കോശകേന്ദ്രങ്ങളിലെ രാഷ്ട്രമീമാംസ

കോശകേന്ദ്രങ്ങളിലെ രാഷ്ട്രമീമാംസ

ചൈനയോട് ചേര്‍ന്നു കിടക്കുന്ന തായ്‌വാനില്‍ ജനുവരി 21 ന് ആദ്യ കോവിഡ്-19 രോഗി എത്തിയെങ്കിലും ഫലപ്രദമായ മാര്‍ഗങ്ങളിലൂടെ രോഗപ്പകര്‍ച്ചയെ പിടിച്ചുകെട്ടാന്‍ ആ രാഷ്ട്രത്തിനായി. നാനൂറില്‍ താഴെ പേര്‍ക്കാണ് തായ്വാനില്‍ രോഗബാധയുണ്ടായത്. മരണം 6 ല്‍ ഒതുങ്ങി. എന്നാല്‍ തായ്വാന്‍ നടത്തുന്ന ശ്രമങ്ങളെയും ഫലങ്ങളെയും ലോകത്തിന് മുന്‍പില്‍ മാതൃകയായി അവതരിപ്പിക്കുവാനോ അവര്‍ക്ക് ആവശ്യമായ ഗവേഷണ വിവരങ്ങള്‍ കൈമാറാനോ ലോകാരോഗ്യ സംഘടന തയാറായില്ല. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗത്വമില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. കോവിഡ് കാലത്തെ രാഷ്ട്രീയത്തിന്റെയും കെടുകാര്യസ്ഥതയുടെയും പേരില്‍ ലോകാരോഗ്യ സംഘടന പ്രതിക്കൂട്ടിലാണ്

‘ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍

ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍?

ദിഗ്വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാം

ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാന്‍!’

– ‘അശ്വമേധം’, വയലാര്‍

2020 ഫെബ്രുവരി 23. ടൈംസ് പത്രത്തിന്റെ തെക്കന്‍ യൂറോപ്പ് ബ്യൂറോ തലവന്‍ ജസോണ്‍ ഹോറോവിറ്റ്‌സ് ആഗോളതാപനത്തിന്റെ ആഘാതങ്ങളെ കുറിച്ചൊരു റിപ്പോര്‍ട്ട് തയ്യാറാക്കുവാനും കുടുംബാംഗങ്ങളുമായുള്ള ഒരു ഉല്ലാസയാത്രയ്ക്കുമായി വടക്കന്‍ ഇറ്റലിയിലെ ആല്‍പ്‌സ് പര്‍വ്വതനിരയിലെ മാറ്റര്‍ഹോണ്‍ കൊടുമുടിയുടെ താഴ്വരയില്‍ എത്തിയതാണ്. കൂടെ ഒരു ഫോട്ടോഗ്രാഫറും ഉണ്ട്. ഒരു സ്‌കീ ലോഡ്ജില്‍ മുറിയെടുക്കുന്നതേയുള്ളൂ. ഭാര്യ ക്‌ളോഡിയ അകത്തെ മുറിയിലേക്ക് കയറി. ജസോണ്‍ സ്‌കീയിംഗ് വസ്ത്രങ്ങള്‍ അണിയുന്നു. ഫോട്ടോഗ്രാഫര്‍ കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ല. പെട്ടെന്ന് പത്രത്തിന്റെ ഒരു എഡിറ്റര്‍ അദ്ദേഹത്തെ വിളിക്കുന്നു. ലൊമ്പാര്‍ഡി പ്രദേശത്ത് നൂറ്റമ്പതോളം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു, എത്രയും പെട്ടെന്ന് മിലന്‍ പ്രവിശ്യയില്‍ എത്തി ലൈവ് റിപ്പോര്‍ട്ടുകള്‍ അയച്ചുതരണം. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലേഖകരൊന്നും ആ പ്രദേശത്ത് അപ്പോഴില്ല. ആദ്യ കവറേജ്, അതാണ് ലക്ഷ്യം. ക്‌ളോഡിയയെയും കുട്ടികളെയും മുറിയില്‍ ആക്കി, പെട്ടെന്ന് തിരിച്ചുവരാമെന്ന് പറഞ്ഞ് ചുംബനങ്ങളും കൊടുത്ത് ഫോട്ടോഗ്രാഫറുമൊത്ത് ജസോണ്‍ കാറെടുത്തു. പത്രതത്തിന്റെ ഓഫീസില്‍ നിന്ന് അയച്ചുതന്ന സ്ഥലപ്പേരുകള്‍ സ്‌പെല്ലിംഗ് തെറ്റിച്ചും അല്ലാതെയുമെല്ലാം അയാള്‍ ഡ്രൈവിംഗിനിടയില്‍ തന്നെ ഗൂഗിള്‍ മാപ്പില്‍ നാവിഗേഷന്‍ ചെയ്യുന്നുണ്ട്. അയാള്‍ സ്‌കീയിംഗ് വസ്ത്രം മാറ്റുവാന്‍ മറന്ന് പോയിരുന്നു.

