ഫേസ്ബുക്ക്-റിലയന്‍സ് പങ്കാളിത്തം: പ്രതീക്ഷകള്‍ വാനോളം

ഫേസ്ബുക്ക്-റിലയന്‍സ് പങ്കാളിത്തം: പ്രതീക്ഷകള്‍ വാനോളം

ലോകത്തിലെ അതിവേഗം വളരുന്ന ചില്ലറ വ്യാപാര, പേയ്‌മെന്റ്‌സ് രംഗമാണ് ഇന്ത്യ. അവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്കും, ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പകളിലൊന്നായ റിലയന്‍സും സഹകരിക്കാന്‍ ധാരണയായിരിക്കുന്നത്. ഫേസ്ബുക്ക്-റിലയന്‍സ് ബന്ധം ഇ-കൊമേഴ്‌സ് രംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രവചിക്കുന്നത്. ഇ-കൊമേഴ്‌സ് കൂടാതെ, പേയ്‌മെന്റ്‌സ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലും വലിയ മുന്നേറ്റം കൊണ്ടു വരാന്‍ ഇരു കമ്പനികള്‍ക്കും സാധിക്കും.

9.99 ശതമാനം ഓഹരി വാങ്ങി കൊണ്ട് റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്ബുക്ക് വന്‍നിക്ഷേപം നടത്തിയതോടെ ഇരുകമ്പനികള്‍ക്കും ഇന്ത്യയുടെ ഇന്റര്‍നെറ്റ് ലോകത്ത് ശക്തമായ ഇടപെടല്‍ നടത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

റിലയന്‍സിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണു ജിയോ മാര്‍ട്ട്. ജിയോമാര്‍ട്ടില്‍ പ്രധാനമായും അവശ്യവസ്തുക്കളും പലചരക്കു സാധനങ്ങളുമാണ് വില്‍ക്കുന്നത്. ജിയോ മാര്‍ട്ട് പ്ലാറ്റ്‌ഫോം ഒരിക്കലും സാധനങ്ങള്‍ കസ്റ്റമേഴ്‌സിനു നേരിട്ടു വില്‍പ്പന നടത്തില്ല. പകരം ഓണ്‍ലൈന്‍ ഉപഭോക്താവിനെ ഓഫ്‌ലൈന്‍ റീട്ടെയ്‌ലറുമായി (ചില്ലറ വ്യാപാരി) ബന്ധിപ്പിക്കുകയാണ്. അതായത്, ഒരാള്‍ ഓണ്‍ലൈനില്‍ പലചരക്ക് സാധനങ്ങളോ മറ്റ് അവശ്യ വസ്തുക്കളോ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാളുടെ ആവശ്യം അയാളുടെ സമീപത്തുള്ള ഓഫ്‌ലൈനിലുള്ള ചില്ലറ വ്യാപാരിയിലൂടെ ജിയോ മാര്‍ട്ട് സാധിച്ചു കൊടുക്കും. ഓഫ്‌ലൈനിലുള്ള ചില്ലറ വ്യാപാരിയുടെ കൈവശമുള്ള സാധനങ്ങളുടെ വിവരങ്ങള്‍ ജിയോ മാര്‍ട്ട് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത് ജിയോ മാര്‍ട്ടായിരിക്കും. സൗജന്യമാണു ഡെലിവറി.

