കോവിഡ് 19 നെതിരേയുള്ള പോരാട്ടത്തില്‍ ക്യൂആര്‍ കോഡും

കോവിഡ് 19 നെതിരേയുള്ള പോരാട്ടത്തില്‍ ക്യൂആര്‍ കോഡും

കോവിഡ് 19നെതിരേ പോരാടുകയാണല്ലോ ലോകം. ചൈനയില്‍ ആലിപേ എന്ന മൊബൈല്‍ പേയ്‌മെന്റ് സര്‍വീസും വീ ചാറ്റ് എന്ന മെസേജിംഗ് സര്‍വീസും ഒരു പുതിയ തരം വെര്‍ച്വല്‍ പാസ്‌പോര്‍ട്ട് ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇതൊരു ആപ്പ് ആണ്. ഈ പാസ്‌പോര്‍ട്ടിലാണ് അല്ലെങ്കില്‍ ആപ്പിലാണ് ഓരോ വ്യക്തിയുടെയും ആരോഗ്യനില രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുയിടങ്ങളില്‍ ഒരാള്‍ക്ക് പ്രവേശിക്കണമെങ്കില്‍ ഈ വെര്‍ച്വല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ട്.

നമ്മളുടെ ദിനചര്യയടക്കമുള്ള കാര്യങ്ങള്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനെ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്നുവെന്നു സങ്കല്‍പ്പിക്കുക. അത്തരമൊരു സാഹചര്യത്തില്‍ വീട് വിട്ട് പുറത്തേയ്ക്കു പോവുന്നത്, ജോലിക്കു പോവുന്നത്, കഫേ, റെസ്റ്റോറന്റ്, ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതടക്കമുള്ള ഓരോ നീക്കങ്ങളും നിര്‍ണയിക്കുന്നത് നമ്മളുടെ സ്മാര്‍ട്ട്‌ഫോണായിരിക്കും. സ്മാര്‍ട്ട്‌ഫോണില്‍ തെളിയുന്ന നിറത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ നീക്കങ്ങളും സാധ്യമാവുന്നത്. ചുവപ്പ് നിറമാണു സ്‌ക്രീനില്‍ തെളിയുന്നതെങ്കില്‍ നമ്മള്‍ക്കു മാൡലേക്കോ, റെസ്റ്റോറന്റിലേക്കോ മറ്റു പൊതുയിടങ്ങളിലേക്കോ പ്രവേശനമുണ്ടാകില്ല. എന്നാല്‍ സ്‌ക്രീനില്‍ തെളിയുന്നതു പച്ച നിറമാണെങ്കില്‍ നമ്മള്‍ക്ക് പ്രവേശിക്കുകയും ചെയ്യാം.

ഇത്രയും കാര്യങ്ങള്‍ സാങ്കല്‍പ്പികമാണെന്നാണു പറഞ്ഞത്. പക്ഷേ, ചൈനയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇപ്പോള്‍ ഇതു യാഥാര്‍ഥ്യമായിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചതോടെ അവിടെയുള്ളവരുടെ ചലനങ്ങള്‍ അല്ലെങ്കില്‍ ഓരോ നീക്കവും നിയന്ത്രിക്കുന്നതിനും അതുവഴി കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും ചൈനീസ് സര്‍ക്കാര്‍ നിറം അടിസ്ഥാനമാക്കിയുള്ള ഹെല്‍ത്ത് കോഡ് സംവിധാനം ഉപയോഗിക്കുകയാണ്. മൊബൈല്‍ സാങ്കേതികവിദ്യയെയും ബിഗ് ഡേറ്റയെയുമാണ് ഇതിനായി സര്‍ക്കാര്‍ ആശ്രയിക്കുന്നതും. നമ്മളൊക്ക ക്യൂആര്‍ കോഡ് (QR code) എന്നു ചുരുക്കിപ്പറയുന്ന ക്വിക്ക് റെസ്‌പോണ്‍സ് കോഡ്‌സിനെയാണ് (quick response codes) ചൈനയിലെ പൗരന്മാര്‍ അവരുടെ ആരോഗ്യനിലയുടെ സൂചകമായി അഥവാ ഇന്‍ഡിക്കേറ്ററായി നിയോഗിച്ചിരിക്കുന്നത്. ചൈനയില്‍ അധികാരികള്‍ ഹെല്‍ത്ത് കോഡുകള്‍ ഇനിയും നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും പല നഗരങ്ങളിലും ഈ ക്യൂആര്‍ കോഡ് ഉള്‍പ്പെടുന്ന ആപ്പ് ഇല്ലാത്ത പൗരന്മാര്‍ക്ക് അവര്‍ താമസിക്കുന്നയിടം വിട്ടു പുറത്തേക്കു പോകാനോ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുവാനോ സാധിക്കില്ല.