ജസോണ്‍, ലൊമ്പാര്‍ഡി ഭാഗത്തേക്ക് വാഹനമോടിച്ച് പോകുമ്പോള്‍ തന്നെയാണ് ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഭാര്യയെയും കുട്ടികളെയും ഒരു ലോഡ്ജ് മുറിയില്‍ ആക്കി, ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ തനിക്ക് ഒരു മാസത്തോളമായി അവരുടെയടുത്ത് പോവാനായിട്ടില്ല എന്നദ്ദേഹം എഴുതുന്നു. കാരണം, അവര്‍ എല്ലാ അര്‍ത്ഥത്തിലും ക്വാറന്റൈനില്‍ ആണ്. അദ്ദേഹമാവട്ടെ, വൈറസ് ആര്‍ത്ത് അട്ടഹസിക്കുന്ന എല്ലായിടത്തും പോയി പലരുമായും ഇടപഴകിയതാണ്. ആറ് കോടി ഇറ്റലിക്കാരെ വീടുകളില്‍ അടച്ചിട്ടിട്ടും ഒന്നേമുക്കാല്‍ ലക്ഷം പേര്‍ അസുഖബാധിതരായി. അതില്‍ ഇരുപത്തിമൂവായിരത്തിലധികം പേര്‍ കാലപുരി പൂകി. അതിന്റെ ഇറ്റലിയിലെ പ്രഭവകേന്ദ്രത്തില്‍ നിന്നുമാണ് ജസോണും വനിതാ കാമറാപേഴ്സനും മറ്റൊരു ജൂനിയര്‍ വനിതാ റിപ്പോര്‍ട്ടറും ചേര്‍ന്ന് ഓരോ മൂലയിലുമെത്തി റിപ്പോര്‍ട്ടുകള്‍ അയക്കുന്നത്. അദ്ദേഹം പറയുന്നു: ‘ഒരേയൊരു സന്തോഷവാര്‍ത്ത ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും അസുഖലക്ഷണങ്ങള്‍ ഇതുവരെയില്ല എന്നതാണ്’. അതെ, ഒരു ചുമയോ തുമ്മലോ ഇല്ലാത്തത് അതീവ പ്രാധാന്യമുള്ള സന്തോഷവാര്‍ത്ത ആവുന്ന കാലം.

