പരിഹാരം എവിടെ ഒളിഞ്ഞിരിക്കുന്നു?

പരിഹാരം എവിടെ ഒളിഞ്ഞിരിക്കുന്നു?

ചിന്തയുടെ ചെറിയൊരു ഭ്രംശം മതി ലക്ഷ്യത്തില്‍ നിന്നും നമ്മെ വ്യതിചലിപ്പിക്കാന്‍. ലക്ഷ്യം നേടാന്‍ കഴിയുന്നില്ലെങ്കില്‍ നാം നോക്കേണ്ടത് പുറത്തേക്കല്ല. നമുക്കുള്ളിലേക്ക് തന്നെയാണ്. സമയം കണ്ടെത്തുക, ഉള്ളിലേക്ക് നോക്കുക. പരിഹാരം നമുക്കുള്ളില്‍ തന്നെയുണ്ട്

അമ്പ് ഞാണിലേക്ക് ചേര്‍ത്തുവെച്ച് പിന്നിലേക്ക് വലിച്ചുപിടിച്ച് അവന്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് ഉന്നംവെച്ചു. ഗുരുവിന്റെ നിര്‍ദേശം ലഭിച്ചയുടനെ ലക്ഷ്യത്തിലേക്ക് അമ്പുതൊടുത്തു. അമ്പ് ഒരു ശീല്‍ക്കാരത്തോടെ പാഞ്ഞുചെന്ന് അടുത്തുള്ള ഒരു മരത്തിന്റെ ശരീരത്തിലേക്ക് പാഞ്ഞുകയറി, ഒന്ന് വിറച്ചശേഷം നിശ്ചലമായി.

അവന്‍ നിരാശയോടെ ഗുരുവിന്റെ കണ്ണുകളിലേക്ക് നോക്കി. ഇത് എത്രാമത്തെ തവണയാണ് പരാജയപ്പെടുന്നത്. തന്റെ അമ്പുകള്‍ ലക്ഷ്യം ഭേദിക്കുന്നില്ല. ശ്രദ്ധ പിഴയ്ക്കുന്നു. കൈകള്‍ വിറകൊള്ളുന്നു. തുടര്‍ച്ചയായി പരാജയപ്പെടുന്നവന്റെ ആത്മശോകം അവനെ ബാധിച്ചു. കണ്ണുകളില്‍ കണ്ണുനീര് പൊടിഞ്ഞു. ഉള്ളില്‍ തിളച്ചുപൊങ്ങിയ അതിതീക്ഷ്ണമായ ആഗ്രഹമാണ് മികച്ച ഒരു വില്ലാളിയാകുക എന്നത്. ഏറ്റവും മികച്ച ഗുരുനാഥനേയും ലഭിച്ചു. എന്നിട്ടും എന്താണ് തനിക്ക് സംഭവിക്കുന്നത്?

അവന്റെ മനസ്സിന്റെ ശബ്ദം ഗുരുവിന് ശ്രവിക്കാം. പക്ഷേ അദ്ദേഹം ഒന്നും മിണ്ടുന്നില്ല. ചുണ്ടില്‍ എപ്പോഴുമുള്ള പുഞ്ചിരി അവിടെത്തന്നെയുണ്ട്. അവന്‍ പരാജയപ്പെടുന്നു എന്ന നിരാശയുടെ ഒരു കാളിമപോലും ആ മുഖത്ത് കാണുവാനില്ല. ഗുരു മെല്ലെ എഴുന്നേറ്റു. ”ഇന്നത്തേക്ക് നമുക്ക് നിര്‍ത്താം” ശിഷ്യന്മാര്‍ ഗുരുവിന് പിന്നാലെ നിശബ്ദരായി ആശ്രമത്തിലേക്ക് നടന്നു. ആശ്രമത്തിലെ സഹവാസം അവരെ ഒറ്റ ഹൃദയമാക്കി തീര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ അവന്റെ പരാജയം അവരുടേത് കൂടിയായിരുന്നു. എല്ലാ ഹൃദയങ്ങളും ശോകത്താല്‍ നിശബ്ദമായിരുന്നു.

