മാറ്റേണ്ടത് പഠന സമ്പ്രദായങ്ങള്‍

മാറ്റേണ്ടത് പഠന സമ്പ്രദായങ്ങള്‍

വിദഗ്ധരുമായി നടത്തുന്ന അഭിമുഖങ്ങള്‍ ജ്ഞാനം തേടാനുള്ള വഴിയേക്കാള്‍ ഉത്തരങ്ങളും പരിഹാരങ്ങളും കണ്ടെത്തുന്നതിനുള്ള വേദിയായി ഉപയോഗിക്കണം

ഏതൊരു സര്‍ക്കാരിനും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് ഒരു നല്ല പ്രതിപക്ഷം ആവശ്യമാണ്. ഒരു ബദല്‍ നിര്‍ദേശം മുന്നോട്ടുവെക്കുന്നതിനോ വ്യത്യസ്ത വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നയങ്ങളിലെ വീഴ്ച തുറന്നുകാട്ടുന്നതിനോ അതിലൂടെ ജനങ്ങളില്‍ വിശ്വാസ്യത വളര്‍ത്തുന്നതിനോ പ്രതിപക്ഷനിരയിലെ ഒരു പാര്‍ട്ടിക്കും ഇവിടെ സാധിച്ചിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയ്ക്ക് ശക്തമായ പ്രതിപക്ഷം എന്നൊന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ തലനാരിഴകീറി പരിശോധിക്കാനായി ആരും ഇവിടെ തയ്യാറായിട്ടുമില്ല. പ്രതിപക്ഷത്തെ ഒരുമിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന കോണ്‍ഗ്രസ് സമയത്തിനൊത്ത് ഉയരുന്നതില്‍ വീഴ്ചവരുത്തി. ഇക്കാരണത്താല്‍ പ്രാദേശിക പാര്‍ട്ടികള്‍ പലതും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ നിശബ്ദതയിലാകുകയോ ചെയ്തു. ഇന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ശബ്ദം കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് നേട്ടം കൈവരിക്കാനായില്ലെന്ന വാദം ഇന്നും നിലനില്‍ക്കുകയാണ്. കാലത്തിനനുസരിച്ചുള്ള മാറ്റത്തിന് പാര്‍ട്ടി ഇന്നും തയ്യാറാകുന്നില്ലെന്ന ആരോപണവും കോണ്‍ഗ്രസിനുള്ളിലുണ്ട്. ഇന്ന് ഇടക്കാല പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി, മകന് അധ്യക്ഷസ്ഥാനത്തേക്ക് വഴിയൊരുക്കാനുള്ള ശ്രമത്തിലാണ്. 2014,2019 പൊതുതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹവും പാര്‍ട്ടിയും തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി പിന്നീട് വാര്‍ത്തകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇക്കുറി രാഹുല്‍ അങ്ങനെയൊരു പാതയിലേക്ക് എത്തില്ലെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പാക്കേണ്ടതുണ്ട്.

ഈ കൊറോണ പ്രതിസന്ധിക്കാലത്ത് രണ്ട് അഭിപ്രായ വോട്ടെടുപ്പുകളില്‍ ജനങ്ങള്‍ക്കിടയിലുള്ള പ്രധാനമന്ത്രിയുടെ മതിപ്പ് ഊഹിക്കാനാകാത്ത തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപും മറ്റ് ചില രാഷ്ട്രനേതാക്കളും അവരവരുടെ നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നേതാക്കളാരും നരേന്ദ്ര മോദിയുടെ സമീപത്ത് എത്തിയിട്ടില്ല. 9/11 ഭീകരാക്രമണം കഴിഞ്ഞശേഷം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് മാത്രമാണ് സമാനമായ തലത്തിലേക്ക് ഉയര്‍ന്നിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ആളുകള്‍ ദേശീയ പതാകയ്ക്ക് ചുറ്റും അണിനിരക്കുക സ്വാഭാവികമാണ്. എന്നാല്‍ മോദിയും മറ്റുള്ള നേതാക്കളും തമ്മിലുള്ള അസന്തുലിതാവസ്ഥ അസാധാരണമാണ്. അത് പൂര്‍ണമായും രാഹുലിന്റെ തെറ്റല്ല. പ്രതിച്ഛായ രൂപീകരിക്കുന്നതിനും പരാജയങ്ങള്‍ അവതരിപ്പിക്കുന്നതിലും ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ മോദിയുടെ കഴിവുകള്‍ അതിശക്തമാണ്. മോദിസര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിലെത്തി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ ഒരു നല്ല പ്രതിപക്ഷത്തിന് എന്ത് സാധ്യതയാണുള്ളതെന്ന് കോണ്‍ഗ്രസ് സ്വയം ചിന്തിച്ചുനോക്കേണ്ടതുണ്ട്.

