മെസഞ്ചര്‍ റൂംസുമായി ഫേസ്ബുക്ക്

മെസഞ്ചര്‍ റൂംസുമായി ഫേസ്ബുക്ക്

വീഡിയോയിലൂടെ ആശയവിനിമയം ചെയ്യുന്ന പ്രവണത കോവിഡ് 19 പ്രതിസന്ധിയോടെ വര്‍ധിച്ചിരിക്കുകയാണ്. വീഡിയോ ചാറ്റ് സേവനം നല്‍കുന്ന പ്രമുഖ കമ്പനികളിലൊന്നാണു സൂം. കോവിഡ് 19 പ്രതിസന്ധിക്കു സമീപകാലത്തൊന്നും പരിഹാരം കണ്ടെത്താനാകില്ലെന്നാണ് വിദഗ്ധര്‍ പ്രവചിച്ചിരിക്കുന്നത്. അത്തരമൊരു പശ്ചാത്തലത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ വീഡിയോ ചാറ്റ്, കോണ്‍ഫറന്‍സിംഗ് സേവനത്തിന് ആവശ്യക്കാര്‍ ഏറി വരും. ഇതു മുന്നില്‍ കണ്ടു കൊണ്ട് ഫേസ്ബുക്കും, ഗൂഗിളുമൊക്കെ വീഡിയോ ചാറ്റ്, കോണ്‍ഫറന്‍സിംഗ് ആപ്പുമായി രംഗത്തുവന്നിരിക്കുകയാണ്.

സമീപ ആഴ്ചകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ ചാറ്റിംഗ് ആപ്ലിക്കേഷനായ സൂമിലേക്ക് (Zoom) തിരിഞ്ഞത് ഫേസ്ബുക്ക് അടക്കമുള്ള ടെക് ഭീമന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കാരണമായിത്തീര്‍ന്നിരുന്നു. സൂമിനു വ്യാപകമായി ലഭിച്ച സ്വീകാര്യത ഫേസ്ബുക്കിനും ഗൂഗിളിനുമൊക്കെ ഉത്കണ്ഠ സമ്മാനിച്ചെന്നു വേണം കരുതാന്‍. സൂമിനു വിപണിയില്‍ മത്സരം തീര്‍ക്കാന്‍ ധൃതി പിടിച്ചു മെസഞ്ചര്‍ റൂംസ് (Messenger Rooms) എന്ന പേരില്‍ വീഡിയോ ആപ്പ് വെള്ളിയാഴ്ച (ഏപ്രില്‍ 24)പുറത്തിറക്കുകയും ചെയ്തിരിക്കുന്നു ഫേസ്ബുക്ക്.

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ റൂംസ് എന്നത് വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനം ലഭ്യമാക്കുന്നൊരു ആപ്പ് ആണ്. ഒരേ സമയം ഒന്നിലധികം ആളുകളെ വീഡിയോ ചാറ്റ് ചെയ്യാന്‍ മെസഞ്ചര്‍ റൂംസ് അനുവദിക്കുന്നു. അതായത്, വീഡിയോ ചാറ്റില്‍ പങ്കെടുക്കാന്‍ 50 പേരെ വരെ മെസഞ്ചര്‍ റൂംസ് അനുവദിക്കും. ഫേസ്‌ടൈമില്‍ (FaceTime) 32 പേരെയാണ് അനുവദിക്കുന്നത്. സൂമിലാകട്ടെ 100 പേരെയും. പക്ഷേ, ഇതൊക്കെ സൗജന്യ സേവനമാണ്. പണം മുടക്കിയാല്‍ കൂടുതല്‍ പേരെ വീഡിയോ ചാറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന സ്‌കീമുകളുമുണ്ട് സൂമിന്.