ജിയോ മാര്‍ട്ടിലേക്കു കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ റിലയന്‍സ് റീട്ടെയ്ല്‍ വാട്‌സ് ആപ്പിനെ പ്രയോജനപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരിയിലാണു ജിയോ മാര്‍ട്ട് ലോഞ്ച് ചെയ്തത്. പൈലറ്റ് അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ നവി മുംബൈയിലും, താനെയിലും, കല്യാണിലുമാണു ജിയോ മാര്‍ട്ടിനെ അവതരിപ്പിച്ചിരിക്കുന്നത് അഥവാ സേവനം ലഭ്യമാകുന്നത്. ജിയോ മാര്‍ട്ട് സേവനം രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഇതുവരെ ലഭ്യമായിട്ടില്ലെന്നു ചുരുക്കം. ഈ സാഹചര്യത്തില്‍ വാട്‌സ് ആപ്പ് ഉപയോഗിച്ചു ജിയോ മാര്‍ട്ട് സേവനം രാജ്യമെങ്ങും ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ സാധിക്കുമെന്നാണു കരുതുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലെ വാട്‌സ് ആപ്പിന്റെ 40 കോടി ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ ജിയോ മാര്‍ട്ടിനു സാധിക്കും.
റിലയന്‍സ്-ഫേസ്ബുക്ക് സഹകരണം ഈയൊരു കാര്യത്തില്‍ മാത്രമല്ല, മറ്റ് മേഖലകളിലും വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക.

മൊബൈല്‍ ഗെയിമിംഗ്

വളരെ തുച്ഛമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കി കൊണ്ടായിരുന്നു റിലയന്‍സ് ജിയോ വിപണിയിലേക്ക് പ്രവേശിച്ചത്. അതോടെ ഇന്ത്യയില്‍ മൊബൈല്‍ ഗെയിമിംഗ് വന്‍ പ്രചാരം നേടുകയും ചെയ്തു. ഗെയിമില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കൂടി വന്നതോടെ ഡെവലപ്പര്‍മാര്‍ കൂടുതല്‍ ഗെയിമുകള്‍ വിപണിയിലിറക്കി. ഇന്ത്യയിലെ മൊബൈല്‍ ഗെയിമിന്റെ ഭാവിയെ നിര്‍ണയിക്കുന്നതില്‍ റിലയന്‍സ് ജിയോ വലിയ പങ്കാണു വഹിച്ചതെന്ന് ഇന്നും ഭൂരിഭാഗം ഡെവലപ്പര്‍മാര്‍ കരുതുന്നുണ്ട്. ഫേസ്ബുക്കിന് ഗെയിംറൂംസ് (Gamerooms) എന്ന ആപ്പ് ഉണ്ട്. വിവിധ തരം ഗെയിമുകള്‍, പസില്‍സ് (puzzles) എന്നിവ ഉള്‍പ്പെട്ടതാണ് ഗെയിംറൂംസ്. കഴിഞ്ഞ ദിവസം വീഡിയോ ഗെയിം സ്ട്രീമിംഗ് സേവനം ലഭ്യമാക്കുന്ന ഗെയിമിംഗ് ( Gaming ) എന്ന പേരിലൊരു ആപ്പും ഫേസ്ബുക്ക് പുറത്തിറക്കുകയുണ്ടായി. മൈക്രോസോഫ്റ്റിന്റെ ട്വിച്ച്, യൂ ട്യൂബിന്റെ ഗെയിമിംഗ് എന്നിവ പോലെയുള്ളതാണു ഫേസ്ബുക്ക് ഗെയിമിംഗ്. നിരവധി ഗെയിമുകള്‍ ലഭ്യമാണെന്നു ജിയോയ്ക്ക് അതിന്റെ നെറ്റ്‌വര്‍ക്കിലുള്ളവരെ ബോധ്യപ്പെടുത്താനായാല്‍ ഫേസ്ബുക്കിന്റെ ഗെയിമിംഗിന് അത് ഗുണം ചെയ്യുമെന്നതും ഉറപ്പാണ്.

വീഡിയോ സ്ട്രീമിംഗ്

റിലയന്‍സ് ജിയോയ്ക്കും, ഫേസ്ബുക്കിനും സ്വന്തമായി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുണ്ട്. ജിയോ മൂവീസിന് ഇതിനകം തന്നെ ഇന്ത്യയില്‍ ശക്തമായ അടിത്തറയുമുണ്ട്. ഫേസ്ബുക്ക് വാച്ച് (Facebook Watch) എന്ന പേരിലുള്ള വീഡിയോ സ്ട്രീമിംഗിനെ ഇന്ത്യയില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുകയാണു ഫേസ്ബുക്ക്. ഇന്ത്യയുടെ വീഡിയോ സ്ട്രീമിംഗ് വിപണി 2022 ഓടെ 488 ദശലക്ഷം കാഴ്ചക്കാരായി (viewers) വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ല്‍ ഇത് 378 ദശലക്ഷമായിരുന്നു. ഈ വളര്‍ച്ച മുതലെടുക്കാന്‍ ഫേസ്ബുക്കിനും ജിയോയ്ക്കും അവരുടെ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

