ലോക്ക്ഡൗണിലും കോമ്പുകോര്‍ക്കുന്ന നേതാക്കള്‍

ലോക്ക്ഡൗണിലും കോമ്പുകോര്‍ക്കുന്ന നേതാക്കള്‍

ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ താന്‍ ഭയപ്പെടുന്നതായി മന്ത്രി അനില്‍വിജ് പറയുന്നു. ഇക്കാര്യത്തില്‍ കാര്യത്തില്‍ മന്ത്രിസഭയില്‍പോലും ഭിന്നതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും സര്‍ക്കാരിലെ രണ്ടാം സ്ഥാനക്കാരനായ അനില്‍ വിജും വീണ്ടും തര്‍ക്കത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതുസംബന്ധിച്ച കാര്യങ്ങളില്‍ ഇരു നേതാക്കളും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇത് ശക്തമായ സര്‍ക്കാരിനെ പിടിച്ചുകുലുക്കാന്‍ ശേഷിയുള്ള ഒരു വടംവലിയായി മാറാതിരിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി അവിടെ നടത്തുന്നതായി തോന്നുന്നു. ഇരു നേതാക്കളും തമ്മിലുള്ള പോര് 2014ല്‍തന്നെ ആരംഭിച്ചതാണ് എന്നതാണ് വാസ്തവം. തര്‍ക്കങ്ങള്‍ പെട്ടന്നുണ്ടായതല്ല എന്നുസാരം.ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ താന്‍ ഭയപ്പെടുന്നതായി അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാര്യത്തില്‍ മന്ത്രിസഭയില്‍പോലും ഭിന്നതയുണ്ടെന്നാണ് അനില്‍ വിജിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹരിയാനയില്‍ ആഭ്യന്തര, ആരോഗ്യ കാര്യങ്ങളുടെ ചുമതല നോക്കുന്ന മന്ത്രിയാണ് അനില്‍ വിജ്. അതിനാല്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ വിജിന്റെ അഭിപ്രായം മുഖ്യമന്ത്രി ഖട്ടര്‍ കണക്കിലെടുക്കേണ്ടതുണ്ട്. എന്നാല്‍ കോവിഡ്-19 സംബന്ധിച്ച് അടുത്തിടെ മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്ത തീരുമാനങ്ങളില്‍നിന്ന് ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള വിജിനെ ഒഴിവാക്കിയിരുന്നു. ഇത് ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെയാണ് തുറന്നുകാട്ടുന്നത്. ചുരുക്കത്തില്‍ ഒരാള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മറ്റൊരാള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഈ മാസം 17വരെ നീട്ടിയതിനു ശേഷം ഖട്ടര്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചത് സംശയത്തിനിടയാക്കി. തുടര്‍ന്ന് വിജം മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മെയ് 3 ന് ഹരിയാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണ വിധേയമായ മേഖലകളില്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ കര്‍ഫ്യൂവില്‍ കൂടുതല്‍ സമയം ഇളവുകള്‍ വരുത്തി. പകര്‍ച്ചവ്യാധി ഒഴിഞ്ഞ ഗ്രീന്‍ സോണുകളില്‍ നിയന്ത്രിതമായ പൊതുഗതാഗതവും അനുവദിക്കാമെന്ന് തീരുമാനിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ക്കനുസൃതമായ നിലപാടുകളാണ് ഖട്ടര്‍ സ്വീകരിച്ചത്. എന്നാല്‍ ഹരിയാനയില്‍ ഇവ അനുവദിക്കാന്‍ സാഹചര്യം അനവദിക്കുന്നില്ലെന്ന നിലപാടാണ് വിജിന്റേത്. കൂടുതല്‍ ഇളവുകള്‍ പകര്‍ച്ചവ്യാധി വീണ്ടും പടരാന്‍ ഇടയാക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഇളവുകളുമായി ഖട്ടര്‍ മുന്നോട്ടുതന്നെയാണ്. നിരവധി വ്യാവസായ സ്ഥാപനങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