സൂമില്‍ മീറ്റിംഗ് നടത്താന്‍ 40 മിനിറ്റ് സാധിക്കും. എന്നാല്‍ ഫേസ്ബുക്കിന്റെ മെസഞ്ചര്‍ റൂംസിന് ടൈം ലിമിറ്റ് അഥവാ സമയ പരിധിയില്ല. ഏതൊരു ഫേസ്ബുക്ക്, മെസഞ്ചര്‍ യൂസര്‍മാര്‍ക്കും മെസഞ്ചര്‍ റൂംസ് സൃഷ്ടിക്കാനാകും. ഫേസ്ബുക്ക് എക്കൗണ്ട് ഇല്ലാത്ത ആളുകളെയടക്കം ആരെയും വീഡിയോ ചാറ്റിലേക്കു ക്ഷണിക്കാനും ഈ ആപ്പിലൂടെ സാധിക്കും. മെസഞ്ചര്‍ റൂംസ് എന്ന ആപ്പ് പുറത്തിറക്കിയതിനു പുറമേ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് വീഡിയോ കോളിന്റെ പരിധി നാലില്‍നിന്നും എട്ടായി ഉയര്‍ത്തുകയും ഫേസ്ബുക്ക് ഡേറ്റിംഗിലേക്ക് (Facebook Dating) വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കുകയും ചെയ്തു. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ലൈവ് സ്ട്രീമിംഗ് ഫീച്ചര്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്.
സുക്കര്‍ബെര്‍ഗ് മാത്രമല്ല, സൂമിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ടിരിക്കുന്നത്. ഗൂഗിളും, സിസ്‌കോയും, വെരിസോണും ഉള്‍പ്പെടുന്ന വന്‍കിട കമ്പനികള്‍ സൂമിന്റെ ജനപ്രീതിയില്‍ ഭയപ്പെടുന്നവരാണ്. ഈ മാസം മീറ്റ് (Meet) എന്ന വീഡിയോ ചാറ്റ് ആപ്പ് ഗൂഗിള്‍ അവതരിപ്പിക്കുകയുണ്ടായി. മീറ്റ് എന്ന ആപ്പ് നേരത്തേ ഹാങ് ഔട്ട് എന്നും അറിയപ്പെട്ടിരുന്നു. പക്ഷേ, മീറ്റ് എന്ന ആപ്പിന് സമീപകാലത്ത് ഗൂഗില്‍ നാല് പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തു. ഗൂഗിളിനു പുറമേ സിസ്‌കോ അവരുടെ ടെലികോണ്‍ഫറന്‍സിംഗ് സര്‍വീസായ വെബെക്‌സ് (Webex) കൂടുതല്‍ സുരക്ഷിതമാക്കാന്‍ ശ്രമം നടത്തുകയുണ്ടായി. വെരിസോണാകട്ടെ, വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനമായ ബ്ലൂ ജീന്‍സ് നെറ്റ്‌വര്‍ക്കിനെ ഏറ്റെടുക്കുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ, ഏറ്റവും വലിയ ഗുണമുണ്ടായത് ടെക്, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്കാണ്. അതില്‍ തന്നെ സൂം എന്ന കമ്പനിക്കാണു വന്‍നേട്ടം കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തില്‍ സൂം എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തതില്‍ 740 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് അനലിറ്റിക്‌സ് സ്ഥാപനമായ ആപ്പ് ആനി (App Annie) പറയുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് മുമ്പ് സൂം എന്ന ആപ്പ് ഉപയോഗിച്ചിരുന്നവര്‍ 10 ദശലക്ഷമായിരുന്നു. അതായത് ഒരു കോടി പേര്‍. എന്നാല്‍ ഇപ്പോള്‍ 300 ദശലക്ഷത്തിലധികം പേര്‍ പ്രതിദിനം ഉപയോഗിക്കുന്നുണ്ട്. സൂമിനെ ലക്ഷ്യമിട്ടിരിക്കുകയാണു ടെക് രംഗത്തെ ഭീമന്മാര്‍. സൂമിനെ പോലൊരു ചെറിയ, അതിവേഗം വളരുന്ന എതിരാളിയെ മറികടക്കാന്‍ വമ്പന്മാര്‍ അവരുടെ വിശാലമായ വിഭവങ്ങള്‍ വിന്യസിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം ഇതു പോലെ ഫേസ്ബുക്കും, ഗൂഗിളും യുവാക്കളുടെ ഹരമായി മാറിയ ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനെ നേരിടാന്‍ ശ്രമം നടത്തിയിരുന്നു.

