എന്തു കൊണ്ട് ദക്ഷിണേഷ്യയില്‍ കോവിഡ് 19 കേസുകള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നു ?

എന്തു കൊണ്ട് ദക്ഷിണേഷ്യയില്‍ കോവിഡ് 19 കേസുകള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നു ?

കൊറോണ വൈറസിന്റെ ഒരു ലക്ഷ്യസ്ഥാനമാണു ദക്ഷിണേഷ്യയെന്നു പലരും അനുമാനിച്ചിരുന്നു. കാരണം ദാരിദ്രമുള്ള, മതിയായ ആരോഗ്യപരിരക്ഷാ സംവിധാനമില്ലാത്ത, ജനസാന്ദ്രതയേറിയ പ്രദേശമാണു ദക്ഷിണേഷ്യ. പക്ഷേ, ഇതു വരെയുള്ള പുരോഗതികള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും വിജയകരമായ പ്രതിരോധം തീര്‍ത്തത് ദക്ഷിണേഷ്യയാണെന്നു കണ്ടെത്താന്‍ സാധിക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നടപ്പിലാക്കിയ കര്‍ശനമായ ലോക്ക്ഡൗണാണ് കോവിഡ് 19 നെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സഹായിച്ചത്.

ദക്ഷിണേഷ്യയില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ്. അന്ന് എല്ലാവരും കരുതിയത്, ഏറ്റവും മോശം അവസ്ഥ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഉണ്ടാകുമെന്നായിരുന്നു. കാരണം ചേരികള്‍, ദാരിദ്ര്യം, മോശം ശുചിത്വം, രോഗം എന്നിവ ഏറ്റവും കൂടുതലുള്ള പ്രദേശം എന്നാണു ദക്ഷിണേഷ്യ എന്നു പറയുമ്പോള്‍ ലോകത്തിന്റെ മനസില്‍ ആദ്യം തെളിയുന്ന ചിത്രം. തീര്‍ച്ചയായും, ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് പിടിമുറുക്കിയാല്‍ ഇന്ത്യയും, പാകിസ്ഥാനും, ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മരണനിരക്കും ഉയരുമെന്നും സാമ്പത്തികവും സാമൂഹികവുമായ ദുരിതമുണ്ടാകുമെന്നുമാണ്.

