കൊറോണ മരണ നിരക്ക് കുറയുന്നത് ആശ്വാസം

കൊറോണ മരണ നിരക്ക് കുറയുന്നത് ആശ്വാസം

കൊറോണ മരണ നിരക്ക് ഇന്ത്യയില്‍ കൂടാത്തത് ആശ്വാസം പകരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്താം

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മറ്റൊരു ഘട്ടത്തിലേക്ക് കൂടി കടന്നിരിക്കയാണ് രാജ്യം. ലോക്ക്ഡൗണ്‍ മേയ് 17 ാം തിയതി വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 24 മുതല്‍ നിലവില്‍ വന്ന ലോക്ക്ഡൗണ്‍ 40 ദിവസം പിന്നിട്ടിട്ടും കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന തന്നെയാണ് ഉണ്ടാകുന്നത്. ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,664 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയപരിധിയില്‍ മരിച്ചവരുടെ എണ്ണം 83.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ മൊത്തത്തിലുള്ള കണക്ക് 39,980 ആണ്. ഇതില്‍ 1,301 പേര്‍ മരിച്ചു. എങ്കിലും രോഗം ബാധിച്ചതില്‍ 26.59 ശതമാനം പേര്‍ക്ക് രോഗം ഭേദമാകുന്നുണ്ടെന്ന കണക്കുകള്‍ നേരിയ ആശ്വാസം പരകരുന്നു. ഇതുവരെ 10,633 പേരാണ് രോഗത്തില്‍ നിന്നും മുക്തരായത്. 12,296 പേര്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിക്കപ്പെട്ട മഹാരാഷ്ട്രയിലാണ് വൈറസ് കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ഇവിടെ മരണമടഞ്ഞച് 521 പേരാണ്. രണ്ടാം സ്ഥാനത്തുള്ളത് ഗുജറാത്താണ്. 5,000 ല്‍ അധികം പേര്‍ക്ക് ഗുജറാത്തില്‍ വൈറസ് ബാധയേറ്റിട്ടുണ്ട്. മികച്ച രീതിയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ കേരളത്തിന് സാധിച്ചുവെന്നത് അഭിനന്ദനീയമാണ്.

മൊത്തം സ്ഥിരീകരിച്ച കേസുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് 3.3 ശതമാനമാണ്. ഒരു ലക്ഷം പേരില്‍ 0.09 പേരാണ് രാജ്യത്ത് മരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് ആശ്വാസകരമാണ്. കൊറോണയ്‌ക്കെതിരെ മികച്ച രീതിയില്‍ പ്രതിരോധം നടത്തുന്ന സൗത്ത് കൊറിയയോട് പോലും കിടപിടിക്കത്തക്കതാണ് ഇന്ത്യയുടെ പ്രകടനമെന്നാണ് കണക്കുകള്‍ പറയുന്നത്.

മൊത്തം കേസുകള്‍ 10,780 ലും മരണം 250 ലും ഒതുക്കാന്‍ ദക്ഷിണ കൊറിയയ്ക്ക് സാധിച്ചിട്ടുണ്ട്. മരണനിരക്ക് 2.3 ശതമാനമാണ്. ഒരു ലക്ഷം പേരിലെ മരണ നിരക്ക് 0.48 മാത്രമേ വരൂ. ചൈനയില്‍ ഇത് 0.33 ഉം ഇന്ത്യയില്‍ 0.09ഉം ആണെന്നതാണ് ശ്രദ്ധേയം.

ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നിലവില്‍ വരികയാണ്. സ്വാഭാവികമായും കൂടുതല്‍ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങും. കൊറോണ കേസുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച്ച മാത്രം 13,000 ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യത്ത് ഈ ആഴ്ച്ച കേസുകളുടെ എണ്ണം അതിലും കൂടുതലാകുമോയെന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. അതിനാല്‍ പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിച്ചേ മതിയാകൂ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് മാത്രമാകണം പ്രവര്‍ത്തനങ്ങള്‍.

മാസ്‌ക് ധരിക്കുന്നതിലോ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിലോ ഒന്നും യാതൊരുവിധ അലംഭാവവും പാടില്ല. ചെറിയ വീഴ്ച്ചകള്‍ പോലും വലിയ വൈറസ് വ്യാപനത്തിലേക്ക് വഴിവെക്കുമെന്നത് നമ്മള്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്.

Categories: Editorial, Slider