വെര്‍ച്വല്‍ റിയല്‍റ്റി

കണ്‍സ്യൂമര്‍ വെര്‍ച്വല്‍ റിയല്‍റ്റിയില്‍ (hn-BÀ) താല്‍പര്യം പ്രകടിപ്പിച്ച ചുരുക്കം ചില ഇന്ത്യന്‍ വന്‍കിട ബിസിനസുകാരില്‍ ഒരാളാണ് റിലയന്‍സ് ജിയോ. ഫേസ്ബുക്ക് ആകട്ടെ ഒക്യൂലസ് എന്ന പേരില്‍ ആദ്യമായി കണ്‍സ്യൂമര്‍ വിആര്‍ ഹെഡ്‌സെറ്റ് നിര്‍മിച്ച കമ്പനികളിലൊന്നു കൂടിയാണ്. ജിയോ ഇതിനകം തന്നെ വെര്‍ച്വല്‍ റിയല്‍റ്റി, ഓഗ്‌മെന്റഡ് റിയല്‍റ്റി അനുഭവങ്ങള്‍ അഥവാ എക്‌സ്പീരിയന്‍സുകള്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിലൂടെ സംയോജിപ്പിച്ചിരിക്കുന്നു. കൂടുതല്‍ മികച്ച അനുഭവം ലഭിക്കാന്‍ ഒക്യൂലസുമായി ജിയോ സഹകരിക്കുമെന്നാണു കരുതുന്നത്.

പേയ്‌മെന്റ്‌സ്

പേയ്‌മെന്റ്‌സ് വിഭാഗത്തില്‍ ഏര്‍പ്പെടാന്‍ ഫേസ്ബുക്കും റിലയന്‍സും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജിയോയ്ക്ക് ജിയോ മണിയുണ്ട് (JioMoney). ഫേസ്ബുക്ക് ആകട്ടെ, യുഎസില്‍ മെസഞ്ചര്‍ വഴി പേയ്‌മെന്റ് നടത്താന്‍ ആളുകളെ അനുവദിക്കുന്നു. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് നടത്താന്‍ വാട്‌സ് ആപ്പിന് ഇപ്പോള്‍ ഇന്ത്യയും അനുമതി നല്‍കിയിട്ടുണ്ട്. ലിബ്രാ ക്രിപ്‌റ്റോ കറന്‍സി എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വീസ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഫേസ്ബുക്ക്. ക്രിപ്‌റ്റോ കറന്‍സി രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ ജിയോയ്ക്ക് ഇപ്പോള്‍ പദ്ധതിയില്ലെങ്കിലും ഭാവിയില്‍ ലിബ്രയുടെ ഭാഗമാകുമോ എന്നത് ആര്‍ക്കും പ്രവചിക്കാനും സാധിക്കില്ല. ഒരു പക്ഷേ ഇപ്പോള്‍ റിലയന്‍സും-ഫേസ്ബുക്കും തമ്മിലുണ്ടാക്കിയ കരാര്‍ ക്രിപ്‌റ്റോ അധിഷ്ഠിത പേയ്‌മെന്റുകള്‍ വലിയ തോതില്‍ പരീക്ഷിക്കുന്നതിനുള്ള ഒരു സാഹചര്യം കൂടി സൃഷ്ടിച്ചേക്കാം. അതിന് ഇന്ത്യ ഒരു പരീക്ഷണ കേന്ദ്രം ആകാനും സാധ്യതയുണ്ട്.

Categories: Top Stories
Tags: Jio, Reliance Jio

Related Articles