അടുത്തിടെ രാഹുല്‍ നടത്തിയ വീഡിയോ പത്രസമ്മേളനം ‘തന്ത്രപരം’ എന്ന വാക്കുകൊണ്ടും അതിന്റെ വകഭേദങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു. ഇക്കാരണത്താല്‍ അത് പിന്നീട് ട്രോളായി മാറുകയും ചെയ്തു. അതില്‍ അദ്ദേഹം ഉയര്‍ത്തിയ പല ആരോപണങ്ങളും ഭരണപക്ഷം അനായാസമായി നേരിട്ടിരുന്നു. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കം വിലപ്പോയില്ല എന്ന് സാരം. കോവിഡ്-19 സംബന്ധിച്ച് പരിശോധനകള്‍ ഉയര്‍ത്തുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങളും സംശയങ്ങളും അദ്ദേഹം ഉയര്‍ത്തിയിരുന്നു. നിലവില്‍ രോഗത്തില്‍നിന്ന് മുക്തരാകുന്നവരുടെ നിരക്ക് മെച്ചപ്പട്ടിട്ടുണ്ട്. മറ്റ്് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ മരണനിരക്കും വളരെ കുറവാണ്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ രണ്ടാമത് അണുബാധ ഉണ്ടാകാം എന്നും രാഹുല്‍ പറഞ്ഞിരുന്നു. അത് യാഥാര്‍ത്ഥ്യമാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

രാഹുലിന്റെ രണ്ടാം വീഡിയോ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായി ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണമായിരുന്നു. അതില്‍ രാഹുല്‍ നിരവധി ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുകയും രാജന്‍ പ്രതികരിക്കുകയും ചെയ്തു. ഉത്തരങ്ങളോ പരിഹാരങ്ങളോ കണ്ടെത്തുന്നതിനേക്കാള്‍ ജ്ഞാനം തേടുന്ന ഒരാളെന്ന നിലയില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ പ്രതിഷ്ഠിക്കുന്ന വിചിത്രമായ പരിപാടിയായി ഇതിനെ പിന്നീട് പലരും വിലയിരുത്തി. കുറച്ചുകാലമായി രാജന്‍ രാഹുലിന്റെ അനൗപചാരിക ഉപദേഷ്ടാവായിരുന്നു. എന്നാല്‍ ഒരു നേതാവ് ഒരു ശിഷ്യ-ഗുരു ബന്ധത്തെ പരസ്യമായി അവതരിപ്പിക്കുന്നില്ല. മറ്റേതൊരു ജനാധിപത്യത്തിലും പ്രതിപക്ഷ നേതാവ് അത്തരം വഴി തെരഞ്ഞെടുക്കുന്നുവെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രിയപ്പെട്ട അലവന്‍സ് പേയ്മെന്റുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. പാര്‍ട്ടിയുടെ ഈ തീരുമാനം പക്ഷെ ഒരു സെല്‍ഫ്് ഗോളായിമാറി. കോണ്‍ഗ്രസാണ് രാജസ്ഥാനില്‍ അധികാരത്തില്‍ ഉള്ളത്. മഹാരാഷ്ട്രയിലെ സര്‍ക്കാരില്‍ സഖ്യ പങ്കാളിയുമാണ്. ഈ രണ്ട് സംസ്ഥാന സര്‍ക്കാരുകളും ശമ്പളം വെട്ടിക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെഎങ്ങനെ ദേശീയതലത്തില്‍ പാര്‍ട്ടിക്ക് മറ്റൊരു തീരുമാനം എടുക്കാന്‍ സാധിക്കും. 1974 ല്‍ ഇന്ദിരാഗാന്ധി ഡിഎയുടെ പകുതിയോളം മരവിപ്പിക്കുകയും നിര്‍ബന്ധിത സമ്പാദ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഡിഎ ഫ്രീസിനെക്കുറിച്ച് പാര്‍ട്ടിയുടെ വിമര്‍ശനത്തിന് ശബ്ദം നല്‍കിയ മന്‍മോഹന്‍ സിംഗ് ഇക്കാര്യങ്ങള്‍ മറന്നതാണോ എന്ന് വ്യക്തമല്ല.

