പാവപ്പെട്ടവരുടെ കൈയിലേക്ക് പണമെത്തിക്കുക

പാവപ്പെട്ടവരുടെ കൈയിലേക്ക് പണമെത്തിക്കുക

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് പാവപ്പെട്ടവരുടെ കൈയിലേക്ക് നേരിട്ട് പണമെത്തിക്കുക എന്നതിനാണ്

കൊറോണ സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് വീണ്ടും ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം ചെലവിടല്‍ കൂട്ടുകയെന്നതു തന്നെയാണ്. അതായത് സര്‍ക്കാര്‍ കൂടുതല്‍ ചെലവിടല്‍ നടത്തുക. ആവശ്യമെന്നോ അനാവശ്യമെന്നോ അറിയാത്ത നിരവധി പദ്ധതികള്‍ക്കായും വിദേശ നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ക്കായുമെല്ലാം പൊതുവെ കോടിക്കണക്കിന് രൂപയാണ് എല്ലാ സര്‍ക്കാരുകളും ചെലവിടാറുള്ളത്. എന്നാല്‍ കോവിഡ് പോലുള്ള മഹാമാരിയുടെ സമയത്ത് പുനരുജ്ജീവനത്തിനായുള്ള ചെലവിടല്‍ നടത്തേണ്ട ചര്‍ച്ചകള്‍ വരുമ്പോള്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്.

നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞത് ഈ വേളയില്‍ ശ്രദ്ധേയമാണ്. പാവങ്ങളുടെ കൈയിലേക്ക് നേരിട്ട് പണമെത്തിക്കുന്ന തരത്തിലുള്ള സമാശ്വാസ നടപടികളാകണം ഈ സാഹചര്യത്തില്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ ദിവസം മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ച പോലെ ആവശ്യകതയിലുണ്ടായിരിക്കുന്നത് സമാനതകളില്ലാത്ത ഇടിവാണ്. ആവശ്യകത കൂട്ടുന്നതിന് കൂടുതല്‍ ചെലവിടല്‍ നടത്തുകയെന്നതാണ് അധികം സങ്കീര്‍ണതകളില്ലാത്ത മാര്‍ഗം. ഇവിടെയാണ് ബാനര്‍ജിയുടെ നിര്‍ദേശം പ്രസക്തമാകുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിലുള്ള 60 ശതമാനം ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണമെത്തിക്കണമെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയം.

പൊതുതെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കായി സമാനമായ നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. പണം കിട്ടുന്ന ചിലര്‍ക്ക് ആ പണം ആവശ്യമായിരിക്കില്ല. അങ്ങനെയുള്ളവരാണെങ്കില്‍ കൂടിയും അവര്‍ അത് ചെലവിടും. അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും-ഇന്നലെ രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംവാദത്തില്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി.

മറ്റൊരു പ്രധാനപ്പെട്ട കാര്യം സാമ്പത്തിക ഉത്തേജക പാക്കേജിന്റേതാണ്. അമേരിക്കയുടേത് പോലെ വലിയൊരു സാമ്പത്തിക പാക്കേജാനണ് നമുക്കാവശ്യമെന്നും ബാനര്‍ജിയെ പോലെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്.

മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ശേഷം റീറ്റെയ്ല്‍ മേഖലയ്ക്ക് 5.50 ലക്ഷം കോടിയിലധികം രൂപ നഷ്ടമായെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) വ്യക്തമാക്കിയത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ റീറ്റെയ്ല്‍ മേഖലയിലെ 20 ശതമാനം വ്യാപാരസ്ഥാപനങ്ങളെങ്കിലും പൂട്ടിപ്പോകുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു. ഏകദേശം ഒന്നര കോടിയോളം വ്യാപാരികള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ തീര്‍ച്ചയായും വേണ്ടെന്നു വെക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇവരെ ആശ്രയിച്ചിരിക്കുന്ന 75 ലക്ഷത്തോളം വ്യാപാരികള്‍ക്ക് അധികം താമസിയാതെ ബിസിനസ് അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയും സംഘടന പങ്കുവയ്ക്കുന്നുണ്ട്. ഈ സാമ്പത്തിക ദുര്‍ഘടാവസ്ഥയെ തരണം ചെയ്യാന്‍ ശേഷിയില്ലാത്ത സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരാണ് മിക്കവരും എന്നതിനാല്‍ തന്നെ അവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പിന്തുണ കൂടിയേ തീരൂ. അത്രക്കും ഭയാനകമാണ് സാമ്പത്തിക രംഗത്തെ പരിതസ്ഥിതി. ഇത് തിരിച്ചറിഞ്ഞുള്ള സാമ്പത്തിക പുനരുജ്ജീവന പദ്ധതികളാണ് നമുക്കാവശ്യം. ആ ബോധ്യമുണ്ടായില്ലെങ്കില്‍ ഭാരതത്തെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയുടെ നാളുകളായിരിക്കും.

Categories: Editorial, Slider