മോദി-ഷാ പിളര്‍പ്പ് ഭാവനയില്‍ കാണുന്നവര്‍

മോദി-ഷാ പിളര്‍പ്പ് ഭാവനയില്‍ കാണുന്നവര്‍

പ്രധാനപ്പെട്ട ഫയലുകള്‍ ഇപ്പോള്‍ അമിത് ഷായുടെ അടുത്തേക്ക് പോകുന്നില്ലെന്ന് സിദ്ധാന്തക്കാര്‍ പറയുന്നു. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം അദ്ദേഹം പരസ്യമായി സംസാരിച്ചിട്ടില്ല എന്നതാണ് മറ്റൊരു വാദം.

ഈ ദിവസങ്ങളില്‍ ഡെല്‍ഹിയിലെ അധികാരകേന്ദ്രങ്ങള്‍ക്കുചുറ്റും ചില കിംവദന്തികള്‍ പരക്കുന്നുണ്ട്. കൊറോണ വൈറസ് ഇന്ത്യയില്‍ പടര്‍ന്നതിനേക്കാള്‍ വേഗതയിലാണ് ഇവ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപിക്കുന്നത്. മറ്റൊന്നുമല്ല, ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ചാണ് അഭ്യൂഹം ഉയരുന്നത്. കൃത്യമായി പറഞ്ഞാല്‍, അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഉണ്ടായി എന്നുപറയപ്പെടുന്ന ചില അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചാണ്. വാസ്തവത്തില്‍, ലിബറല്‍ എന്നവകാശപ്പെടുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ , ഒരു ചെറുസംഘം ബ്യൂറോക്രാറ്റുകളും ആക്ടിവിസ്റ്റുകളും പിന്നെ ബുദ്ധിജീവികള്‍ എന്ന്അവകാശപ്പെടുന്ന മറ്റുചിലരുമാണ് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാരില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മറ്റാര്‍ക്കും അറിയില്ല. അതിനാല്‍ ചിലഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തുന്നു, ചിലര്‍ അതിന് പ്രചാരം നല്‍കാന്‍ ശ്രമിക്കുന്നു.

ചിലരുടെ സ്വപ്‌നം നരേന്ദ്രമോദിയും അമിത് ഷായും പിരിയുന്ന കാലത്തെക്കുറിച്ചാണ്. അതിനുള്ള കാരണങ്ങള്‍ ഭാവനയില്‍ അവര്‍ യോജിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാരണം ആത്യന്തികമായി അവരുടെ ആഗ്രഹം അതാണ്. അങ്ങനെ സംഭവിക്കുമോ എന്നത് തികച്ചും വ്യത്യസ്തമായ വിഷയവുമാണ്. പ്രധാനപ്പെട്ട ഫയലുകള്‍ ഇപ്പോള്‍ അമിത് ഷായുടെ അടുത്തേക്ക് പോകുന്നില്ലെന്ന് അവര്‍ പറയുന്നു. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം അദ്ദേഹം പരസ്യമായി സംസാരിച്ചിട്ടില്ല എന്നതാണ്് മറ്റൊരു വാദം. വാര്‍ത്താ ഏജന്‍സികളുടെ ഫോട്ടോഗ്രാഫുകളിലും ട്വീറ്റുകളിലും പതിവായി കാണപ്പെടുന്നുണ്ടെങ്കിലും, അത് മഹാരാഷ്ട്ര റെയില്‍ അപകടത്തെക്കുറിച്ചോ, ബിഎസ്എഫ് സൈനികരുടെ വീരമൃത്യു സംബന്ധിച്ചോ, വിശാഖപട്ടണത്ത് സംഭവിച്ച വാതകച്ചോര്‍ച്ചയെപ്പറ്റിയോ ആകട്ടെ അദ്ദേഹം പരസ്യമായി പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് അവര്‍ കണ്ടുപിടിച്ച ന്യായങ്ങളിലൊന്ന്.