തുടര്‍ന്ന് ലോക്ക്ഡൗണില്‍ പെട്ടെന്ന് ഇളവുകള്‍ വരുത്തിയാല്‍ ഉണ്ടാകുന്ന ‘ഭയപ്പെടുത്തുന്ന’ പ്രത്യാഘാതങ്ങളെക്കുറിച്ച് വിജ് പരസ്യ പ്രസ്താവനകള്‍ നടത്തി. വിപണികള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ‘ഞാന്‍ ഭയപ്പെടുന്നു’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് നാലു ദിവസങ്ങള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ആരോഗ്യമന്ത്രി തന്റെ ആശങ്ക പ്രകടിപ്പിച്ചത്. ”പൊതുജനങ്ങള്‍ക്ക് അവരുടെ ജോലി നിര്‍വഹിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ ഉണ്ട്. ആറടി ദൂരം നിലനിര്‍ത്താന്‍ പോലീസുകാര്‍ പൊതുജനങ്ങളെ സമീപിക്കുമെന്ന് പ്രതീക്ഷിക്കരുത്, ” വിജ് പറഞ്ഞു. ഇളവുകള്‍ നല്‍കുന്നതിന്റെ വേഗത കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പകര്‍ച്ചവ്യാധി സംബന്ധിച്ച എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിതന്നെ എടുക്കുകയാണ്. അരോഗ്യ മന്ത്രാലയവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യങ്ങള്‍ ആലോചിച്ചിട്ടില്ല. പകര്‍ച്ചവ്യാധി പടരുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ”മുഖ്യമന്ത്രിക്ക് എന്നെക്കാള്‍ വിശാലമായ കാഴ്ചപ്പാടുണ്ടായിരിക്കാം, പക്ഷെ എനിക്ക് അതുപോലെ ചിന്തിക്കാന്‍ കഴിയില്ല,” വിജ് പറയുന്നു.

ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ കൈവശം വച്ചിട്ടും കോവിഡ് -19 ന്റെ ദൈനംദിന തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ വിജിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥതലത്തിലും പാര്‍ട്ടിതലത്തിലും അറിയാവുന്നതാണ്. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കായ്രയമായ ശ്രമങ്ങള്‍ നേതൃതലങ്ങളില്‍നിന്ന് ഉണ്ടാകുന്നില്ലെന്നത് ഖേദകരമാണ്. കാരണം സര്‍ക്കാരിലെ രണ്ടു ശക്തികേന്ദ്രങ്ങള്‍ രണ്ടുവഴിക്ക് നീങ്ങിയാല്‍ ഭരണം പ്രതിസന്ധിയിലാകാന്‍ സാധ്യതയേറെയാണ്. കൂടാതെ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയോടെ ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനമാണ് ഹരിയാന. അവര്‍ പിന്‍വാങ്ങിയാല്‍ കോണ്‍ഗ്രസാകും അവിടെ അധികാരത്തിലെത്തുക. അതിനുള്ള അംഗബലം അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം മറന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. അവിടെ എല്ലാവര്‍ക്കും അവരുടേതായ ശബ്ദമുണ്ടാകണം, അവ പരിഗണിക്കപ്പെടുകയും വേണം. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കോവിഡിനുമുമ്പ് ആരംഭിച്ചതാണ്. അത് ഈ പ്രതിസന്ധിഘട്ടത്തിലും അവര്‍ തുടരുന്നു.

”അദ്ദേഹത്തെ പൊതുവെ മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ക്ക് വിളിക്കില്ല. ഈ മന്ത്രാലയങ്ങളില്‍ വിജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ജീവനക്കാര്‍വരെ ഈ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നു, എല്ലാഅര്‍ത്ഥത്തിലും മന്ത്രിയെ മറികടക്കുകയോ ഒഴിവാക്കുകയോ ആണ് മുഖ്യമന്ത്രി ഇവിടെ ചെയ്യുന്നത്, ”പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. വിജിനു നല്‍കിയ വകുപ്പുകള്‍ തന്നെ മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. എന്നാല്‍ ക്രമേണ അവഗണിക്കുക എന്ന തന്ത്രമാണ് ഖട്ടര്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു.