ഇറ്റലിയില്‍ നിന്ന് മാത്രമല്ല, ലോകത്തെവിടെ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നുവോ അവിടെനിന്നെല്ലാം വരുന്ന ഒറ്റപ്പെടലുകളുടെ ലക്ഷക്കണക്കിന് കഥകളില്‍ ഒന്ന് മാത്രമാണ് ജസോണിന്റേത്. ചൈനയിലെ വുഹാനില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് 8,900 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ ചൈനാതീരത്ത് നിന്ന് 180 കിലോമീറ്റര്‍ (തിരുവനന്തപുരം-ചേര്‍ത്തല ദൂരത്തേക്കാള്‍ അല്‍പ്പം അധികം) മാത്രം ദൂരെയുള്ള തായ്വാന്‍ എന്ന ദ്വീപ് രാജ്യത്ത് സ്ഥിതി വ്യത്യസ്തമായി. 63 വയസ്സുള്ള സായ് ഇങ് വെന്‍ എന്ന വനിതാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തായ്പേയ് നടത്തിയ ചെറുത്തുനില്‍പ്പ് പഠനാര്‍ഹമാണ്. ഓസ്ട്രേലിയയും തായ്വാനും തമ്മില്‍ ഒരുപാട് സാമ്യങ്ങള്‍ ഉണ്ട്. രണ്ടിലും ഏകദേശം ഒരേ ജനസംഖ്യ; 2.4 കോടി. രണ്ടും ദ്വീപ് രാജ്യങ്ങള്‍. രണ്ടിനും ചൈനയുമായി ശക്തമായ വ്യാപാര ഗതാഗത ബന്ധങ്ങള്‍ ഉണ്ട്. എന്നാല്‍ ഓസ്ട്രേലിയയില്‍ 6,500 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 69 പേര്‍ മരിക്കുകയും ചെയ്തപ്പോള്‍ നാനൂറില്‍ താഴെ പേര്‍ക്കാണ് തായ്വാനില്‍ രോഗബാധയുണ്ടായത്. മരണം 6 ല്‍ ഒതുക്കുവാന്‍ അവര്‍ക്കായി. ഓസ്ട്രേലിയയിലെ സ്ഥിതി പരിതാപകരം എന്നല്ല പറയുന്നത്. അതിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. മറിച്ച്, തായ്വാന്‍ എങ്ങനെ ഫലപ്രദമായി നേരിട്ടു എന്നതിലാണ് ചരിത്ര പ്രാധാന്യം. രണ്ട് രാജ്യങ്ങള്‍ക്കും സാമ്യങ്ങള്‍ ഏറെയുള്ളതുകൊണ്ട് താരതമ്യത്തിന് എടുത്തു എന്ന് മാത്രം.

2003 ലെ സാര്‍സ് വൈറസ് വ്യാപനത്തില്‍ ഏറ്റവും കഷ്ടതകള്‍ അനുഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് തായ്വാന്‍. 1,50,000 പേരെ ഐസൊലേഷനില്‍ ആക്കിയിട്ടും 181 പേരെ രക്ഷപ്പെടുത്തുവാന്‍ ആയില്ല. അതില്‍ നിന്ന് അവര്‍ വലിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. തൊണ്ണൂറുകള്‍ മുതല്‍ ആരോഗ്യരംഗത്ത് വലിയ കാല്‍വെപ്പുകള്‍ തായ്വാന്‍ നടത്തിയിട്ടുണ്ട്. ഒരേയൊരു സംവിധാനത്തിന് കീഴില്‍ പൂര്‍ണ്ണ സാര്‍വത്രിക ആരോഗ്യ പരിപാലനച്ചെലവ് വഹിക്കുന്നത് ഉറപ്പാക്കുന്ന സിംഗിള്‍-പേയര്‍ സമ്പ്രദായം അക്കാലത്ത് ആരംഭിച്ചു: സകല പൗരന്മാരെയും ഉള്‍പ്പെടുത്തിയ, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഒരൊറ്റ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. വിവരസാങ്കേതിക വിദ്യയില്‍ വളരെയധികം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള തായ്വാന് അതിന്റെ ഗുണങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തില്‍ മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ ആയി. ഓരോ പൗരനും ഒരു ഹെല്‍ത്ത് കാര്‍ഡ് ഉണ്ട് അവിടെ. കാര്‍ഡില്‍ ഉള്ള മൈക്രോചിപ്പ് കാര്‍ഡുടമസ്ഥന്റെ മുഴുവന്‍ ആരോഗ്യവിവരങ്ങളും രോഗചരിത്രവും മരുന്ന് രേഖകളും ശാസ്ത്രക്രിയാ വിശകലനങ്ങളും എല്ലാമുള്ള സമ്പൂര്‍ണ്ണ ശേഖരമാണ്. കാര്‍ഡിലെ വിവരങ്ങള്‍ മുഴുവന്‍ ആശുപതികളുമായും മരുന്നുകടകളുമായും ലാബറട്ടറികളുമായും സര്‍ക്കാര്‍ ജാഗ്രതാസംവിധാനങ്ങളുമായും ആരോഗ്യ മന്ത്രാലയവുമായും ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് കേന്ദ്രവുമായും എല്ലാം ബന്ധിപ്പിച്ചിരിക്കുന്നു. ഡാറ്റ ചോരുമോ എന്ന ഭയമേതും ആരെയും ഗ്രസിച്ചില്ല.