എന്നാല്‍ മൂന്ന് മാസം പിന്നിടുമ്പോള്‍, ദക്ഷിണേഷ്യയില്‍ സ്ഥിരീകരിച്ചത് 60,000 കോവിഡ് 19 കേസുകള്‍ മാത്രമാണ്. എന്നാല്‍ അമേരിക്കയില്‍ 10 ലക്ഷത്തിലധികം പേരെ ബാധിച്ചു. യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയ്‌നിലും ഇറ്റലിയിലുമാകട്ടെ, രണ്ട് ലക്ഷത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചു. ദക്ഷിണേഷ്യയിലെ താരതമ്യേന കുറഞ്ഞ കേസുകളുടെ എണ്ണം ഒരു കടംകഥ പോലെ തോന്നിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഉയര്‍ന്ന ജനസാന്ദ്രതയും മോശം ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുമുള്ള ഒരു മേഖലയെന്ന നിലയില്‍. സ്വാഭാവികമായും ഇത്തരമൊരു സാഹചര്യത്തില്‍, ടെസ്റ്റിംഗ് കപ്പാസിറ്റിയെ കുറിച്ചു ചോദ്യം ഉയരും. ഇന്ത്യ ഇതുവരെ നടത്തിയത് 830,201 ടെസ്റ്റുകളാണ്. അതായത്, ഓരോ 10 ലക്ഷം ആളുകള്‍ക്ക് 614 ടെസ്റ്റ് എന്ന നിലയിലാണു പരിശോധന നടത്തിയത്. ലോക രാജ്യങ്ങളില്‍ വച്ചുതന്നെ ഏറ്റവും കുറഞ്ഞ പരിശോധനാ നിരക്കാണിത്. ഇന്ത്യയില്‍ നടത്തിയ കൊറോണ വൈറസ് പരിശോധനകളില്‍ വെറും നാല് ശതമാനം മാത്രമാണു പോസിറ്റീവ് കേസുകളായി റിപ്പോര്‍ട്ട് ചെയ്തതും. അമേരിക്കയിലാകട്ടെ, ഇത് 17 ശതമാനമാണ്. ഇങ്ങനെ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ വ്യാപകമല്ലെന്നു സൂചിപ്പിക്കുന്നു. ഒരു മഹാമാരിയുടെ വലിയ പൊട്ടിത്തെറിയുടെ മറ്റൊരു സൂചകമെന്നു പറയുന്നത് മരണപ്പെടുന്നവരുടെ എണ്ണമാണ്. അതായത്, ഒരു മഹാമാരിയുടെ തീവ്രത പ്രകടമാകുന്നത് അതിലൂടെ സംഭവിക്കുന്ന മരണ നിരക്കാണ്. ദക്ഷിണേഷ്യയെ സംബന്ധിച്ച് ഈ കാര്യത്തിലും (മരണനിരക്ക്) ഭയപ്പെടുത്തുന്നതൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രില്‍ അവസാന ആഴ്ചയില്‍ ഇന്ത്യയില്‍ മരണനിരക്ക് 1,079 ആയിരുന്നു. എന്നാല്‍ യുഎസിലാകട്ടെ 60,000-ത്തിലേറെ പേര്‍ മരണപ്പെട്ടു. ഇത്തരം കണക്കുകളിലൂടെ മനസിലാക്കാവുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഒന്നുകില്‍ പ്രതിസന്ധിയെ മറികടക്കുന്നതില്‍ വിജയിച്ചെന്നാണ്. അല്ലെങ്കില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നാണ്. അങ്ങനെയാണെങ്കില്‍ ഇന്ത്യയിലും, ബംഗ്ലാദേശിലും ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിലൂടെ കൊറോണ വൈറസ് വേഗത്തില്‍ വ്യാപിക്കില്ലെന്ന് ഉറപ്പാക്കുന്നു.

കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ ലോക്ക്ഡൗണ്‍ ഫലം കാണുന്നുണ്ടോ ?

രാജ്യത്തെ 130 കോടിയിലധികം വരുന്ന ജനങ്ങള്‍ക്കു മേല്‍ ഭാരത സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ആറ് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ വേണ്ടിയാണു മാര്‍ച്ച് 25 മുതല്‍ ഇന്ത്യയില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ മേയ് മാസം ആരംഭിച്ചിരിക്കുന്നു. രാജ്യം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് 41 ദിവസം കഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിലൂടെ ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. മേയ് ഒന്നിന് ഇന്ത്യ 24 മണിക്കൂറിനുള്ളില്‍ 1913 പുതിയ കൊറോണ വൈറസ് കേസുകളാണ് രേഖപ്പെടുത്തിയത്. അതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 കേസുകള്‍ 35,043 ആയി. 1,147 മരണങ്ങളും സംഭവിച്ചു. കോവിഡ് 19 അണുബാധകളില്ലാത്ത ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നു മേയ് ഒന്നിനു സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. മോദി സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ അണുബാധയുടെ വളര്‍ച്ചാ നിരക്ക് (the growth rate of infection) മന്ദഗതിയിലാണെന്നും അത് ലോക്ക്ഡൗണിന്റെ വിജയത്തിന്റെ തെളിവാണെന്നുമാണ്. എന്നാല്‍ വീട്ടില്‍നിന്നും അകന്നു കഴിയുന്ന രാജ്യത്തെ ദശലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ക്കു മതിയായ ഭക്ഷണസാധനങ്ങള്‍ ലഭിക്കാതെ വന്നതും, അവരെ ദാരിദ്രത്തിലേക്കു തള്ളി വിടുകയും ചെയ്തപ്പോള്‍ ലോക്ക്ഡൗണ്‍ വിജയമായിരുന്നെന്നു പറയാന്‍ സാധിക്കുമോ എന്ന മറു ചോദ്യവും ഉയരുന്നുണ്ട്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് നെഗറ്റീവായി മാറുകയും ചെയ്തിരിക്കുന്നു. ഈ ഘടകം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അനിശ്ചിതത്വം നിറഞ്ഞതായിരിക്കും ഭാവിയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു.

