വിമാനങ്ങളിലെ സാമൂഹിക അകല നിബന്ധനകള്‍ക്കെതിരെ അയാട്ട

വിമാനങ്ങളിലെ സാമൂഹിക അകല നിബന്ധനകള്‍ക്കെതിരെ അയാട്ട

ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മാസ്‌ക് ആകാം, പക്ഷേ നടുവിലെ സീറ്റ് ഒഴിച്ചിടണോ

ദുബായ്: വിമാനത്തിനുള്ളില്‍ കോവിഡ്-19 പകരാനുള്ള സാധ്യത കുറവാണെന്നും മൂന്നുപേര്‍ക്കുള്ള സീറ്റില്‍ നടുവിലുള്ള സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്നും അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന (അയാട്ട). യാത്രക്കാരും ജീവനക്കാരും വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശത്തെ പിന്തുണച്ച അയാട്ട പക്ഷേ, സീറ്റ് ഒഴിച്ച് ഇടുന്നത് അടക്കമുള്ള ശാരീരിക അകല നിബന്ധനകളെ എതിര്‍ത്തു.

നടുവില്‍ സീറ്റ് ഒഴിച്ചിടുന്നത് വലിയ രീതിയിലുള്ള നഷ്ടത്തിന് വഴിവെക്കുമെന്ന് അയാട്ട അവകാശപ്പെട്ടു. വരുമാനവും ചിലവും സന്തുലിതമാക്കാന്‍ സാധിച്ചില്ലെങ്കില്‍ വിമാനക്കമ്പനികള്‍ പാപ്പരത്തത്തിലേക്ക് പോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഇപ്പോഴുള്ള തെളിവുകള്‍ അനുസരിച്ച് വിമാനത്തിനുള്ളില്‍ വൈറസ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും അയാട്ട അവകാശപ്പെട്ടു.

വിമാനത്തിനുള്ളില്‍ ആളുകള്‍ മുന്നോട്ട് നോക്കിയിരിക്കുന്നതിനാല്‍ (മുഖത്തോടു മുഖം അല്ലാതെ) സീറ്റ് രണ്ടാള്‍ക്കിടയില്‍ തടസമായി വര്‍ത്തിക്കുമെന്നാണ് അയാട്ടയുടെ വാദം. മാത്രമല്ല, മുകള്‍ഭാഗത്ത് നിന്നും താഴേക്കുള്ള വായുവിന്റെ ചലനം വൈറസ് വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നു. മറ്റ് ആന്തരിക അന്തരീക്ഷങ്ങളെ അപേക്ഷിച്ച് വായു സഞ്ചാര നിരക്ക് ഉയര്‍ന്നതല്ലാത്തതിനാലും ജലകണങ്ങളെ (ഡ്രോപ്പ്‌ലെറ്റ്) കടത്തിവിടാത്തതിനാലും വിമാനങ്ങളില്‍ പകര്‍ച്ചവ്യാധി വ്യാപനത്തിനുള്ള സാധ്യത കുറവാണെന്ന് അയാട്ട പറയുന്നു. മാത്രമല്ല, ആധുനിക വിമാനങ്ങളില്‍ കാണപ്പെടുന്ന ‘ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് എയര്‍'(എച്ച്ഇപിഎ) ആശുപത്രികളിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ ഗുണനിലവാരത്തിലേക്ക് കാബിനുകളെ ശുദ്ധീകരിക്കുമെന്നും അയാട്ട അവകാശപ്പെട്ടു. ഇക്കാരണങ്ങള്‍ കൊണ്ട് വിമാനത്തിലെ കാബിന്‍ അന്തരീക്ഷത്തില്‍ വൈറസിന് സഞ്ചരിക്കാന്‍ സാധിക്കില്ലെന്ന് അയാട്ട മേധാവി അലക്‌സാണ്ടര്‍ ഡി ജൂനിയാക് പറഞ്ഞു. മറ്റ് നടപടികളിലൂടെ കാബിന്‍ അന്തരീക്ഷം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അങ്ങനെവന്നാല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സമാധാനത്തോടെ വിമാനയാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന, മുഖം മറയ്ക്കല്‍, മാസ്‌കുകള്‍ തുടങ്ങിയ നിബന്ധനകളെ അനുകൂലിക്കുന്നുണ്ടെന്നും ജൂനിയാക് പറഞ്ഞു.

വിമാനത്തിനുള്ളില്‍ എല്ലാവരും മാസ്‌കുകള്‍ ധരിക്കുന്നതിന് പുറമേ യാത്രക്കാരുടെയും എയര്‍പോര്‍ട്ട് ജീവനക്കാരുടെയും, കാബിന്‍ ജീവനക്കാരുടെയും താപനില പരിശോധന, വിമാനം പറന്നുയര്‍ന്നതിന് ശേഷം അകത്തുള്ള സഞ്ചാരത്തിന് നിയന്ത്രണം അടക്കമുള്ള താത്കാലിക നിബന്ധനകളാണ് വിമാനത്തിനുള്ളിലെ പകര്‍ച്ചവ്യാധി ഭീഷണി കുറയ്ക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇടയ്ക്കിടെ കൂടുതല്‍ ആഴത്തിലുള്ള ശുചീകരണവും ബോര്‍ഡിംഗ് സമയത്തും പുറത്തിറങ്ങുമ്പോഴും സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. കാലക്രമേണ ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് നല്‍കാനും നോവല്‍ കൊറോണ വൈറസ് പരിശോധന ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.

ശാരീരിക അകല നിബന്ധനകള്‍ അടിസ്ഥാനപരമായി വ്യോമയാന മേഖലയുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് അയാട്ടയുടെ അവകാശവാദം. ഇതോടെ പരമാവധി യാത്രാവാഹക ശേഷി 62 ശതമാനമായി കുറയും. ലാഭത്തില്‍ എത്തുന്നതിനായി വേണ്ടുന്ന 77 ശതമാനത്തേക്കാള്‍ വളരെ കുറവാണിത്. അങ്ങനെവന്നാല്‍ ചിലവിനെ മറികടക്കുന്നതിനായി ടിക്കറ്റ് നിരക്ക് 43-54 ശതമാനം വരെ കൂട്ടേണ്ടതായി വരുമെന്നും അയാട്ട മുന്നറിയിപ്പ് നല്‍കി.

Comments

comments

Categories: Arabia
Tags: IATA

Related Articles