്യം അതുകൊണ്ട് കല്‍പ്പിക്കപ്പെടുന്നു.

ബിസിനസുകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുന്നതും ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതുമായ ഇന്ത്യയുടെ പുതിയ പാക്കേജ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്തേജക പാക്കേജുകളിലൊന്നാണ്. അമേരിക്കയില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അവരുടെ ജിഡിപിയുടെ 13 ശതമാനത്തോളം വരും. ഏഷ്യയിലെ പ്രധാന സാമ്പത്തിക ശക്തിയായ ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജാകട്ടെ ജിഡിപിയുടെ 21 ശതമാനം വരും. വളരെ വലുതും സമഗ്രവുമായതാണ് ജാപ്പനീസ് സാമ്പത്തിക പാക്കേജ്. ഈ നിരയിലേക്കാണ് പുതിയ സാമ്പത്തിക പദ്ധതിയോടെ ഇന്ത്യയും എത്തുന്നത്.

മാര്‍ച്ച് 25നാണ് കൊറോണ വിരുദ്ധ യുദ്ധത്തിന്റെ ഭാഗമായി രാജ്യം അടച്ചിടല്‍ പ്രാവര്‍ത്തികമാക്കിയത്. അതിന് ശേഷം മിക്ക വ്യവസായങ്ങളും നിശ്ചലാവസ്ഥയിലാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെയെല്ലാം നടുവൊടിഞ്ഞു. ഈ സാഹചര്യത്തില്‍ മോദിയുടെ പാക്കേജ് സമ്പദ് വ്യവസ്ഥയിലേക്ക് യഥാവിധി എത്തിയാല്‍ ചുരുങ്ങിയത് നാല് ശതമാനം വളര്‍ച്ചയെങ്കിലും നേടാന്‍ സാധിക്കുമെന്നാണ് അസോചം ചൂണ്ടിക്കാണിച്ചത്.

ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നതാണ് പുതിയ സാമ്പത്തിക പാക്കേജെന്നാണ് മോദി പറഞ്ഞത്. എല്ലാ വിഭാഗങ്ങളെയും ഉന്നമിട്ടതാണ് അതെന്നും സര്‍ക്കാര്‍ പറയുന്നു. കുടില്‍ വ്യവസായം മുതല്‍ വന്‍കിട ബിസിനസുകള്‍ വരെയും സാധാരണ തൊഴിലാളികള്‍ മുതല്‍ മധ്യവര്‍ഗം വരെയുമുള്ളവര്‍ക്ക് പാക്കേജ് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. കൊറോണ കാലത്തെ അനിവാര്യതയാണ് ഇത്തരത്തിലുള്ള പാക്കേജ്. അത് മികച്ച രീതിയില്‍ നടപ്പാക്കാനും സര്‍ക്കാരിന് സാധിക്കണം.

Categories: Editorial, Slider
Tags: Modi