പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ തുക കടമെടുക്കുമെന്ന് എമിറേറ്റ്‌സ്

പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ തുക കടമെടുക്കുമെന്ന് എമിറേറ്റ്‌സ്

വ്യോമയാന മേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ പതിനെട്ട് മാസം വേണ്ടിവരും

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കൂടുതല്‍ വായ്പയെടുക്കുമെന്ന് ദുബായിലെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ചരിത്രത്തിലെ തന്നെ ഏറ്റവും ദുര്‍ഘടമായ മാസങ്ങളിലൂടെ കടന്നുപോകുന്ന അവസ്ഥയില്‍ കഠിനമായ നടപടികള്‍ സ്വീകരിക്കുമെന്നും കുറഞ്ഞത് പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം മാത്രമേ വ്യോമയാന മേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്നും എമിറേറ്റ്‌സ് സൂചന നല്‍കി.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ചില്‍ എമിറേറ്റ്‌സ് യാത്രാവിമാന സര്‍വീസ് അവസാനിപ്പിച്ചിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം ലാഭവര്‍ധന ഉണ്ടായെങ്കിലും നാലാംപാദത്തിലെ സാമ്പത്തിക പ്രകടനത്തെ പകര്‍ച്ചവ്യാധി സാരമായി ബാധിച്ചെന്ന് കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് പരുങ്ങലിലായ പണലഭ്യത പ്രശ്‌നങ്ങളെ നേരിടാന്‍ കൂടുതല്‍ ബാങ്ക് വായ്പകള്‍ തേടുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ എത്ര തുകയാണ് വായ്പയെടുക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയില്ല. ദുബായ് സര്‍ക്കാര്‍ നേരത്തെ തന്നെ എമിറേറ്റ്‌സിന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

2020-2021 വര്‍ഷത്തെ സാമ്പത്തിക പ്രകടനത്തെ കോവിഡ്-19 പ്രതിസന്ധി ഗുരുതരമായി ബാധിക്കുമെന്ന് എമിറേറ്റ്‌സ് ചെയര്‍മാന്‍ ഷേഖ് അഹമ്മദ് ബിന്‍ സായിദ് അറിയിച്ചു. ബിസിനസ് പുനഃരാരംഭിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനൊപ്പം തീവ്രമായ ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുമെന്നും ബിസിനസ് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്നും ഷേഖ് അഹമ്മദ് പറഞ്ഞു. ’35 വര്‍ഷത്തിനിടെയുള്ള കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ മാസങ്ങളാണ് വരാനിരിക്കുന്നത്്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ വളരെ കഠിനമായ നടപടികളെടുക്കാന്‍ നാം നിര്‍ബന്ധിതരാകും’ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ ഷേഖ് അഹമ്മദ് വ്യക്തമാക്കി.

ഓഹരിയുടമയായ ദുബായുടെ ഔദ്യോഗിക ഫണ്ടിന് ഈ വര്‍ഷം ലാഭവിഹിതം നല്‍കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 25.6 ബില്യണ്‍ ദിര്‍ഹത്തിന്റെ ധന ആസ്തിയാണ് കമ്പനിക്കുള്ളതെന്നും എമിറേറ്റ്‌സ് ഗ്രൂപ്പ് വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയില്‍ നിന്നും എമിറേറ്റ്‌സ് ശക്തരായി തിരിച്ചെത്തുമെന്നും വ്യോമയാന മേഖലയിലെ അതികായരാകുമെന്നും തനിക്ക് ഉറപ്പുള്ളതായി ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രതികരിച്ചു. എമിറേറ്റ്‌സിന് ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് മാര്‍ച്ചില്‍ ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ വ്യക്തമാക്കിയിരുന്നു. ആവശ്യം വന്നാല്‍ ദുബായ് സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം കമ്പനിക്ക് ലഭിക്കുമെന്ന് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായം വിദഗ്ധ തൊഴിലാളികളെ നിലനിര്‍ത്താനും സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാനും കാര്‍ഗോയും മറ്റ് സേവനങ്ങളും തുടരാനും കമ്പനിയെ സഹായിക്കുമെന്ന് എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.

Comments

comments

Categories: Arabia
Tags: emirates