ഡുകാറ്റി പാനിഗാലെ വി2 ടീസര്‍ പുറത്തുവിട്ടു

ഡുകാറ്റി പാനിഗാലെ വി2 ടീസര്‍ പുറത്തുവിട്ടു

പാനിഗാലെ 959 മോട്ടോര്‍സൈക്കിളിന് പകരമാണ് പാനിഗാലെ വി2 വരുന്നത്

ന്യൂഡെല്‍ഹി: പാനിഗാലെ വി2 മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രം ഡുകാറ്റി ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടു. മിഡില്‍വെയ്റ്റ് സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാനിഗാലെ 959 മോട്ടോര്‍സൈക്കിളിന് പകരമാണ് പാനിഗാലെ വി2 വരുന്നത്. 15 ലക്ഷത്തിന് മുകളില്‍ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.

കഴിഞ്ഞ വര്‍ഷമാണ് ഡുകാറ്റി പാനിഗാലെ വി2 ആഗോളതലത്തില്‍ അനാവരണം ചെയ്തത്. പാനിഗാലെ വി4 മോട്ടോര്‍സൈക്കിളുമായി ഏറെക്കുറേ സമാനമാണ് പുതിയ മോഡല്‍. അതേ സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ ലഭിച്ചു. കണ്‍പുരികത്തിന് സമാനമാണ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍. ഫെയറിംഗില്‍ കാണുന്ന ഷാര്‍പ്പ് ലൈനുകള്‍, ചെത്തിയെടുത്തതുപോലുള്ള ഇന്ധന ടാങ്ക്, ഉയര്‍ന്നു നില്‍ക്കുന്ന വാല്‍ഭാഗം എന്നിവയെല്ലാം വി4 മോട്ടോര്‍സൈക്കിളില്‍നിന്ന് കടമെടുത്തതാണ്.

പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ്, വി4 എന്നിവയില്‍ കണ്ട പുതിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു. കോര്‍ണറിംഗ് എബിഎസ്, ആന്റി വീലീ കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഇലക്ട്രോണിക് ഫീച്ചറുകള്‍. റേസ്, സ്‌പോര്‍ട്ട്, സ്ട്രീറ്റ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്‍കിയിരിക്കുന്നു.

പരിഷ്‌കരിച്ച ചാസി, സിംഗിള്‍ സൈഡ് സ്വിംഗ്ആം എന്നിവ ലഭിച്ചു. മുന്നില്‍ ക്രമീകരിക്കാവുന്ന 43 എംഎം ബിഗ് പിസ്റ്റണ്‍ ഷോവ ഫോര്‍ക്കുകളും പിന്നില്‍ സാക്‌സ് മോണോഷോക്കും ഡാംപിംഗ് ജോലികള്‍ കൈകാര്യം ചെയ്യും. ബ്രെംബോയുടെ ബ്രേക്കുകള്‍ നല്‍കി.

അതേ 955 സിസി, വി ട്വിന്‍ സൂപ്പര്‍ക്വാഡ്രോ എന്‍ജിനാണ് കരുത്തേകുന്നത്. എന്നാല്‍ യൂറോ 5 / ബിഎസ് 6 പാലിക്കുംവിധം ഈ മോട്ടോര്‍ പരിഷ്‌കരിച്ചു. 10,750 ആര്‍പിഎമ്മില്‍ 150.7 ബിഎച്ച്പി കരുത്തും 9,000 ആര്‍പിഎമ്മില്‍ 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ഗാമിയേക്കാള്‍ 5 ബിഎച്ച്പി, 2 എന്‍എം കൂടുതല്‍. അപ് & ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍ സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ഡുവല്‍ ബാരല്‍ എക്‌സോസ്റ്റിന് പകരം സിംഗിള്‍ കാനിസ്റ്റര്‍ നല്‍കി.

Comments

comments

Categories: Auto