ഡെല്‍ഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള സംസ്ഥാന അതിര്‍ത്തി മുദ്രവെക്കുന്നത് വിജിന്റെ ആശയമായിരുന്നു. കാരണം അതിര്‍ത്തിയിലൂടെ കൊറോണ രോഗികള്‍ സംസ്ഥാനത്തേക്ക് പ്രവഹിക്കുന്നതായി അദ്ദേഹം വിശ്വസിച്ചു.

ഗുരുഗ്രാമില്‍ താമസിക്കുകയും ഡെല്‍ഹിയില്‍ ജോലി ചെയ്യുകയും ചെയ്ത ആളുകള്‍ തലസ്ഥാനത്തു തന്നെ തുടരണമെന്നും അതിനായി ഡെല്‍ഹി സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് നിര്‍ദേശിക്കുന്ന തലം വരെ വിജ് എത്തിയിരുന്നു.അതിര്‍ത്തി പരസ്പരം കടക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡെല്‍ഹി സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നിരസിച്ചു, ഹരിയാന സര്‍ക്കാരും ഇത് ഗൗരവമായി എടുത്തില്ല. ഈ നീക്കം മുഖ്യമന്ത്രി വിജിനു നല്‍കിയ സ്ഥാനം വ്യക്തമാക്കുന്നതാണ്. ഇതേതുടര്‍ന്ന് ഹരിയാനയ്ക്കും ഡെല്‍ഹിക്കും ഇടയിലുള്ള വിവിധ പ്രവേശന സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ വിജ് ഉത്തരവിട്ടു. വളരെ കുറച്ച് പാസുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശവും നല്‍കി. രാഷ്ട്രീയ സമ്മര്‍ദമുണ്ടായിട്ടും താന്‍ തീരുമാനം മാറ്റാന്‍ പോകുന്നില്ലെന്ന് വിജ് സ്വയം അഭിമാനിച്ചു. അതേസമയം ഈ നീക്കത്തിന് മുഖ്യമന്ത്രിയുടെ അനുമതിയില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അംബാലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന ആര്‍എസ്എസ് നേതാവാണ് വിജ്. 2014 ല്‍ ഹരിയാനയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും മുഖ്യമന്ത്രിയായി ഒരു മുതിര്‍ന്ന നേതാവിനെ അന്വേഷിക്കുകയും ചെയ്തപ്പോള്‍ ആറ് തവണ അംബാല എംഎല്‍എ ആയ വിജിനായിരുന്നു സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഖട്ടറിനെ കണ്ടെത്തിയ പാര്‍ട്ടി മറ്റൊരു മുതിര്‍ന്ന നേതാവിനെ അവഗണിക്കുകയായിരുന്നു. 1990 കളുടെ മധ്യത്തില്‍ ഹരിയാനയിലും പഞ്ചാബിലും മോദി ബിജെപിയുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പിന്തുണ ഖട്ടറിനുണ്ടായിരുന്നു എന്നതാകാം അതിനുകാരണം.

അധികാരത്തിന്റെ ഇടനാഴികളില്‍ ഖട്ടറും വിജും പിന്നീട് പലതവണ ഏറ്റുമുട്ടിയിരുന്നു, അസുഖകരമായ പ്രവര്‍ത്തന ബന്ധം പങ്കിട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ സാധാരണയായി ആഭ്യന്തര വകുപ്പിന്റെ പരിധിയില്‍ വരുന്ന സംസ്ഥാന സിഐഡിയുടെ നിയന്ത്രണത്തെച്ചൊല്ലി ഇരുവരും പോരടിച്ചിരുന്നു. എന്നാല്‍ അതിന്റെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കാന്‍ ഖട്ടര്‍ ഒരുങ്ങി. മുഖ്യമന്ത്രി തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണെന്നും അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും പറഞ്ഞ് വിജ് അതിനെ എതിര്‍ത്തു. സത്യസന്ധനും വിട്ടുവീഴ്ചയില്ലാത്തവനുമായി കണക്കാക്കപ്പെടുന്നനേതാവുകൂടിയാണ് അനില്‍ വിജ്. നേതൃത്വത്തില്‍ ഈ പോര് നടക്കുമ്പോള്‍ ഹരിയാനയില്‍ പ്രതിസന്ധികളുണ്ടാകാനുള്ള സാധ്യത ഏറുകയാണ്.

Comments

comments

Categories: Top Stories