കോവിഡ് രാഷ്ട്രീയത്തിലെ പരീക്ഷണങ്ങള്‍

കോവിഡ് രാഷ്ട്രീയത്തിലെ പരീക്ഷണങ്ങള്‍

കൊറോണക്കെതിരായ ഈ സാഹചര്യം മറ്റുമുഖ്യമന്ത്രിമാര്‍ വളരെ ഫലപ്രദമായി നേരിടുമ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ സ്ഥാനം ഏറ്റവും പിന്നിലാണ്.

കൊറോണ പകര്‍ച്ചവ്യാധിയെ നേരിടാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ച നയങ്ങള്‍ ഇന്ന് വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. രോഗികളുടെയും മരണസംഖ്യയുടെയും കാര്യത്തില്‍ അവര്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്ന ആരോപണം വൈറസ്ബാധ ആരംഭിച്ചപ്പോള്‍ മുതല്‍ ഉയരുകയാണ്. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് സംസ്ഥാനം ആരോഗ്യരംഗത്ത് മികവുപുലര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നാണ് ആരോപണം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വൃത്തികെട്ട തന്ത്രമായാണ് ഇതിനെ മറ്റുള്ളവര്‍ കാണുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമന്ത്രിയെയും ബിജെപിയെയും കുറ്റപ്പെടുത്തുക എന്നതാണ് മമത സ്ഥിരമായി പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ നീക്കം. കൊറോണക്കാലത്തും അവര്‍ അതുതന്നെ ചെയ്യുന്നു. എന്നാല്‍ ഇന്ന് മമതയുടെ രാഷ്ട്രീയ കളികള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍ അത് ഭാവിയില്‍ മുഖ്യമന്ത്രിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

കോവിഡ് -19 പ്രതിസന്ധി രാജ്യത്തുടനീളമുള്ള മുഖ്യമന്ത്രിമാരുടെ നേതൃത്വവും ഭരണപരമായ കഴിവുകളും എല്ലാവരുടെയും ശ്രദ്ധയില്‍ക്കൊണ്ടുവന്നു.വൈറസ് വ്യാപിക്കുന്നത് തടയാനുള്ള അവരുടെ നീക്കങ്ങള്‍ മറ്റുള്ളവരുടെ പ്രോത്സാഹനത്തിനും കാരണമായി. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിന് ഒരു അപവാദമാണ് എന്നു പറയേണ്ടിവരും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മമതയെ സംബന്ധിച്ചിടത്തോളം മറ്റെല്ലാ കാര്യങ്ങള്‍ക്കും മുകളിലാണെന്ന് തോന്നുന്നു. അവര്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും അതിലാണ്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുമായി അവര്‍ നിരന്തര യുദ്ധം നടത്തുന്നു.

മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, പിണറായി വിജയന്‍, ഭൂപേഷ് ബാഗേല്‍, അമരീന്ദര്‍ സിംഗ്, നവീന്‍ പട്‌നായിക്, അസമിലെ ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ തുടങ്ങിയവര്‍ അഭൂതപൂര്‍വമായ ഈ സാഹചര്യത്തെ നേരിടാനുള്ള മികച്ച കഴിവാണ് പ്രകടിപ്പിക്കുന്നത്. അതിനെത്തുടര്‍ന്ന് ഇവര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. എന്നാല്‍ ഇവിടെ മമതാ ബാനര്‍ജിയുടെ സ്ഥാനം വളരെ പിന്നിലാണ്. എന്നാല്‍ തെരുവിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍മാത്രമാണ് അവര്‍ ഇന്നും മുന്നിലുള്ളത്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെപ്പോലെ. മറ്റ് മുഖ്യമന്ത്രിമാര്‍ പ്രതിസന്ധികള്‍ തികച്ചും ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യുമ്പോള്‍ മമതയുടെ നിലവാരം താഴുകയാണ്. ബിജെപിയുടെ മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍, ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് എന്നിവര്‍ സ്ഥിതിഗതികള്‍ക്കൊത്തുയര്‍ന്നിട്ടില്ലെങ്കിലും മമതയെക്കാള്‍ ഏറെ മുന്നിലാണ്.

