എമിറേറ്റ്‌സ് എന്‍ബിഡിയുടെ ആദ്യപാദ അറ്റാദായത്തില്‍ 24 ശതമാനം ഇടിവ്

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ആദ്യപാദ അറ്റാദായത്തില്‍ 24 ശതമാനം ഇടിവ്

കിട്ടാക്കടം തരണം ചെയ്യുന്നതിനുള്ള നീക്കിയിരുപ്പ് തുക കൂടിയതാണ് അറ്റാദായം കുറയാനുള്ള പ്രധാന കാരണം

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ ആദ്യപാദ അറ്റാദായത്തില്‍ 24 ശതമാനം ഇടിവ്. മാര്‍ച്ചില്‍ അവസാനിച്ച ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ 566.29 മില്യണ്‍ ഡോളറാണ് അറ്റാദായമായി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 742 മില്യണ്‍ ഡോളറായിരുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി വായ്പാ തിരിച്ചടവുകളിലുണ്ടാക്കുന്ന ആഘാതം മുന്‍കൂട്ടി കണ്ട് സ്വീകരിച്ച കരുതല്‍ നടപടികളാണ് അറ്റാദായത്തില്‍ ഇടിവുണ്ടാക്കിയതെന്ന് ബാങ്ക് പ്രതികരിച്ചു.

അതേസമയം പാദാടിസ്ഥാനത്തില്‍ അറ്റാദായത്തില്‍ 3 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. വരുംപാദങ്ങളില്‍ വായ്പാ തിരിച്ചടവുകളില്‍ ഇടിവുണ്ടായേക്കുമെന്ന ധാരണയില്‍ കിട്ടാക്കടം തരണം ചെയ്യുന്നതിനുള്ള നീക്കിയിരുപ്പുകള്‍ (പ്രോവിഷന്‍സ്) കൂട്ടിയതാണ് വരുമാനം കുറയാനുള്ള കാരണമെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പാട്രിക് സുള്ളിവന്‍ പറഞ്ഞു.

പകര്‍ച്ചവ്യാധി വ്യാപനം ഒഴിവാക്കുന്നതിനായി ഏര്‍പ്പെടുത്തിയ കരുതല്‍ നടപടികള്‍ യുഎഇയിലെ ബാങ്കുകള്‍ക്ക് തിരിച്ചടിയേകി തുടങ്ങിയിട്ടുണ്ട്. ടൂറിസം, ഗതാഗതം തുടങ്ങിയ സാമ്പത്തിക മേഖലകള്‍ ഏറെക്കുറെ നിശ്ചലമാണ്. കോവിഡ്-19യുടെ പ്രത്യാഘാതമായി കുറഞ്ഞ പലിശനിരക്ക്, എണ്ണവില ഇടിവ്, സാമ്പത്തിക വളര്‍ച്ചയിലുള്ള മന്ദത അടക്കം പലവിധത്തിലുള്ള വെല്ലുവിളികളാണ് പ്രാദേശിക ബാങ്കുകള്‍ ഇന്ന് നേരിടുന്നതെന്ന് സുള്ളിവന്‍ പറഞ്ഞു. കോവിഡ്-19യുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ബാങ്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിട്ടാക്കടം തരണം ചെയ്യുന്നതിനുള്ള നീക്കിയിരുപ്പ് 561.3 മില്യണ്‍ ഡോളറായാണ് ബാങ്ക് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ പാദത്തിലെ കിട്ടാക്കട അനുപാതം 5.5 ശതമാനത്തിലാണെന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. മാത്രമല്ല, 2019 അവസാനത്തെ അപേക്ഷിച്ച് ആകെ ആസ്തികള്‍ ഒരു ശതമാനം വര്‍ധിച്ച് 191.16 ബില്യണ്‍ ഡോളറിലെത്തിയതും എമിറേറ്റ്‌സ് എന്‍ബിഡിക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്.

Comments

comments

Categories: Arabia
Tags: emirates nbd