സൂര്യന്‍ അസ്തമിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഗുരു ആകാശത്തേക്ക് നോക്കി വെറുതെ ഇരിക്കുകയാണ്. ശിഷ്യന്മാരെല്ലാം വിവിധ പ്രവര്‍ത്തികളില്‍ മുഴുകിയിരിക്കുന്നു. ആശ്രമവാസം രസകരമാണ്. അവിടെ എല്ലാം സ്വയം ചെയ്യണം. മറ്റുള്ളവര്‍ക്ക് വേണ്ടിയും ചെയ്യണം. സ്വാര്‍ത്ഥത കൊണ്ടുമാത്രം ജീവിക്കുവാനാകില്ല. ഒരു കൂട്ടുകുടുംബം പോലെ പരസ്പര സഹവര്‍ത്തിത്വത്തില്‍, സ്‌നേഹത്തില്‍ കഴിഞ്ഞേപറ്റൂ.

അവന്‍ ഗുരുവിനടുത്തേക്കുചെന്ന് നിശബ്ദനായി അദ്ദേഹത്തിന്റെ മുന്നില്‍ ഇരുന്നു. അവന്റെ തല താഴ്ന്നിരുന്നു. ഒരു പരാജിതന്റെ ശരീരഭാഷ നമുക്ക് പെട്ടെന്ന് തിരിച്ചറിയാം. വളരെയേറെ ആഗ്രഹിച്ച ഒരു നിപുണത തനിക്ക് സ്വായത്തമാക്കുവാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത അവന്റെ ശരീരത്തെ ദുര്‍ബലമാക്കി. ഗുരുവിന്റെ ചിരി നിറയുന്ന മുഖത്തേക്ക് നോക്കി അവന്‍ ചോദിച്ചു. ”എന്തുകൊണ്ട് ഗുരോ ഞാന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു? ഈ ഒരു ലക്ഷ്യത്തിനായാണ് ഞാന്‍ അങ്ങയുടെ അടുത്തെത്തിയത്. മറ്റുള്ളവരെല്ലാം എന്നെക്കാള്‍ ബഹുദൂരം മുന്നേ എത്തിക്കഴിഞ്ഞു. അസ്ത്രവിദ്യ അഭ്യസിക്കുകയെന്നത് എന്റെ ജീവിതാഭിലാഷമാണ്. അതില്‍ പരാജയപ്പെടുകയെന്നത് ഞാന്‍ ഇല്ലാതെയാകുന്നതിന് തുല്യമാണ്. അങ്ങ് പഠിപ്പിച്ചതെല്ലാം ഞാന്‍ മനപ്പാഠമാക്കി. ഒന്നും മറന്നിട്ടുമില്ല. എന്നിട്ടും അമ്പ് തൊടുക്കുമ്പോള്‍ കൈകള്‍ വിറകൊള്ളുന്നു; ലക്ഷ്യം തെറ്റുന്നു. അങ്ങ് എന്നിലെ കുറവുകള്‍ കണ്ടെത്തി അത് പരിഹരിക്കണം” അവന്‍ ഗുരുവിന്റെ പാദങ്ങളിലേക്ക് കമിഴ്ന്നുവീണ് തേങ്ങി.