കോണ്‍ഗ്രസിന്റെ യ്ഥാര്‍ത്ഥ പ്രശ്‌നം അവരുടെ എതിര്‍പ്പ് ഇംഗ്ലീഷില്‍ പ്രകടിപ്പിക്കുന്നു എന്നതാണ്. അത് സാധാരണ ജനത്തിന് മനസിലാകണമെന്നില്ല. ഒരു കൂട്ടം ചെറു അനുയായികളെ മാത്രമാണ് ഇവിടെ പാര്‍ട്ടിക്ക് ലക്ഷ്യമിടാനാകുക. ഇവിടെ കോണ്‍ഗ്രസിലെ പല നേതാക്കളും അവരുടെ എതിര്‍പ്പുകളും പിന്തുണയും രേഖപ്പെടുത്തുന്നത് പലപ്പോഴും അവരുടെ പാണ്ഡിത്യം മറ്റുള്ളവര്‍ അറിയാനുള്ള വേദി മാത്രമാണ് സൃഷ്ടിക്കുന്നത്. ചില നേതാക്കള്‍ പറഞ്ഞ വാക്കുകള്‍ നിഘണ്ടുവില്‍പ്പോലും കണ്ടെത്താന്‍ പ്രയാസമായിരിക്കും. അര്‍ത്ഥമറിയാന്‍ പലപ്പോഴും അവരെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകുകയാണ് ഇവിടെ സംഭവിക്കുക. പിന്നീട് അത് ഒരു ഇംഗ്ലീഷ് സാഹിത്യ പഠനവേദിയായി മാറും. ഇവിടെ ആരും അദ്ദേഹത്തിന്റെ സന്ദേശത്തിലെ ഗൗരവം ഉള്‍ക്കൊള്ളാന്‍ ഇടവരുന്നില്ല. പണ്ഡിതര്‍ക്കുപോലും അപ്രാപ്യമായ ഭാഷ ഉപയോഗിക്കുന്നത് നല്ല കാര്യമാണോ എന്ന് പാര്‍ട്ടി ആലോചിക്കേണ്ടിയിരിക്കുന്നു. ഇവിടെ സാധാരണക്കാരന്‍ ഏറെ അകലെയാണെന്നത് വിസ്മരിച്ചുകൂടാ. ഇവിടെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും ഇന്ത്യയിലെ വലിയ ഭാഷയായ ഹിന്ദിയില്‍ സംസാരിക്കുന്നു. അത് സാധാരണക്കാര്‍ക്ക് മറ്റു സഹായമില്ലാതെ മനസിലാകുന്നു. ഇവിടെ അവര്‍ ജനനേതാവാകുന്നു. കോണ്‍ഗ്രസിന്റെ തന്ത്രം മാറ്റേണ്ട കാലം കഴിഞ്ഞതാണ്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് സാധാരണക്കാരന്‍ വരെ എത്തുന്നതാകണം. അല്ലാതെ എന്തു പ്രസ്താവിച്ചിട്ടും കാര്യമില്ല. ജയറാം രമേശ്, ശശി തരൂര്‍, ചിദംബരം തുടങ്ങിയവര്‍ മൂര്‍ച്ചയുള്ള വാദങ്ങളും സാധുവായ വിമര്‍ശനങ്ങളും ഉന്നയിച്ചേക്കാം, പക്ഷേ രാഷ്ട്രീയ യുദ്ധഭൂമിയില്‍ അവര്‍ കുതിരപ്പടയോ പീരങ്കികളോ അല്ല, സ്‌നൈപ്പര്‍മാര്‍ മാത്രമാണ്. ഇവരുടെ സന്ദേശങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കേണ്ടതാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന, മധ്യവര്‍ഗ പ്രേക്ഷകരുമായി കോണ്‍ഗ്രസിന് സംവദിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള വിഷയങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് അവര്‍ക്ക് ഉണ്ടാകേണ്ടത്. സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞുവെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ അതിനനുസരിച്ചുള്ള നിലപാടും നിര്‍ദേശങ്ങളുമാണ് പാര്‍ട്ടി സ്വീകരിക്കേണ്ടത്. അതറിഞ്ഞാല്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള ആഭിമുഖ്യം വളരേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ ഈ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്ന വിമര്‍ശനങ്ങളും യഥാര്‍ത്ഥ പരിഹാരങ്ങളുമായി മുന്നോട്ടുപോകാന്‍ നൂറ്റാണ്ടുപഴക്കമുള്ള ഒരു പാര്‍ട്ടിയോട് ആരെങ്കിലും പറയേണ്ടതുണ്ടോ?

Categories: Politics, Top Stories

Related Articles