ജാവ ബൈക്കുകള്‍ യൂറോപ്പിലേക്ക്

ജാവ ബൈക്കുകള്‍ യൂറോപ്പിലേക്ക്

ഈ വര്‍ഷം യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: പുതിയ ജാവ ബൈക്കുകള്‍ ഈ വര്‍ഷം യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ക്ലാസിക് ലെജന്‍ഡ്‌സ് ഇക്കാര്യം ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജാവ, ജാവ ഫോര്‍ട്ടി ടു, പെരാക് എന്നീ മോഡലുകളാണ് ജാവ ബ്രാന്‍ഡില്‍ ക്ലാസിക് ലെജന്‍ഡ്‌സ് ഇന്ത്യയില്‍ വില്‍ക്കുന്നത്. മധ്യപ്രദേശിലെ പീതംപുര്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനാണ് സാധ്യത. നിലവില്‍ മൂന്ന് മോഡലുകളും യൂറോ 5 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്. യൂറോപ്യന്‍ വിപണികള്‍ക്ക് അനുയോജ്യമാക്കുന്നതിന് ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.

യഥാര്‍ത്ഥ ജാവ മോട്ടോര്‍സൈക്കിളിന്റെ പകര്‍പ്പാണ് ജാവ എങ്കില്‍ ഇതേ മോഡലിന്റെ അല്‍പ്പം ആധുനിക പതിപ്പാണ് ജാവ ഫോര്‍ട്ടി ടു. രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നത് 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

അതേസമയം, കസ്റ്റം മോട്ടോര്‍സൈക്കിളെന്ന് തോന്നിപ്പിക്കുന്ന ബോബറാണ് പെരാക്. പൂര്‍ണമായും കറുപ്പണിഞ്ഞ മോട്ടോര്‍സൈക്കിളിന്റെ സീറ്റ് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്നതാണ്. 334 സിസി, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 30 ബിഎച്ച്പി കരുത്തും 31 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

Comments

comments

Categories: Auto
Tags: Jawa