മമത ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം കോവിഡ് -19 മറ്റൊരു രാഷ്ട്രീയ ഉപകരണമായി മാറി. അടുത്ത വര്‍ഷം നടക്കുന്ന ഒരു തെരഞ്ഞെടുപ്പിനെയാണ് മുഖ്യമന്ത്രി ഉറ്റുനോക്കുന്നത്. അധികാരത്തില്‍ തിരിച്ചെത്താനുള്ള അവരുടെ ശ്രമത്തെ ശക്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മറ്റുസംവിധാനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. മമതതയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയായിരുന്നു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. അന്ന് ബിജെപി സംസ്ഥാനത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് നേടിയത്. ഇക്കാരണത്താല്‍ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ശ്രമിക്കുന്നു. കൊറോണക്കാലത്ത് മരണസംഖ്യ വര്‍ധിച്ചാല്‍ അത് ആരോഗ്യവകുപ്പിന്റെ വീഴ്ചയായി കണക്കാക്കുമെന്ന് മമത ഭയക്കുന്നു. ഇക്കാരണത്താലാണ് അവര്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്താന്‍ തയ്യാറാകാത്തത്.

നിലവിലുള്ള വൈറസ് വ്യാപന പ്രതിസന്ധിക്ക് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് എന്നും അവര്‍ശ്രമിച്ചത്. കൊറോണ വൈറസ് വ്യാപനം അതിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്ന മാര്‍ച്ചില്‍ ഡെല്‍ഹിയിലെ സാമുദായിക കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബിജെപി സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നുവരെ മമത ആരോപിച്ചിരുന്നു. കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഗുരുതരമായ ആരോഗ്യ അടിയന്തിരാവസ്ഥയെ ഒരു സംസ്ഥാന മുഖ്യമന്ത്രി നിസാരവല്‍ക്കരിച്ചത് നിരുത്തരവാദപരമായ നടപടിയായിമാറി. പിന്നീട് വൈറസിന്റെ ഗുരുതരാവസ്ഥ മമതക്കുതന്നെ ബോധ്യപ്പെട്ടുവെങ്കിലും അവര്‍ നിലപാട് മാറ്റിയിരുന്നില്ല.

ഇതെല്ലാം ഒരു തുടക്കം മാത്രമായിരുന്നു. പശ്ചിമ ബംഗാളിലെ മന്ദഗതിയിലുള്ള പരിശോധനകള്‍ വീണ്ടും വിമര്‍ശനം വിളിച്ചുവരുത്തി. കേന്ദ്രം വിതരണം ചെയ്യുന്നത് നിലവാരമില്ലാത്ത കിറ്റുകളാണെന്ന് അവര്‍ ആരോപണമുന്നയിച്ചു. പരിശോധനാഫലങ്ങളില്‍ തെറ്റുണ്ടായാല്‍ കേന്ദ്രമാണ് അതിനുത്തരവാദി എന്നു പറഞ്ഞ മമത മോദി സര്‍ക്കാരുമായി നിരന്തരം കലഹിക്കുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ കാലതാമസമുണ്ടായതായും വിമാനത്താവളങ്ങള്‍ അടച്ചിടുന്നതില്‍ വൈകിയെന്നും അവര്‍ കുറ്റപ്പെടുത്തി.

തീര്‍ച്ചയായും, മോദി സര്‍ക്കാര്‍ സ്വന്തം രാഷ്ട്രീയം കളിച്ചിട്ടുണ്ട്, മമതാ ബാനര്‍ജിക്ക് കേന്ദ്രം നിരന്തരം കത്തുകള്‍ അയയ്ക്കുകയും പ്രതിസന്ധി മോശമായി കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ ഏഴ് സ്ഥലങ്ങളിലേക്ക് രണ്ട് കേന്ദ്ര ടീമുകളെ അയക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മോദിയുടെ ഒരേയൊരു രാഷ്ട്രീയ എതിരാളി മമത മാത്രമല്ല. അരവിന്ദ് കേജ്രിവാളിന് കേന്ദ്രവുമായി അസുഖകരമായ ബന്ധമാണുള്ളത്. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍ തുടങ്ങിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരടക്കം പ്രതിസന്ധിയെ നേരിടാന്‍, കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. മറിച്ച് മമതയും തൃണമൂല്‍ കോണ്‍ഗ്രസും രാഷ്ട്രീയ ആരോപണങ്ങള്‍ നിരന്തരം വര്‍ധിപ്പിക്കുകമാത്രം ചെയ്യുന്നു. ഇതിനുപുറമേയാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറുമായുള്ള പതിവ് പോരാട്ടങ്ങള്‍.

