സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ഇനി ‘അബുദാബി പേ’യുമായി തം

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ഇനി ‘അബുദാബി പേ’യുമായി തം

പണമടയ്ക്കല്‍, ഒത്തുതീര്‍പ്പ്, റിപ്പോര്‍ട്ട്, ഓഡിറ്റ്, ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് അബുദാബി പേയിലുള്ളത്

അബുദാബി: സുരക്ഷിതവും നിലവാരമുള്ളതുമായ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് എമിറേറ്റില്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി സര്‍ക്കാരിന്റെ സേവന ആവാസവ്യവസ്ഥയായ തം, അബുദാബി പേ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. പണമടയ്ക്കല്‍, ഒത്തുതീര്‍പ്പ്, റിപ്പോര്‍ട്ട്, ഓഡിറ്റ്, ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് അബുദാബി പേയിലുള്ളത്.

വളരെ എളുപ്പത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് പരിധികളില്ലാത്ത സൗകര്യമാണ് അബുദാബി പേ ഒരുക്കുന്നതെന്ന് ഗവണ്‍മെന്റ് സപ്പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ അലി റാഷിദ് അല്‍ കെത്ബി പറഞ്ഞു. ഡിജിറ്റല്‍ ഗവണ്‍മെന്റ് മേഖലയില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബി നിവാസികള്‍ക്കായുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ‘തം’ എന്ന ഒരൊറ്റ പ്ലാറ്റിഫോമില്‍ ഏകീകരിക്കാനുള്ള ശ്രമത്തിലാണ് അബുദാബി സര്‍ക്കാര്‍. സര്‍ക്കാര്‍ സേവനവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുക വഴി വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ ആളുകള്‍ നേരിട്ടെത്തുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണിത്. ‘ഗദന്‍ 21’ ഉദ്യമത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

അബുദാബി പോലീസ്, ആരോഗ്യവകുപ്പ്, ഊര്‍ജ വകുപ്പ്, സാമ്പത്തിക വികസന വകുപ്പ്, മുനിസിപ്പാലിറ്റി- ഗതാഗത വകുപ്പ്, അബുദാബി അഗ്രികള്‍ച്ചര്‍, ഭക്ഷ്യ സുരക്ഷ വകുപ്പ്, കസ്റ്റംസ് എന്നീ വകുപ്പുകളാണ് ആദ്യഘട്ടത്തില്‍ അബുദാബി പേ വഴിയുള്ള ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുക. ഭാവിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ ചാനലുകളെ അബുദാബി പേയുമായി ബന്ധിപ്പിക്കുമെന്ന് തം നടത്തിപ്പുകാരായ എഡിഡിഎയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹമീദ് അല്‍ അസ്‌കര്‍ പറഞ്ഞു.

Comments

comments

Categories: Arabia

Related Articles