അബുദാബിയുടെ വൈദ്യുതശേഷി 16,622 മെഗാവാട്ടായി ഉയര്‍ന്നു

അബുദാബിയുടെ വൈദ്യുതശേഷി 16,622 മെഗാവാട്ടായി ഉയര്‍ന്നു

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതോല്‍പ്പാദനത്തില്‍ 1.4ശതമാനം വര്‍ധന

അബുദാബി: കഴിഞ്ഞ വര്‍ഷം എമിറേറ്റിലെ വൈദ്യുതോല്‍പ്പാദനത്തില്‍ 1.4 ശതമാനം വളര്‍ച്ചയുണ്ടായതായി അബുദാബി ഊര്‍ജ വകുപ്പ്. ഇതോടെ എമിറേറ്റിന്റെ വൈദ്യുതശേഷി 16,622 മെഗാവാട്ടായി ഉയര്‍ന്നു. 11,080 മെഗാവാട്ടുമായി മൊത്തത്തിലുള്ള വൈദ്യുത ആവശ്യകത 2019 ജൂലൈയില്‍ ഏറ്റവും ഉയരത്തിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.9 ശതമാനം അധികമാണിതെന്ന് വാര്‍ഷിക സാങ്കേതിക റിപ്പോര്‍ട്ടില്‍ ഊര്‍ജ വകുപ്പ് വ്യക്തമാക്കി.

റിപ്പോര്‍ട്ട് അനുസരിച്ച് 84,182 ജിഗാവാട്ട് അവര്‍ വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം അബുദാബി ഉല്‍പ്പാദിപ്പിച്ചത്. മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.4 ശതമാനം കൂടുതലാണിത്. ഇതോടെ അബുദാബിയുടെ വൈദ്യുതി ഉല്‍പ്പാദന ആസ്തികളില്‍ ലഭ്യമായ വൈദ്യുതശേഷി 16,622 മെഗാവാട്ട് ആയി ഉയര്‍ന്നു.

ഉല്‍പ്പാദന കമ്പനികളില്‍ നിന്നും വിതരണ കമ്പനികളിലേക്ക് വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള ട്രാന്‍സ്മിഷന്‍ ശൃംഖലയില്‍ 994 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയുള്ള കേബിളുകളും 8,222 കി.മീ ഓവര്‍ഹെഡ് ലൈന്‍സും ഉള്‍പ്പെടുന്നു. വൈദ്യുതി ട്രാന്‍സ്മിഷന് അനുമതിയുള്ള എമിറേറ്റിലെ ഏക കമ്പനിയായ ട്രാന്‍സ്‌കോയുടെ ഉടമസ്ഥതയിലുള്ളതാണ് ഇവ. വൈദ്യുതി വിതരണത്തിനായി എഡിഡിസിക്കും എഎഡിസിക്കുമായി 70,394 കിമീ ദൈര്‍ഘ്യത്തിലുള്ള കേബിള്‍, ഓവര്‍ഹെഡ് ലൈന്‍ ശൃംഖലയുണ്ട്. എമിറേറ്റില്‍ ഉടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള 34,737 സബ്‌സ്‌റ്റേഷനുകള്‍ക്ക് പുറമേ ആണിത്. 2018 അവസാനം വരെയുള്ള കണക്കനുസരിച്ച് വൈദ്യുതബന്ധമുള്ള 531,951 ഉപഭോക്താക്കള്‍ ആണ് എമിറേറ്റില്‍ ഉള്ളത്. ഇവരില്‍ 380,268 പേര്‍ക്ക് സേവനം നല്‍കുന്നത് എഡിഡിസിയും 151,638 പേര്‍ക്ക് സേവനം നല്‍കുന്നത് എഎഡിസിയുമാണ്.

ജനസംഖ്യ, സാമ്പത്തിക-വ്യാവസായിക വളര്‍ച്ച എന്നിവ മൂലം 2018ല്‍ എമിറേറ്റിന്റെ ജല ആവശ്യകത പ്രതിദിനം 3.76 മില്യണ്‍ ഇംപീരിയല്‍ ഗാലണ്‍ ആയി വര്‍ധിച്ചു. ഊര്‍ജ വകുപ്പിന്റെ ഒമ്പത് പ്രധാന ജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രതിദിന ഉല്‍പ്പാദന ശേഷി ആ വര്‍ഷം 4.36 മില്യണ്‍ ഘനയടി ആയിരുന്നു. പൊതുവെ അബുദാബിയുടെ ആകെ ജല ഉല്‍പ്പാദനത്തില്‍ 85 ശതമാനം താപ ശുദ്ധീകരണത്തിലൂടെയും ബാക്കി 15 ശതമാനം കടല്‍വെള്ളം ശുദ്ധീകരിച്ചുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്നുള്ള ജലത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി 57,249 പരിശോധനകളാണ് 2018ല്‍ ഊര്‍ജവകുപ്പ് നടപ്പാത്തിയത്. മലിനജലം ശേഖരിക്കുന്നതിനായി 8,447 കി.മീ ദൈര്‍ഘ്യത്തിലുള്ള ശൃംഖലയാണ് അബുദാബിക്കുള്ളത്. 2018ല്‍ പ്രതിദിനം ശരാശരി 855 മില്യണ്‍ ഇംപീരിയല്‍ മലിനജലമാണ് എമിറേറ്റില്‍ ശേഖരിച്ചത്. മലിനജലം സംസ്‌കരിക്കുന്നതിനായി എഡിഎസ്എസ്‌സിക്ക് കീഴില്‍ 39 പ്ലാന്റുകളാണ് എമിറേറ്റിലുള്ളത്. പ്രതിദിനം 1,298 മില്യണ്‍ ഇംപീരിയല്‍ മലിനജലം സംസ്‌കരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. പുനഃചക്രമണം ചെയ്ത ജലത്തിന്റെ ഉല്‍പ്പാദനം 2018ല്‍ പ്രതിദിനം 822 മില്യണ്‍ ഇംപീരിയല്‍ ആയിരുന്നു. ഇതില്‍ 57.5 ശതമാനവും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചത്.

സുസ്ഥിര ഊര്‍ജ വിതരണം ഉറപ്പാക്കുന്നതിനും എമിറേറ്റിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നതിനുമായി ഊര്‍ജ മേഖലയുടെ പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഊര്‍ജവകുപ്പ് ചെയര്‍മാന്‍ അവെയ്ദ മുഷറെദ് അല്‍ മരാര്‍ പറഞ്ഞു.

Comments

comments

Categories: Arabia

Related Articles