2003 ലെ സാര്‍സിന് ശേഷം ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനമാണ് തായ്വാന്‍ നടത്തിയത്. ഇനിയൊരിക്കല്‍ ഒരു പകര്‍ച്ചവ്യാധി വന്നാല്‍, അതിനെ ചെറുക്കുവാനുള്ള ആയുധങ്ങള്‍ അവര്‍ മൂര്‍ച്ചകൂട്ടി ആവനാഴിയില്‍ നിറച്ചുവെച്ചു. തായ്വാനില്‍ പതിനായിരം പേര്‍ക്ക് ശരാശരി 70 ആശുപത്രിക്കിടക്കകള്‍ ഉള്ളപ്പോള്‍ ഓസ്ട്രേലിയയില്‍ ഇത് 38 മാത്രമാണ്. ഓസ്ട്രേലിയയില്‍ 10,000 പേര്‍ക്ക് 36 ഡോക്ടര്‍മാരാണ് ഉള്ളതെങ്കില്‍ തായ്വാനില്‍ 127 ഡോക്ടര്‍മാര്‍ ഉണ്ട്. ഇങ്ങനെ ആരോഗ്യ പരിരക്ഷാ രംഗത്ത് സര്‍വ്വതോമുഖമായ വളര്‍ച്ച നേടിയ രാജ്യത്ത് ജനുവരി ഇരുപത്തൊന്നിന് വുഹാനില്‍ ജോലി ചെയ്യുന്ന ഒരു തായ്വാന്‍ വനിത വിമാനമിറങ്ങി. അവിടെ വച്ചുള്ള ആദ്യ പരിശോധനയില്‍ തന്നെ അവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ക്വാറന്റൈന്‍ ചെയ്ത് രോഗം സ്ഥിരീകരിച്ചു. അപ്പോള്‍ തന്നെ തായ്‌വാനിലെ പകര്‍ച്ചവ്യാധി ദ്രുതകര്‍മ്മ കേന്ദ്രം, മുന്നറിയിപ്പ് നില ‘രണ്ട്’ എന്ന ഏറ്റവും മൂര്‍ദ്ധന്യത്തിലുള്ളതിന് തൊട്ടുതാഴെയുള്ളതിലേക്ക് ഉയര്‍ത്തി. ഒരു ദിവസത്തിന് ശേഷം, ജനുവരി 23 ന് തായ്വാന്‍ വുഹാനില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനാനുമതി നിര്‍ത്തലാക്കി. ഏതെങ്കിലും കാലത്ത് വുഹാന്‍ താമസസ്ഥലമായി രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് തായ്വാനിലേക്ക് യാത്രാവിലക്ക് നിലവില്‍ വന്നു. അവിടെ തുടങ്ങി തായ്വാന്റെ പ്രതിരോധം. അതിനും എത്രയോ കഴിഞ്ഞാണ് രോഗാതുരമായ ഇറ്റലിയടക്കമുള്ള മറ്റ് രാജ്യങ്ങള്‍ പ്രതിരോധ നടപടികള്‍ തുടങ്ങിയത്. 124 ഇന നിര്‍ദ്ദേശപ്പട്ടികയാണ് തായ്വാന്‍ ഉടനടി പുറത്തിറക്കിയത്.

എന്നാല്‍ തായ്വാന്‍ നടത്തുന്ന ശ്രമങ്ങളെയും ഫലങ്ങളെയും ലോകത്തിന് മുന്‍പില്‍ മാതൃകയായി അവതരിപ്പിക്കുവാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയില്ല. കാരണം തായ്വാന് ഇതുവരെ ഐക്യരാഷ്ട്ര സംഘടനയില്‍ അംഗത്വം നല്‍കിയിട്ടില്ല എന്നത് തന്നെ. ചൈനയിലെ nCoV വൈറസ് പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 31 ന് തായ്വാന്‍ ഭരണകൂടം ലോകാരോഗ്യ സംഘടനയ്ക്ക് വിശദവിവരങ്ങള്‍ ആരാഞ്ഞ് ഒരു ഇ-മെയില്‍ അയച്ചിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുമോ എന്ന പ്രത്യേക കാര്യം വിശേഷാല്‍ ഇ-മെയിലില്‍ ആരാഞ്ഞിരുന്നു. എന്നാല്‍ അതിനൊരു മറുപടി നല്‍കുവാന്‍ പോലും ലോകാരോഗ്യ സംഘടന തയ്യാറായില്ല. പതിനാറ് ലക്ഷം പേരിലേക്ക് പടരുകയും ഒരുലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്ത മഹാമാരിയിലും ലോകാരോഗ്യ സംഘടന രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിക്കുന്നു തായ്വാന്‍. ജനിതക-തന്മാത്രാ ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ഒരു രാജ്യത്തിന് മാത്രം നല്‍കുവാന്‍ വിസമ്മതിക്കുന്നു, ദൈത്യന്യായാസനം.

