ഉല്‍പ്പാദനവും കയറ്റുമതിയും തിരിച്ചുവരണം

ഉല്‍പ്പാദനവും കയറ്റുമതിയും തിരിച്ചുവരണം

ഉല്‍പ്പാദന, കയറ്റുമതി മേഖലകളുടെ തിരിച്ചുവരവിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി

കൊറോണക്കാലം വ്യവസായമേഖലകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്. മിക്ക വ്യവസായങ്ങളും പ്രവര്‍ത്തനരഹിതമായതോടെ കയറ്റുമതിയും തകര്‍ന്നു. കയറ്റുമതി ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണനിലയില്‍ എന്ന് തുടരാനാകുമെന്ന അനിശ്ചിതത്വവും പണമൊഴുക്കിലെ കുറവും അല്ലെങ്കില്‍ അഭാവവുമെല്ലാം മേഖലയെ തളര്‍ത്തി.

ഇന്ത്യയുടെ വളര്‍ച്ച തിരിച്ചുപിടിക്കണമെങ്കില്‍ കയറ്റുമതി, ഉല്‍പ്പാദന മേഖലകള്‍ സജീവമാകേണ്ടത് അനിവാര്യമാണ്. ലോക്ക്ഡൗണ്‍ കാലമെല്ലാം കഴിഞ്ഞാലും സാധാരണ നിലയിലേക്ക് ജനജീവിതം എത്താത്തിടത്തോളം പല മേഖലകളിലെയും ആവശ്യകതയില്‍ വര്‍ധന ഉണ്ടാകില്ലെന്ന വസ്തുത വന്‍കിട കമ്പനികളെയെല്ലാം അലട്ടുന്നുണ്ട്.

ആഗോളതലത്തില്‍ ആവശ്യകതയും വിതരണവുമെല്ലാം തകിടം മറിഞ്ഞതോടെ സപ്ലൈ ചെയിന്‍ കോസ്റ്റില്‍ വലിയ വര്‍ധനയുണ്ടാകുന്നുണ്ട്. ഇതും ബിസിനസുകളെ അലട്ടുന്നു. അവശ്യ വസ്തുക്കളുടെ വിഭാഗത്തില്‍ പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ കുറച്ചുകാലത്തേക്ക് ഡിമാന്‍ഡ് ഉണ്ടാകാന്‍ സാധ്യതയുള്ളൂ.

സമ്പദ് വ്യവസ്ഥ പൂര്‍ണമായും തുറന്നുകൊടുത്താല്‍ പോലും ഏറ്റവും ചുരുങ്ങിയത് 120 ദിവസമെടുക്കും ബിസിനസ് ഒന്നു സ്ഥിരത കൈവരിക്കാന്‍. 2020 ന്റെ നാലാം പാദത്തില്‍ മാത്രമേ പലരും ഒരു ബിസിനസ് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുള്ളൂ. ഈ സാമ്പത്തികവര്‍ഷം പൂജ്യം വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്താന്‍ സാധ്യതയെന്ന് വിവിധ സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങള്‍ ഇതിനോടകം പ്രവചിച്ചുകഴിഞ്ഞു. കാര്യമായൊരു തിരിച്ചുവരവ് 2021ല്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. അതും കൊറോണ മുക്തമെന്ന അവസ്ഥയിലേക്ക് എത്തിയാല്‍ മാത്രം.

അതേസമയം ആപ്പിള്‍ പോലുളള വന്‍കിട സ്ഥാപനങ്ങള്‍ ചൈനയില്‍ നിന്നും അവരുടെ ഉല്‍പ്പാദന കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട് പ്രകാരം തങ്ങളുടെ അഞ്ചിലൊന്ന് ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ അവര്‍ തയാറെടുക്കകയാണ്. ഏകദേശം 140 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പാദനം രാജ്യത്തു നടപ്പാക്കാന്‍ ആപ്പിളിന് സാധിച്ചേക്കും. അതും ഇന്ത്യന്‍ കയറ്റുമതിക്ക് കരുത്തേകും. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകളുടെ നല്ലൊരു ശതമാനവും കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുപോലെ കൂടുതല്‍ ആഗോള സ്ഥാപനങ്ങളെ കോവിഡാനന്തരം ഇന്ത്യയിലേക്കെത്തിക്കാന്‍ മികവുറ്റ പദ്ധതികള്‍ തന്നെ കേന്ദ്രം ആവിഷ്‌കരിക്കണം.

ആയിരത്തോളം കമ്പനികളെ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ശുഭസൂചനയാണ്. ഇതിനുള്ള നിരവധി ചര്‍ച്ചകള്‍ ഏപ്രിലില്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണാനന്തരം ചൈനയെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളാകും പടിഞ്ഞാറന്‍ ലോകത്തുനിന്നുണ്ടാകുക. അത് ബിസിനസ് തലത്തില്‍ പരമാവധി ഉപയോഗപ്പെടുത്താനാകണം ഇന്ത്യ ശ്രമിക്കേണ്ടത്. ഇന്ത്യയെ ഉന്നമിട്ട് പല പ്രകോപനങ്ങളും ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൈന കൊറോണ വൈറസിനെ കൈകാര്യം ചെയ്ത രീതിയില്‍ ലോകരാജ്യങ്ങളിലെല്ലാം അമര്‍ഷം പുകയുകയാണെന്നതും ഓര്‍ക്കണം. അതുകൂടി കണക്കിലെടുത്തുള്ള രാഷ്ട്രീയ, സാമ്പത്തിക തീരുമാനങ്ങളാകണം കൊറോണാനന്തര കാലത്ത് നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്.

Categories: Editorial, Slider