മമത ബാനര്‍ജിയുടെ സമീപനത്തില്‍ ഇക്കാലത്തും പുതുമയൊന്നുമില്ല. അവരുടെ രാഷ്ട്രീയം എല്ലായ്പ്പോഴും ഇങ്ങനെയായിരുന്നു. പശ്ചിമ ബംഗാളില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുമുന്നണി ഭരണം അവസാനിപ്പിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന ഗുണങ്ങള്‍ അവരിലുണ്ട്.
മോദിയുടെ അര്‍ത്ഥശാസ്ത്രത്തിനും ജനപ്രീതിക്കും മുന്നില്‍ പോലും മമതയ്ക്ക് സ്വന്തമായി പിടിച്ചുനില്‍ക്കാന്‍ കഴിയും. അവള്‍ക്ക് വേറിട്ടതും തടസമില്ലാത്തതുമായ ശൈലിയുണ്ട്. എന്നാല്‍ ഒരു ഭരണാധികാരി എന്നനിലയില്‍ അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരാളുടെ ശത്രുവായി മാറുന്ന ഗുണങ്ങളാണത്.

വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മമത ഒരു വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞു. അതിനോടുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയമാണ് സ്ഥിതി വഷളാക്കുന്നത്. ആരോഗ്യപരമായ അവസ്ഥയെ ടിഎംസി സര്‍ക്കാര്‍ പൂര്‍ണമായും നിയന്ത്രിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ മനഃപൂര്‍വ്വം സംഖ്യ കുറയ്ക്കുക, പ്രതിസന്ധി കുറച്ചുകാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവരുടെ സര്‍ക്കാരിനെതിരെ മറ്റുള്ളവര്‍ ചുമത്തുന്നത്. ഏപ്രില്‍ ഒന്നിന് ശേഷം സര്‍ക്കാര്‍ ദിവസേനയുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചു, അതില്‍ പ്രസക്തമായ എല്ലാ അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയിരുന്നു, ഇത് പ്രതിപക്ഷആക്രമണത്തിന് കാരണമായി. ബുള്ളറ്റിന്‍ പിന്നീട് വീണ്ടും ആരംഭിച്ചുവെങ്കിലും മാറ്റം വരുത്തിയ ഫോര്‍മാറ്റും കുറച്ച് വിശദാംശങ്ങളും.
മാത്രമാണ് അതില്‍ ഉണ്ടായിരുന്നത്്. അക്കങ്ങള്‍ക്ക് വലിയ പൊരുത്തക്കേട് ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു മാസം മുമ്പ് ഏപ്രില്‍ 3 ന് കോവിഡ് -19 നായി പശ്ചിമ ബംഗാളില്‍ സജീവമായ കേസുകള്‍ 38 ആണെന്ന് മമത പറഞ്ഞു. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ 63 കേസുകളാണ് അപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതുപോലെ , പശ്ചിമ ബംഗാളിലെ കൊറോണ വൈറസ് മരണസംഖ്യ സംബന്ധിച്ച് കേന്ദ്രം അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഏകദേശം നാല് മടങ്ങായാണ് വര്‍ദ്ധിച്ചത്.

പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഒരു പ്രസ്താവന നടത്താന്‍ അവര്‍ തെരുവിലിറങ്ങുന്നു, സാമൂഹിക അകലം പാലിക്കാതെ ലോക്ക്ഡൗണ്‍ ലംഘിക്കുന്നതും വിമര്‍ശനത്തിന് വിധേയമായി. അടുത്തിടെയാണ് അവര്‍ ഇത് ഒഴിവാക്കാന്‍ തീരുമാനിച്ചത്. മമതയുടെ കോവിഡ് തന്ത്രം ഇപ്പോള്‍ ഒരു വഴിത്തിരിവ് കാണുന്നുണ്ടാകാം. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയില്‍, ഉന്നത പദവിയിലുള്ള ഒരു നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന പക്വത അവര്‍ ഇവിടെ പുലര്‍ത്തുന്നില്ല. തന്നിലെ രാഷ്ട്രീയ നേതാവിനെ മികച്ചതാക്കാന്‍ മമത ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി എന്നനിലയില്‍ അവര്‍ വലിയ വീഴ്ച വരുത്തുന്നു.

Comments

comments

Categories: Top Stories