ആഘാതം നേരിടാന്‍ ജാഗ്രത കാണിക്കണം

ആഘാതം നേരിടാന്‍ ജാഗ്രത കാണിക്കണം

കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്. ദീര്‍ഘവീക്ഷണത്തിലുള്ള നടപടികളില്ലെങ്കില്‍ ദുരിതം ഭയാനകമായിരിക്കും

കോവിഡ്-19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നയരൂപകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്താണ്. അതിനാലാണ് പല കാര്യങ്ങളും ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ അവര്‍ക്ക് സാധിക്കാത്തത്. ജനക്ഷേമത്തിലധിഷ്ഠിതമായാകണം മഹാമാരിക്കാലത്തെ നടപടികളെന്ന ബോധ്യം പലപ്പോഴും ഭരണാധികാരികള്‍ക്ക് നഷ്ടമാകുന്നതിന് ഉദാഹരണമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയുടെ ചെലവ് ആര് വഹിക്കണമെന്നത് സംബന്ധിച്ചുണ്ടായ വിവാദങ്ങളെല്ലാം.

രാജ്യത്തിന്റെ മൊത്തം ബിസിനസ് അന്തരീക്ഷത്തെ കലുഷിതമാക്കിയിരിക്കുകയാണ് കോവിഡും അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി, ലോക്ക്ഡൗണിനിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 54 ശതമാനം പേര്‍ക്കും വരുമാനത്തില്‍ വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്. 67 ശതമാനത്തോളം പേര്‍ അവരുടെ ചെലവിടലില്‍ കാര്യമായ കുറവ് വരുത്തി.

അത്യാവശ്യമല്ലെന്ന് തോന്നുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടെന്ന് തന്നെയാണ് ഉപഭോക്താക്കളുടെ പുതിയ മനോഭാവം. അപ്പാരല്‍, അക്‌സസറീസ്, ഫുട്‌വെയര്‍, ആല്‍ക്കഹോള്‍, സ്‌നാക്‌സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, പേഴ്‌സണല്‍ കെയര്‍ സേവനങ്ങള്‍, വാഹനം വാങ്ങല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഉപഭോക്താക്കള്‍ വേണ്ടെന്ന് വെക്കുമെന്നാണ് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പദ് വ്യവസ്ഥ എത്രമാത്രം തകര്‍ന്ന് തുടങ്ങിയെന്ന് വ്യക്തമാക്കുന്നു ഇത്.

ഉപഭോഗം എക്കാലത്തെയും വലിയ തകര്‍ച്ചയിലാണ് എത്തി നില്‍ക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെയെല്ലാം സമ്പദ് വ്യവസ്ഥ പ്രധാനമായും ഉപഭോഗത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇത് സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ഇന്നലെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പുറത്തുവിട്ട സര്‍വേ ഫലം അനുസരിച്ച് രാജ്യത്തെ മിക്ക സിഇഒമാരും കരുതുന്നത് ആഭ്യന്തര ആവശ്യകത വര്‍ധിക്കാന്‍ ആറ് മുതല്‍ 12 മാസം വരെ എടുക്കുമെന്നാണ്.

ഈ പാദം എഴുതിത്തള്ളിയതിന് സമമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. അത്രമാത്രം ശോചനീയമാണ് അവസ്ഥ. രണ്ടാമത്തെ പാദമാകുമ്പോഴേക്കും കൊറോണയുടെ കൂടെ നിലനില്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് ബിസിനസുകാര്‍ കരുതുന്നത്. കാര്‍ നിര്‍മാതാക്കള്‍ക്കൊന്നും ഏപ്രിലില്‍ ഒരു കാര്‍ പോലും ഡീലര്‍മാര്‍ക്ക് കയറ്റി അയയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇനി എന്ന് പഴയ രീതിയിലേക്ക് ഉല്‍പ്പാദനം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ്.

ലോക്ക്ഡൗണ്‍ ഇനി ഒരു സ്ഥിരം ഏര്‍പ്പാടായാല്‍ ഏത് തരത്തിലാകും മുന്നോട്ട് പോകേണ്ടതെന്ന് ബിസിനസുകാര്‍ക്ക് നിശ്ചയമില്ല. അതിന് കൃത്യമായ ഒരു മാര്‍ഗരേഖ ഉണ്ടാക്കേണ്ടി വരും. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്നതു വരെ ബിസിനസും ജനജീവിതവും ജാഗ്രതയില്‍ തന്നെ വേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളായിരിക്കും. അവരെ പിടിച്ചുനിര്‍ത്തുന്നതിന് കൂടി ഉപകരിക്കുന്നതാകണം സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജുകള്‍. കോവിഡിനെതിരെയുള്ള ഇന്ത്യയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് ഏറ്റവും ചുരുങ്ങിയത് ജിഡിപിയുടെ 15 ശതമാനമെങ്കിലും ആകണം. നിലവില്‍ അത് ഒരു ശതമാനത്തിലും താഴെയാണെന്നത് മറക്കരുത്.

Categories: Editorial, Slider