ജനിതകശാസ്ത്രത്തില്‍ തന്മാത്രകളുടെ അടിസ്ഥാനം എന്താണെന്നു മനസ്സിലാക്കുന്നതിനാണ് ആരംഭഘട്ടത്തില്‍ ജീവശാസ്ത്രകാരന്മാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതത്രെ. എന്നാല്‍ ഡിഎന്‍എയുടെ ഘടന കണ്ടുപിടിക്കപ്പെട്ടതോടെ ജീനുകളുടെ ഘടനയിലും ധര്‍മത്തിലും കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ക്ക് സാധ്യതകളേറി. ബാക്ടീരിയ, വൈറസ് തുടങ്ങിയവയില്‍ മാത്രമായാണ് ആദ്യ ഘട്ടത്തില്‍ തന്മാത്രാ ജീവശാസ്ത്ര ഗവേഷകര്‍ ഊന്നല്‍ നല്‍കിയിരുന്നത്. ഇതിനു കാരണം ഇവയുടെ ലളിതമായ ജനിതക ഘടനയും ജൈവരാസഘടനയുമാണ് എന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പറയുന്നത്. ജീവകോശങ്ങള്‍ക്കുള്ളിലെ തന്മാത്രാധര്‍മങ്ങള്‍ വളരെ സങ്കീര്‍ണമാണ്. എങ്കിലും സസ്യകോശങ്ങളും ജന്തുകോശങ്ങളും ലബോറട്ടറിക്കുള്ളില്‍ കള്‍ച്ചര്‍ ചെയ്യുവാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കപ്പെട്ടതോടെ കോശങ്ങള്‍ക്കുള്ളിലെ തന്മാത്രാ ധര്‍മങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ സഫലമായി. കോശങ്ങള്‍ക്കുള്ളിലെ ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുവാനും പ്രത്യേക തന്മാത്രകളുടെ ജൈവരാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാനും കഴിഞ്ഞതോടെ സങ്കീര്‍ണമായ കോശപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഡിഎന്‍എ, ആര്‍എന്‍എ, പ്രോട്ടീന്‍ എന്നിവയുടെ സംശ്‌ളേഷണം തുടങ്ങിയ ജൈവശാസ്ത്രപരമായി വളരെ അത്യാവശ്യമായ തന്മാത്രാ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അത്തരമൊരു വളര്‍ച്ചയുടെ നാഴികക്കല്ലുകളിലൊന്നില്‍ പരീക്ഷണശാലയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്ത് ചാടിയ രോഗാണു ആരുടെ സൃഷ്ടിയാണെന്ന കാര്യത്തില്‍ തീര്‍ച്ചമൂര്‍ച്ചകള്‍ ആയിട്ടില്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ ദിഗ്വിജയത്തിനായി സര്‍ഗ്ഗശക്തിയെ അങ്ങേയറ്റത്തെ മ്ലേച്ഛമായ രീതിയില്‍ വ്യഭിചരിക്കുവാന്‍ ഉപയോഗിക്കുന്ന ലോകശക്തികളില്‍ ആരോ വിട്ടയച്ച കറുത്തകുതിരയുടെ മാര്‍ഗ്ഗം മുടക്കുവാനും അതിനെ പിടിച്ചുകെട്ടുവാനും തായ്വാന് ആയിട്ടുണ്ടെങ്കില്‍ ആ അനുഭവങ്ങളില്‍ നിന്നുളവായ അറിവ് ലോകരാജ്യങ്ങളില്‍ എത്തിക്കുവാനും ലോകരാജ്യങ്ങളിലെ അറിവ് പകരം കൊടുക്കുവാനും ഐക്യരാഷ്ട്ര സംഘടന നിസ്സഹായമാവുമ്പോള്‍ കോശകേന്ദ്രങ്ങളില്‍ പോലും ശാസ്ത്രമല്ല, രാഷ്ട്രീയമാണ് ജയിക്കുന്നത്.

Categories: FK Special, Slider
Tags: Covid 19, Taiwan