അധികാരത്തിലെ രണ്ടു കേന്ദ്രങ്ങളെക്കുറിച്ച് ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ഇതാദ്യമല്ല. സോണിയ ഗാന്ധിയെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി തെറ്റിയെന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്തകള്‍ പ്രചിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയുടെ ഭരണത്തെ അത് ബാധിച്ചിരിക്കാം. സിംഗ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ”വലിച്ചുകീറി വലിച്ചെറിയണം” എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കിയിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തും ഈ ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ സജീവമായിരുന്നു. അന്ന് അവര്‍ സംസാരിച്ചത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും മുന്‍ ആഭ്യന്തരമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെപ്പറ്റിയാണ്. ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ എല്ലാക്കലത്തും ഉണ്ടായിരുന്നു, ഇപ്പോഴും അത് തുടരുന്നു. എന്നാല്‍ നരേന്ദ്ര മോദിയും അമിത് ഷായും തികച്ചും വ്യത്യസ്തരാണ്. അവര്‍ മറ്റുള്ളവരുടെ കണക്കുകൂട്ടലുകള്‍ക്ക് അതീതമായാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിനാലാണ് അവര്‍ ഇന്ന് ഉയര്‍ന്ന നേതാക്കളായി തുടരുന്നത്.

ഈ വര്‍ഷം ആദ്യം ഡെല്‍ഹിയില്‍ നടന്ന അക്രമങ്ങളുടെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കലാപ പ്രദേശങ്ങളിലേക്ക് അയച്ചപ്പോള്‍, മോദിയും അമിത്ഷായും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ചില പുരോഗമനവാദികള്‍ ചര്‍ച്ച തുടങ്ങിവെച്ചു. അമിത്ഷാ നിരവധി നടപടികള്‍ സ്വീകരിച്ചശേഷം ഡോവലിനെ ഇതേ പ്രശ്‌നത്തില്‍ ഇടപെടുത്തിയത് സംബന്ധിച്ച് തലനാരിഴകീറിയുള്ള പരിശോധനയിലാണ് അഭിപ്രായ വ്യത്യാസം എന്ന തീരുമാനത്തില്‍ അവര്‍ എത്തിയതെന്ന് തോന്നുന്നു. ഈ സമയത്ത് ഛത്തീസ്ഗഡ ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. എന്നാല്‍ മോദി-ഷാ അഭിപ്രായ വ്യത്യാസം അണികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ചിലരുടെ തന്ത്രമാണെന്ന വാദവും ചിലസ്ഥലങ്ങളില്‍നിന്നുയര്‍ന്നിരുന്നു.

എന്തുകൊണ്ടാണ് ചിലര്‍ തെളിവുകള്‍ ഒന്നും ഇല്ലാതെ മോദി-ഷാ അഭിപ്രായ വ്യത്യാസങ്ങളപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടിവരും. അമിത്ഷാ ഇല്ലെങ്കില്‍ അത് നരേന്ദ്രമോദിയെ ഗണ്യമായി ദുര്‍ബലപ്പെടുത്തും എന്നതാണ് അതില്‍ പ്രധാനമായ വസ്തുത. ഒരു അഭിപ്രായ വ്യത്യാസത്തിനായി കാത്തിരിക്കുന്നവര്‍ അങ്ങനെ സംഭവിക്കുന്നതായി ഭാവനയില്‍ കാണുകയാണ്. ഇന്ന് ഒരാള്‍ ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെയുള്ള, ദര്‍ശനാത്മക നേതാവായി സ്വയം അവതരിപ്പിക്കുന്നു. മറ്റൊരാള്‍ ഹിന്ദുത്വം മാത്രം പിന്തുടരുന്ന നേതാവാണ്. മോദിയുടെ ഹിന്ദുത്വ ഏകീകരണത്തിന്റെ സഹായിയാണ് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലല്ലാത്തപ്പോള്‍ മോദി അത് ഉപയോഗിക്കുന്നു-ഇങ്ങനെയാണ് വസതുകള്‍ ലിബറലുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്ന് അവര്‍ക്കുതന്നെ അറിയാം.

