പുതിയ എന്‍ജിനുമായി ഇ 350ഡി തിരിച്ചെത്തി

പുതിയ എന്‍ജിനുമായി ഇ 350ഡി തിരിച്ചെത്തി

3.0 ലിറ്റര്‍ വി6 എന്‍ജിനു പകരം ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നതും കൂടുതല്‍ കരുത്തേകുന്നതുമായ 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് ഇ 350ഡി ഉപയോഗിക്കുന്നത്

ന്യൂഡെല്‍ഹി: ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മെഴ്‌സേഡസ് ബെന്‍സ് ഇ 350ഡി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ വില്‍പ്പനയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കുംവിധം തിരിച്ചെത്തിയിരിക്കുകയാണ് ഇ 350ഡി. പുതുതായി ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. കൂടുതല്‍ ഫീച്ചറുകളും നല്‍കി. എലൈറ്റ് എന്ന പുതിയ ടോപ് വേരിയന്റിലാണ് ഇ 350ഡി ലഭിക്കുന്നത്. പരിഷ്‌കരിച്ച മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഇ 350ഡി വേരിയന്റിന് 75.29 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

ബിഎസ് 6 പാലിക്കുംവിധം 2018 ല്‍ എസ് 350ഡി യില്‍ അരങ്ങേറിയ മെഴ്‌സേഡസിന്റെ ഏറ്റവും പുതിയ 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് ഇപ്പോള്‍ ഇ 350ഡി ഉപയോഗിക്കുന്നത്. ജി 350ഡി, ജിഎല്‍ഇ 400ഡി കാറുകളിലും ഈ മോട്ടോര്‍ നല്‍കിയിരുന്നു. ഇ 350ഡി യില്‍ ഈ മോട്ടോര്‍ 286 എച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പഴയ ഇ 350ഡി യിലെ 3.0 ലിറ്റര്‍ വി6 എന്‍ജിന്‍ 258 എച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. പിന്‍ ചക്രങ്ങളിലേക്കാണ് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കരുത്ത് കൈമാറുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ പുതിയ ഇ 350ഡി വേരിയന്റിന് 5.7 സെക്കന്‍ഡ് മതി. മുമ്പത്തെപ്പോലെ, എയര്‍ സസ്‌പെന്‍ഷന്‍ ലഭിച്ച മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസിന്റെ ഒരേയൊരു വേരിയന്റാണ് ഇ 350ഡി.

18 ഇഞ്ച് വ്യാസമുള്ള ചക്രങ്ങള്‍ നല്‍കിയതിനാല്‍ പുതിയ ഇ 350ഡി പെട്ടെന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ച 4 സിലിണ്ടര്‍ ഇ ക്ലാസ് വേരിയന്റുകള്‍ ഓടുന്നത് 17 ഇഞ്ച് ചക്രങ്ങളിലാണ്. കാബിനില്‍ ഓപ്പണ്‍ പോര്‍ ബ്ലാക്ക് ആഷ് വുഡ് ഉപയോഗിച്ച് നടത്തിയ ശൃംഗാരപ്പണികള്‍ ഇ 350ഡി യുടെ പ്രത്യേകതയാണ്. 4 സിലിണ്ടര്‍ സഹോദരങ്ങളില്‍ കാണുന്ന എല്ലാ സജ്ജീകരണങ്ങളും ഇ 350ഡി യില്‍ നല്‍കിയിരിക്കുന്നു. മുന്‍ സീറ്റുകള്‍, സ്റ്റിയറിംഗ് എന്നിവയ്ക്ക് മെമ്മറി ഫംഗ്ഷന്‍, മുന്‍ പിന്‍ സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, 360 ഡിഗ്രി കാമറ എന്നിവ ശ്രദ്ധേയമായ ചില അധിക ഫീച്ചറുകളാണ്. എക്‌സ്‌ക്ലുസീവ് വേരിയന്റില്‍ പിന്നില്‍ മാത്രമാണ് ഒരു ചാര്‍ജിംഗ് പാഡ് നല്‍കിയിരിക്കുന്നത്. മെഴ്‌സേഡസിന്റെ അഡാപ്റ്റര്‍ അധിഷ്ഠിത കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇ 350ഡി ഉപയോഗിക്കുന്നത്. അതേസമയം ഇ200, ഇ 220ഡി വേരിയന്റുകളില്‍ നല്‍കിയിരിക്കുന്നത് ഇ- സിം അധിഷ്ഠിത ‘മീ കണക്റ്റ്’ സാങ്കേതികവിദ്യയാണ്.

ബിഎംഡബ്ല്യു 530ഡി, 630ഡി ജിടി എന്നിവയാണ് മെഴ്‌സേഡസ് ബെന്‍സ് ഇ 350ഡി യുടെ എതിരാളികള്‍. ഇ ക്ലാസിന്റെ മറ്റൊരു എതിരാളിയാണ് ഔഡി എ6 എങ്കിലും പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭിക്കുന്നത്.

Comments

comments

Categories: Auto