കോവിഡ്-19 പ്രത്യാഘാതങ്ങളെ അതിജീവിക്കാനുള്ള സാമ്പത്തിക ശേഷി സൗദി അറേബ്യയ്ക്കുണ്ട്

കോവിഡ്-19 പ്രത്യാഘാതങ്ങളെ അതിജീവിക്കാനുള്ള സാമ്പത്തിക ശേഷി സൗദി അറേബ്യയ്ക്കുണ്ട്
  • സര്‍ക്കാര്‍ ചിലവിടല്‍ കുറയ്ക്കും
  • കടപ്പത്ര വില്‍പ്പനയിലൂടെ കൂടുതല്‍ ധനസമാഹരണം നടത്തും
  • കരുതല്‍ ശേഖരത്തില്‍ നിന്നും 120 ബില്യണ്‍ റിയാലിനടുത്ത് പിന്‍വലിക്കും

റിയാദ്: കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കുണ്ടെന്ന് സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് അല്‍-ജദ്ദാന്‍. അസാധാരണ സാഹചര്യത്തില്‍ ചിലവിടല്‍ കുറയ്ക്കാനും കടപ്പത്ര വില്‍പ്പനയിലൂടെ കൂടുതല്‍ വായ്പയെടുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

‘ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള സാമ്പത്തിക ശേഷി സൗദിക്കുണ്ട്. ശക്തമായ നിലയില്‍ തന്നെ ഞങ്ങള്‍ ഇതില്‍ നിന്നും പുറത്തുകടക്കും. നേരത്തെയും മറ്റ് ആഴമേറിയ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോയിട്ടുണ്ട്, അവയെല്ലാം അതിജീവിച്ചിട്ടുണ്ട്’ വാര്‍ത്താസമ്മേളനത്തില്‍ അല്‍-ജദ്ദാന്‍ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 120 ബില്യണ്‍ റിയാലിന് പുറമേ, 100 ബില്യണ്‍ റിയാല്‍ കൂടി വായ്പയെടുക്കാന്‍ സൗദിക്ക് പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഈ വര്‍ഷം സൗദി പുറത്തിറക്കുന്ന കടപ്പത്രങ്ങളുടെ മൂല്യം 220 ബില്യണ്‍ റിയാലാകും. എണ്ണവിലയിടിവ് മൂലവും കുറഞ്ഞ എണ്ണ ഉല്‍പ്പാദനം മൂലവുമുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിനായി 110 ബില്യണ്‍ മുതല്‍ 120 ബില്യണ്‍ റിയാല്‍ വരെ കരുതല്‍ ശേഖരത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകം 1930ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2008ല്‍ ലോകം നേരിട്ട സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമാണ് നിലവിലെ സാഹചര്യങ്ങള്‍. സാമ്പത്തിക വളര്‍ച്ച 3 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കുകൂട്ടല്‍. ഇതുവരെ എട്ട് ട്രില്യണ്‍ ഡോളറോളം വരുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകളാണ് വിവിധ രാജ്യങ്ങള്‍ കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ സമാശ്വാസ നടപടികള്‍ ഇനിയുമുണ്ടാകുമെന്നാണ് കരുതുന്നത്.

13,000ത്തിനടുത്ത് കൊറോണ വൈറസ് രോഗികള്‍ ഉള്ള സൗദി അറേബ്യയില്‍ എണ്ണവിലത്തകര്‍ച്ച മൂലവും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുമായി ചേര്‍ന്ന് നടപ്പാക്കാന്‍ പോകുന്ന എണ്ണ ഉല്‍പ്പാദന നിയന്ത്രണം മൂലവും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലവും ധനക്കമ്മി കുത്തനെ ഉയരുകയാണ്. അറബ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദിയുടെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 2.3 ശതമാനം ചുരുങ്ങുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. എണ്ണ ഇതര മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 4 ശതമാനം ചുരുങ്ങും. ബജറ്റ് കമ്മി 12.5 ശതമാനമാകും.

സര്‍ക്കാര്‍ ചിലവിടല്‍ കുറച്ചുകൊണ്ട് ഈ സ്ഥിതിവിശേഷത്തെ നേരിടാനാണ് രാജ്യത്തിന്റെ പദ്ധതിയെന്ന് കൂടുതല്‍ വിശദീകരിക്കാതെ അല്‍ ജദ്ദാന്‍ പറഞ്ഞു. വികസന പദ്ധതികള്‍ക്കുള്ള ചിലവുകളാകും രാജ്യം വെട്ടിക്കുറയ്ക്കുക. സ്വകാര്യ മേഖലയെ സംരക്ഷിക്കുന്നതിനായി രാജ്യം നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. സൗദിയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളില്‍ പ്രധാനമായ സ്വകാര്യമേഖലയെ സംരക്ഷിക്കുന്നതിന് രാജ്യം പ്രഥമ പരിഗണന നല്‍കും. സ്വകാര്യ മേഖലയ്ക്കായി കഴിഞ്ഞ മാസം സൗദി 50 ബില്യണ്‍ ദിര്‍ഹത്തിന്റെ സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് ഗുരുതരമായി ബാധിച്ച മേഖലകളെ പഠിച്ചുവരികയാണെന്നും മതിയായ സാമ്പത്തിക പിന്തുണ അവര്‍ക്ക് ഉറപ്പാക്കുമെന്നും ജദ്ദാന്‍ പറഞ്ഞു.

എണ്ണ ഇതര മേഖല ആദ്യമായി സാമ്പത്തിക മുരടിപ്പിന് സാക്ഷിയാകേണ്ടി വരുമെന്നും മന്ത്രി സൂചന വൈനല്‍കി. വൈറസ് വ്യാപനം ചെറുക്കുന്നതിനായി ഏര്‍പ്പെടുത്തിയ കരുതല്‍ നടപടികള്‍ കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അതിശയപ്പെടേണ്ടതില്ല. എണ്ണ ഉല്‍പ്പാദനം കുറയുന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്നാണ് സൗദി കരുതുന്നത്. കോവിഡ്-19 എണ്ണ, എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള ആദ്യപാദ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്താങ്ങുന്നതിനുള്ള കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും.

‘ചരിത്രത്തില്‍ ഇതിനുമുമ്പും സമാനമായ, ഇതിലും മോശമായ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോയിട്ടുണ്ട്. അവയെ എല്ലാം അതിജീവിക്കാന്‍ സൗദിക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയും അതില്‍ നിന്നും വിഭിന്നമല്ല’ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Arabia
Tags: Covid 19, Saudi

Related Articles