രണ്ടാമതായി, അവര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ അമിത് ഷാ സംവിധാനം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അവസാനം കുറിക്കുമെന്ന് അവര്‍ കരുതുന്നു. ബൂത്ത് മാനേജ്‌മെന്റ് മുതല്‍ വിവര പ്രചാരണങ്ങള്‍ക്കുവരെ ഷാ അധ്യക്ഷനാകുന്നു. മോദിയെ ഒരു കരിസ്മാറ്റിക് പ്രാസംഗികനായിട്ടാണ് പൊതുവേ കാണുന്നത്. മോദിക്ക് സന്ദേശമുണ്ടെങ്കില്‍ അതിന്റെ മികച്ച വിതരണം അമിത്ഷാ ഉറപ്പാക്കുന്നു. ഇതിലെല്ലാം വീഴ്ച സംഭവിക്കണമെങ്കില്‍ ഇരുനേതാക്കളും തെറ്റിപ്പിരിയേണ്ടതുണ്ട്. അതിനു തെളിവുകള്‍ ഒന്നുംഇല്ലെങ്കിലും അതേപ്പറ്റിമാത്രം ചിലര്‍ സംസാരിക്കുന്നു.
മൂന്നാമതായി, മോദി തന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെയും പ്രധാനവാര്‍ത്തകളെയും കുറിച്ച് സ്വയം ബോധമുള്ളവനായി മാറി. എന്നാല്‍ അമിത് ഷാ തന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെക്കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിലും പൗരത്വ നിയമ ഭേദഗതിയും സംബന്ധിച്ച് അദ്ദേഹത്തിന് വളരെ അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ സ്വന്തം അന്തര്‍ദ്ദേശീയ പ്രതിച്ഛായയെക്കുറിച്ച് ശ്രദ്ധിക്കാത്ത ഒരാള്‍ കര്‍ശനമായ ഹിന്ദുത്വ അജണ്ട പിന്തുടരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അതിനാല്‍ അമിത് ഷാ പോയാല്‍ ഹിന്ദുത്വ പദ്ധതിയെ മെരുക്കാമെന്ന് ലിബറലുകള്‍ പ്രതീക്ഷിക്കുന്നു. ഇതിനും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കേണ്ടതുണ്ട്.

നാലാമത്, കഴിഞ്ഞ ആറ് വര്‍ഷമായി മോദിയും ഷായും ബിജെപിയില്‍ ചുക്കാന്‍ പിടിക്കുമ്പോള്‍, രണ്ടാം സ്ഥാനക്കാരായ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പരേതരായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ക്ക് പിന്മാറേണ്ടിവന്നിരുന്നു. കാരണം മോദിയെ പിന്തുടരാന്‍ അമിത്ഷായെ നിയോഗിച്ചിട്ടുണ്ടെന്ന് എല്ലാവരും കരുതുന്നു. ആസൂത്രിതമായ ആ പിന്തുടര്‍ച്ചയില്‍ സംശയമുണ്ടെങ്കില്‍, ഒരു സമ്പൂര്‍ണ്ണ നേതൃത്വ നാടകം അവതരിപ്പിക്കപ്പെടാം. മോദിക്കുശേഷം അമിത് ഷാ തെരഞ്ഞെടുക്കപ്പെട്ട ആളല്ലെങ്കില്‍ നേതാക്കള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ നിശബ്ദമാക്കേണ്ടതില്ല. അത് ബിജെപിയെ ദുര്‍ബലമാക്കും. ബിജെപിയുടെ പതനം കാത്തിരിക്കുന്നവര്‍ ലക്ഷ്യമിടുന്നത് ഇതാണ്. മന്ത്രിമാര്‍ ക്യാമ്പുകള്‍ രൂപീകരിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും യുപിഎ വഴിക്ക് പോകുകയും ചെയ്യും.

അവസാനമായി, തങ്ങളുടെ ‘ഇന്ത്യയെക്കുറിച്ചുള്ള ആശയം’ ഉപയോഗിച്ച് മോദിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ലിബറലുകള്‍ക്ക് അറിയാം. അവര്‍ ഇപ്പോഴും ദന്തഗോപുരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. അതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ നേട്ടം ഉണ്ടാകണമെങ്കില്‍ മോദി-ഷാ കൂട്ടുകെട്ടില്‍ വിള്ളല്‍ വീഴണം. അങ്ങനെയെങ്കില്‍ മാത്രമെ മോദിയുടെ പ്രതിച്ഛായക്ക് കളങ്കം ഉണ്ടാകു എന്ന് വിമര്‍ശകരും ഗൂഢാലോചനാ സിദ്ധാന്തക്കാരും കരുതുന്നു. അവര്‍ അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യത്തെക്കുറിച്ചും ടൈം മാസികയുടെ അലക്‌സ് പെറിയുടെ ലേഖനത്തെക്കുറിച്ചും പിന്നീട് മന്‍മോഹന്‍സിംഗിനെക്കുറിച്ചും സംസാരിക്കുന്നു. ഇപ്പോള്‍ അവര്‍ അമിത് ഷായുടെ ആരോഗ്യത്തെക്കുറിച്ചും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു. അവര്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു, ഇനിയും അത് തുടര്‍ന്നുപോകുകയും ചെയ്യും.

Comments

comments

Categories: Top Stories
Tags: Modi, Modi-Shah