ഈ സാഹചര്യത്തില്‍ മതിയായ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആറ് ആഴ്ചകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും ചോദ്യം ഉയരുന്നുണ്ട്. ആറ് ആഴ്ചകള്‍ അടച്ചിട്ടപ്പോള്‍ സര്‍ക്കാര്‍ ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്കായി വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ല. അവരെ വിശപ്പിലേക്കു തള്ളി വിട്ടതിലൂടെ ഒരു പകര്‍ച്ചവ്യാധിയുടെ സമയത്ത് സര്‍ക്കാര്‍ അവരുടെ പ്രതിരോധശേഷി കുറയ്ക്കുകയാണു ചെയ്തതെന്നു പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. അമര്‍ ജെസാനി പറയുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സിന്റെ എഡിറ്ററും പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ചറും കൂടിയാണു ജെസാനി. രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് തിടുക്കത്തിലായിരുന്നു. അങ്ങനെ വളരെ പെട്ടെന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ അന്യസംസ്ഥാനങ്ങള്‍ ജോലിക്കു പോയവര്‍ കുടുങ്ങിപ്പോയി. നാട്ടിലേക്കു മടങ്ങാനുള്ള ക്രമീകരണങ്ങള്‍ അവര്‍ക്കു സര്‍ക്കാര്‍ നല്‍കിയില്ല. പൊതുഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ ആയിരക്കണക്കിനു ആളുകള്‍ക്കു അന്യസംസ്ഥാനങ്ങളില്‍ കഴിയേണ്ടി വന്നു. ചിലര്‍ നാട്ടിലേക്ക് കാല്‍ നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ചു. അവരില്‍ ചിലര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയുടെ പോളിമേക്കേഴ്‌സിന്റെ മനസിനെ അലട്ടുന്ന ഒരു പ്രധാന ഘടകം ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ രാജ്യത്ത് സംഭവിക്കുന്ന സാമ്പത്തിക നഷ്ടമാണ്. മാര്‍ച്ച് 25 മുതല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തിക സൂചകങ്ങളെ (economic indicators) റെഡ് സോണിലെത്തിച്ചിരിക്കുന്നു. ലോക്ക്ഡൗണിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ മാത്രം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു കുറഞ്ഞത് 93 ബില്യന്‍ യുഎസ് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നു കണ്ടെത്തിയിരുന്നു. മറ്റൊരു പ്രവചനം കൊറോണ വൈറസ് ബാധയും അതിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും മൂലമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയുടെ ഫലമായി ജിഡിപിയുടെ നാല് ശതമാനം വരെ നഷ്ടപ്പെടുമെന്നാണ്. തൊഴിലില്ലായ്മ കുറഞ്ഞത് 23 ശതമാനമായി ഉയരുമെന്നും സമ്പദ്‌രംഗത്തെ വളര്‍ച്ച 1.5 മുതല്‍ നെഗറ്റീവ് 0.9 ശതമാനം (0.9) മാത്രമായിരിക്കുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പറയുകയുണ്ടായി. ഇത്തരം മോശം സാമ്പത്തിക സൂചകങ്ങള്‍ അഥവാ ഇക്കണോമിക് ഇന്‍ഡിക്കേറ്റര്‍ ലോക്ക്ഡൗണ്‍ നീക്കം ചെയ്യണോ എന്നതു സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കും. കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളില്‍ അതു കൊണ്ട് ഇളവ് കൊടുത്തിരിക്കുകയാണ്. എന്നാല്‍ ഇളവുകള്‍ നല്‍കുമ്പോള്‍ അതിന്റെ ഫലമായി കൊറോണ വൈറസ് കേസുകള്‍ ഉയരുമോയെന്ന ആശങ്കയുമുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചാല്‍ ഒരു സെക്കന്‍ഡ് വേവിനുള്ള സാധ്യത വളരെ വലുതാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. കൊറോണ വൈറസ് രഹിതമെന്നു കരുതുന്ന മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ ടെസ്റ്റുകള്‍ അഥവാ പരിശോധനകള്‍ നടത്തണം. കേസുകളൊന്നുമില്ലെന്നു കണ്ടെത്താനുള്ള ഒരേയൊരു മാര്‍ഗമതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