ഗുരു അവനെ മെല്ലെ പിടിച്ചെഴുന്നേല്‍പ്പിച്ച് തലയില്‍ തലോടി. അവന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. അവന്‍ സ്വസ്ഥനാകുന്നതുവരെ ഗുരു കാത്തിരുന്നു. ”ലക്ഷ്യത്തിലേക്ക് തറയ്ക്കുന്നത് നിന്റെ കണ്ണുകളോ ശരീരമോ അല്ല അത് മനസ്സാണ്. മനസ്സിലെ ചാഞ്ചല്യം ലക്ഷ്യം നേടാന്‍ നിന്നെ സഹായിക്കുന്നില്ല. നീ വളരെ മിടുക്കനായ ഒരാളാണ്. നിന്റെ ശരീരം സജ്ജമാണ്. പക്ഷേ നിന്റെ മനസ്സില്‍ എന്തോ ഒരുചെറിയ ചാഞ്ചാട്ടമുണ്ട്. അത് എന്താണ് എന്ന് എനിക്കറിയില്ല. അത് കണ്ടെത്തേണ്ടത് നീ തന്നെയാണ്. നീ ഇവിടെയാണെങ്കിലും നിന്റെ മനസ്സ് എങ്ങോട്ടോ സഞ്ചരിക്കുന്നുണ്ട്. നിനക്ക് മാത്രമേ അത് കണ്ടെത്താന്‍ കഴിയൂ. ഇനി കുറച്ചു ദിവസങ്ങള്‍ നമ്മള്‍ പരിശീലനം നടത്തുന്നില്ല. നീ സ്വസ്ഥമായി ധ്യാനിക്കുക. മനസ്സിന്റെ ഓരോ അറകളിലും നീ തിരയുക. നിന്നെ അസ്വസ്ഥനാക്കുന്ന, നീ ബോധവാനല്ലാത്ത ഏതോ ഒരു ചിന്ത അവിടെയുണ്ട്. അത് കണ്ടെത്തുക.”

പിന്നീടുള്ള കുറച്ചു ദിനങ്ങള്‍ അവന്‍ പൂര്‍ണ്ണമായും ധ്യാനത്തില്‍ അമര്‍ന്നു. ഗുരു പറഞ്ഞപോലെ മനസ്സിന്റെ ഉള്ളറകളില്‍ മുഴുവനും അവന്‍ പരതി. ഒരു പ്രത്യേക നിമിഷത്തില്‍ അവന്‍ ധ്യാനത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഗുരുവിനരികിലേക്കോടി. ”ഗുരോ, ഞാന്‍ വ്യാകുലനാണ്. ആശ്രമത്തിലേക്ക് വന്നപ്പോള്‍ വീട്ടിലെ എല്ലാം ഉപേക്ഷിച്ചാണ് ഞാന്‍ പോന്നത്. അവിടുള്ള ഒന്നും എന്നെ അലട്ടുന്നില്ല. പക്ഷേ എന്റെ പ്രിയപ്പെട്ട തത്ത എന്റെ മനസ്സിന്റെ കൂടെ ഇങ്ങോട്ടുപോന്നിരിക്കുന്നു. ഞാന്‍ കാരണം കണ്ടെത്തി ഗുരോ. വീട്ടില്‍ കൂട്ടിലിട്ടിരിക്കുന്ന ആ പ്രിയപ്പെട്ട തത്തയാണ് എന്റെ ദുഃഖകാരണം. അവളുടെ ചിന്ത എന്നെ വേദനിപ്പിക്കുന്നു. അത് ഞാന്‍ അറിഞ്ഞിരുന്നില്ല. ആ ചെറിയൊരു വേദന എന്റെ ലക്ഷ്യത്തെ തെറ്റിക്കുന്നു. ഞാനറിയാതെ എന്റെ മനസ്സ് ഇത് ചുമന്നുനടക്കുകയാണ്.”

”ചിന്തയുടെ ചെറിയൊരു ഭ്രംശം മതി ലക്ഷ്യത്തില്‍ നിന്നും നിന്നെ വ്യതിചലിപ്പിക്കാന്‍. ലക്ഷ്യം നേടാന്‍ കഴിയുന്നില്ലെങ്കില്‍ നാം നോക്കേണ്ടത് പുറത്തേക്കല്ല. നമുക്കുള്ളിലേക്കാണ്. സമയം കണ്ടെത്തുക, ഉള്ളിലേക്ക് നോക്കുക. പരിഹാരം നമുക്കുള്ളില്‍ തന്നെയുണ്ട്.” ഗുരുചിരിച്ചു.

Categories: FK Special, Slider