മുന്‍ സിസ്‌കോ (Cisco) എക്‌സിക്യൂട്ടീവായിരുന്ന എറിക് യുവാനാണ് 2011ല്‍ സൂം സ്ഥാപിച്ചത്. ഉപയോഗിക്കാനും ഇന്‍സ്റ്റാള്‍ ചെയ്യാനും വളരെ എളുപ്പമുള്ള തരത്തിലാണ് സൂം ആപ്പിനെ എറിക് യുവാന്‍ ഡിസൈന്‍ ചെയ്തത്. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണു കമ്പനിയുടെ ആസ്ഥാനം. കഴിഞ്ഞ വര്‍ഷമാണ് സൂ പബ്ലിക് കമ്പനിയായത്. കോവിഡ് 19 ലോകമെങ്ങും പ്രതിസന്ധി തീര്‍ത്തപ്പോള്‍ വീഡിയോ ചാറ്റ് എന്നത് സാധാരണമായി. അതോടെ സൂമിന്റെ നല്ല കാലം വരികയും ചെയ്തു. ഇന്നു വീഡിയോ ചാറ്റിംഗിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ആപ്പ് സൂം ആണ്. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നതാണ് ഇതിനെ ജനകീയമാക്കിയത്. ഒരു മാസത്തിലേറെയായി ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ആണ് സൂം. കമ്പനിയുടെ മൂല്യം ഇപ്പോള്‍ 47 ബില്യന്‍ ഡോളറാണ്. സ്ലാക്ക്, പിന്‍ഇന്ററസ്റ്റ് എന്നിവയേക്കാള്‍ മൂല്യം സൂമിനുണ്ട്. സൂം ജനപ്രീതി നേടി മുന്നേറുമ്പോഴാണ് സ്വകാര്യത, സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതിനിടെ അശ്ലീല ദൃശ്യങ്ങളോ സാഹിത്യമോ പോലെയുള്ളവ ഉപയോഗിച്ചു മറ്റുള്ളവരുടെ സൂം സെഷനുകളെ (വീഡിയോ കോണ്‍ഫറന്‍സിംഗ്) മനപൂര്‍വ്വം തടസപ്പെടുത്തുന്ന സൂം ബോബിംഗ് (Zoombombing) എന്നു വിശേഷിപ്പിക്കുന്ന പ്രവര്‍ത്തികളും അരങ്ങേറുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പു സിംഗപ്പൂരില്‍ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സൂം ഉപയോഗിച്ചുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് ക്ലാസില്‍ പങ്കെടുത്തു കൊണ്ടിരിക്കവേ പെട്ടെന്ന് ഒരു വിദ്യാര്‍ഥിനിയുടെ ചാറ്റിലേക്ക് അശ്ലീല ചിത്രങ്ങള്‍ കടന്നുവന്നു. ഇതേ തുടര്‍ന്നു സിംഗപ്പൂരില്‍ സൂം ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുകയുണ്ടായി.

ഇനി വീഡിയോ ചാറ്റിംഗ് യുഗം

ലോകമെങ്ങും ഓരോരുത്തരും ഏകാന്തവാസം നയിക്കാന്‍ ബാദ്ധ്യസ്ഥരായിരിക്കുകയാണ്. ഈ സമയത്ത്, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമായി വീഡിയോ ചാറ്റ് മാറിയിരിക്കുന്നു. വീഡിയോ ചാറ്റ് സേവനം ലഭ്യമാക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് വിപണിയിലുണ്ട്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് മെസഞ്ചര്‍ റൂംസ് എന്ന പേരിലൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഫേസ്ബുക്കിനു നേരത്തേ തന്നെ മെസഞ്ചര്‍ സര്‍വീസ് ഉണ്ട്. അതില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനും സൗകര്യമുണ്ട്. പക്ഷേ, വീഡിയോ കോളില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാ ഫേസ്ബുക്ക് എക്കൗണ്ട് വേണമായിരുന്നു. അതു പോലെ വീഡിയോ കോളിലേര്‍പ്പെടുന്നവര്‍ സുഹൃത്തുക്കളുമായിരിക്കണം. എന്നാല്‍ മെസഞ്ചര്‍ റൂംസ് വീഡിയോ ചാറ്റിലേര്‍പ്പെടുന്നവര്‍ക്കു ഫേസ്ബുക്ക് എക്കൗണ്ട് നിര്‍ബന്ധമില്ല.

Categories: Top Stories
Tags: Video calls, Zoom