വിജയ ഘടകം

കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പരാജയപ്പെട്ടിടത്ത്, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വിജയിച്ചെന്നു വേണം കരുതാന്‍. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശനമായിട്ടാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. മഹാമാരി പൊട്ടിത്തെറിയായി മാറുന്നതിനുമുമ്പ് തന്നെ ഈ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പാകിസ്ഥാന്‍ മാത്രമാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പ്രാരംഭഘട്ടത്തില്‍ മടികാണിച്ചത്. കോവിഡ് 19 നെ പ്രതിരോധിക്കുന്ന കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ തികഞ്ഞ നിസംഗതയാണു പുലര്‍ത്തിയത്. ഇന്ത്യയില്‍ കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ വിജയം കണ്ടത് ചില ഘടകങ്ങളാണ്. അവയില്‍ നിര്‍ണായകമായത്, കോണ്‍ടാക്റ്റ് ട്രേസിംഗും, ക്വാറന്റൈനുമാണ്. രോഗമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്തുന്ന രീതിയാണ് കോണ്‍ടാക്റ്റ് ട്രേസിംഗ്. ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും അഥവാ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തും. അങ്ങനെ കോവിഡ് 19 ശക്തമായി പ്രതിരോധിക്കാനും സാധിക്കുന്നു. ഇതിനു പുറമേ ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഭൂരിഭാഗവും യുവാക്കളാണ്. ഇതും കോവിഡ് 19 നെ പ്രതിരോധിക്കാന്‍ സഹായിച്ചു.

പറയാറായിട്ടില്ല

ലോകത്തിന് ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോവിഡ് 19 അവസാനിച്ചെന്നോ നിയന്ത്രണവിധേയമായെന്നോ പറയാനും സാധിക്കില്ല. അതു കൊണ്ടു തന്നെ ഏതെങ്കിലുമൊരു രാജ്യമോ പ്രദേശമോ കോവിഡ് 19 നെ വിജയകരമായി പ്രതിരോധിച്ചെന്ന് പ്രഖ്യാപിക്കാനും ഇപ്പോള്‍ സാധിക്കില്ല. അവിടെയാണു ദക്ഷിണേഷ്യയുടെ യഥാര്‍ഥ പ്രശ്‌നം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ അവരുടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ്. ഇന്ത്യയില്‍ കടകള്‍ തുറക്കുന്നതിനും, നിര്‍മാണം, കൃഷി, ഉല്‍പ്പാദന മേഖലകളില്‍ ജോലി ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കി. നോമ്പ് കാലമായതിനാല്‍ റമദാന്‍ നമസ്‌കാരത്തിനായി പള്ളികള്‍ തുറക്കാന്‍ പാകിസ്ഥാനില്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബംഗ്ലാദേശാകട്ടെ, സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഭാഗമായ ഗാര്‍മെന്റ് ഫാക്ടറികള്‍ വീണ്ടും തുറക്കുകയും ചെയ്തിരിക്കുന്നു. ഇതൊക്കെ കൊറോണ വൈറസിന്റെ സെക്കന്‍ഡ് വേവിനു കാരണമായേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Categories: Top Stories