കോവിഡ്-19യോട് പോരാടാന്‍ ഈജിപ്തിന് 2.77 ബില്യണ്‍ ഡോളര്‍ ഐഎംഎഫ് സഹായം

കോവിഡ്-19യോട് പോരാടാന്‍ ഈജിപ്തിന് 2.77 ബില്യണ്‍ ഡോളര്‍ ഐഎംഎഫ് സഹായം

പകര്‍ച്ചവ്യാധി ഈജിപ്ഷ്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും; ഇടപെട്ടില്ലെങ്കിലും ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാകും

കെയ്‌റോ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ തരണം ചെയ്യാന്‍ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ഈജിപ്തിന്റെ അഭ്യര്‍ത്ഥന അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) അംഗീകരിച്ചു. അടിയന്തര ധന സഹായ പദ്ധതി മുഖേന 2.77 ബില്യണ്‍ ഡോളര്‍ ഈജിപ്തിന് അനുവദിക്കാന്‍ ഐഎംഎഫ് തീരുമാനിച്ചു. പകര്‍ച്ചവ്യാധി ഈജിപ്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കുമെന്നും വേണ്ടരീതിയില്‍ നേരിട്ടില്ലെങ്കില്‍ കഠിനാധ്വാനത്തിലൂടെ രാജ്യം നേടിയെടുത്ത മാക്രോ ഇക്കോണമിക് സ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്നും ഐഎംഎഫ് വിലയിരുത്തി.

കോവിഡ്-19 പകര്‍ച്ചവ്യാധി ഈജിപ്ഷ്യന്‍ ജനതയുടെ ജീവിതത്തെയും ജീവനോപാധികളെയും സാമ്പത്തിക സാഹചര്യങ്ങളെയും ഗുരുതരമായി ബാധിച്ചുവെന്ന് ഐഎംഎഫിന്റെ എക്‌സിക്യുട്ടീവ് ബോര്‍ഡ് ആക്ടിംഗ് ചെയര്‍മാനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ജോഫ്രി ഒകമോട്ടോ അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രാജ്യത്തെ ടൂറിസം മേഖല നിശ്ചലമായെന്നും പ്രവാസിപ്പണത്തിന്റെ ഒഴുക്ക് മന്ദഗതിയിലായെന്നും രാജ്യത്ത് മൂലധന ശോഷണം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിസന്ധിയോട് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ പ്രതികരിച്ചുവെന്നും ഒകമോട്ടോ പ്രശംസിച്ചു. ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് ആവശ്യമായ നടപടികള്‍ എടുക്കുകയും പകര്‍ച്ചവ്യാധി ഏറ്റവും മോശമായി ബാധിച്ച സാമ്പത്തിക മേഖലകള്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുകയും ചെയ്തു. മാത്രമല്ല, രോഗഭീഷണി ഉള്ളവര്‍ക്കായി സാമൂഹിക സുരക്ഷ പരിപാടികള്‍ അവതരിപ്പിക്കുയും ചെയ്തു. ഈജിപ്ഷ്യന്‍ കേന്ദ്രബാങ്ക് പലിശനിരക്കുകള്‍ വെട്ടിക്കുറയ്ക്കുകയും വായ്പാദാതാക്കള്‍ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുകയും ജനങ്ങള്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

എന്നിരുന്നാലും വൈറസ് വ്യാപനം കുറയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയ നടപടികളെ തുടര്‍ന്ന് രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നതെന്ന് ഐഎംഎഫ് പറഞ്ഞു. ടൂറിസം മേഖലയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത്. ഈജിപ്തിന്റെ വളര്‍ച്ചാനിരക്ക് ഈ വര്‍ഷം കേവലം രണ്ട് ശതമാനമാകുമെന്ന് ഐഎംഎഫ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 5.6 ശതമാനമായിരുന്നു ഈജിപ്തിലെ സാമ്പത്തിക വളര്‍ച്ച. രാജ്യത്തെ എണ്ണ ഇതര സ്വകാര്യ മേഖലാ സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക പ്രകടനം അടയാളപ്പെടുത്ത പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) കഴിഞ്ഞ മാസം 44.2 ആയി കുറഞ്ഞിരുന്നു. മാര്‍ച്ചില്‍ 7.1 ആയിരുന്നു ഈജിപ്തിന്റെ പിഎംഐ. 50ന് മുകളിലുള്ള പിഎംഐ സാമ്പത്തിക വികാസവും അതിന് താഴെയുള്ള പിഎംഐ സാമ്പത്തിക ഞെരുക്കവുമാണ് സൂചിപ്പിക്കുന്നത്.

കരുതല്‍ ധനശേഖരം കുറയുന്നത് തടയാനും താത്കാലിക ചിലവിടലിനുള്ള ഫണ്ടിംഗ് ലഭ്യമാക്കാനും ഐഎംഎഫില്‍ നിന്നുള്ള അടിയന്തര ധനസഹായം ലഭിക്കുക വഴി ഈജിപ്തിന് സാധിക്കുമെന്ന് ഓകമോട്ടോ പറഞ്ഞു. അതേസമയം ധനക്കമ്മി നികത്തുന്നതിനായി ഇനിയും ഈജിപ്തിന് ബാങ്കുകളില്‍ നിന്നുള്ള ധനസഹായം ആവശ്യമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

2016ല്‍ അന്താരാഷ്ട്ര നാണ്യനിധിയുമായി മൂന്ന് വര്‍ഷത്തെ വായ്പാ കരാറില്‍ ഈജിപ്ത് ഒപ്പുവെച്ചിരുന്നു. ഐഎംഎഫ് നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാമെന്ന ഉറപ്പില്‍ 12 ബില്യണ്‍ ഡോളറിന്റെ അധികവായ്പയും ഐഎംഎഫില്‍ നിന്നും ഈജിപ്ത് നേടി. ഡോളര്‍ ക്ഷാമം, അധിക സാമ്പത്തിക ബാധ്യത തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നും കരകയറാന്‍ ഐഎംഎഫ് നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ ഈജിപ്തിന് സഹായമായി. ചില സാമ്പത്തിക നിയന്ത്രണങ്ങള്‍ ഊജിപ്ഷ്യന്‍ ജനതയ്ക്ക് മേല്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഒരു പരിധി വരെ കരയറാന്‍ ഈജിപ്തിന് കഴിഞ്ഞു.കൊറോണ വൈറസ് പ്രതിസന്ധി അവസാനിച്ചാല്‍ കടബാധ്യത കുറയ്ക്കുന്നതിനായി ഒരിക്കല്‍ കൂടി ഈജിപ്ത് കര്‍ശന നടപടികള്‍ എടുക്കേണ്ടിവരുമെന്ന് ഒകമോട്ടോ അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള വളര്‍ച്ചയും തൊഴില്‍ സൃഷ്ടിക്കലും നേടുന്നതിനായി സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് വര്‍ധിപ്പിക്കുന്നതിന് നടപടി എടുക്കേണ്ടതുണ്ട്.

Comments

comments

Categories: Arabia
Tags: Egypt, IMF