2019 ഡിസംബര്‍ അവസാനത്തോടെയാണു ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൊറോണ വൈറസ് ഉത്ഭവിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടു മൂന്നു മാസം കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചൈനയില്‍ കൊറോണ വൈറസ് വലിയ ദുരന്തം സൃഷ്ടിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ പോലെയുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചു കൊണ്ടു ചൈന വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തി. ഇപ്പോള്‍ ചൈനയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ ചൈനയുടെ പല ഭാഗങ്ങളിലും പിന്‍വലിക്കുകയും ചെയ്തു. എങ്കിലും ക്യൂആര്‍ കോഡ് വ്യാപകമായി ചൈനയില്‍ ഉപയോഗിച്ചു വരികയാണ്. അത് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിര്‍ണായകമായി തീര്‍ന്നിരിക്കുകയാണ്. ചൈനയില്‍ ക്യൂആര്‍ കോഡ് ടെക്‌നോളജി വൈറസ് വ്യാപനത്തെ തടയുന്നതില്‍ നിര്‍ണായകമായതോടെ, സമാന സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണു മറ്റ് രാജ്യങ്ങളിലെ അധികാരികളും. സമാനമായ ആപ്പ് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചു ജപ്പാന്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മാസം കോവിഡ്19 രോഗികളെ അധികൃതര്‍ക്കു തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു കോണ്‍ടാക്റ്റ് ട്രേസിംഗ് (contact-tracing) സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് സിംഗപ്പൂര്‍ പുറത്തിറക്കുകയുണ്ടായി. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയും ആ സമയത്ത്, ഓരോരുത്തരുടെയും ചലനങ്ങള്‍ അഥവാ നീക്കങ്ങള്‍ ട്രാക്കു ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ക്യൂആര്‍ കോഡ് സംവിധാനത്തെ കുറിച്ചു മോസ്‌കോയും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരു രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികളെ തിരിച്ചറിയുന്ന പ്രക്രിയയെയാണു പൊതുജനാരോഗ്യ രംഗത്ത് കോണ്‍ടാക്റ്റ് ട്രേസിംഗ് (contact tracing) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ രോഗ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കോണ്‍ടാക്റ്റ് ട്രേസിംഗിലൂടെ ശേഖരിക്കാറുണ്ട്. കൊറോണ വൈറസ് പടരുന്നത് തടയാന്‍ കോണ്‍ടാക്റ്റ് ട്രേസിംഗ് അനിവാര്യമാണ്. അതിനാലാണു ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സമാന രീതി പിന്തുടരുന്നത്. ചൈന നടപ്പിലാക്കിയ ക്യൂആര്‍ കോഡ് സംവിധാനത്തിലൂടെ നടക്കുന്നതും മറ്റൊന്നല്ല കോണ്‍ടാക്റ്റ് ട്രേസിംഗ് തന്നെയാണ്.

ഇപ്പോള്‍ ചൈനയില്‍ നടപ്പിലാക്കിയിരിക്കുന്ന ഹെല്‍ത്ത് കോഡ് അഥവാ ക്യൂആര്‍ കോഡ് സംവിധാനത്തിനായി സര്‍ക്കാര്‍ രണ്ട് ടെക്‌നോളജി ഭീമന്മാരെയാണു ആശ്രയിച്ചത്. ഒന്ന് ആലിബാബ, രണ്ട് ടെന്‍സെന്റ്. ആലിബാബയ്ക്ക് ആലി പേ എന്നൊരു മൊബൈല്‍ പേമെന്റ് ആപ്പ് ഉണ്ട്. ടെന്‍സെന്റിനാകട്ടെ, വീ ചാറ്റ് എന്നൊരു മെസേജിംഗ് ആപ്പും ഉണ്ട്. ഇവ രണ്ടും ചൈനയില്‍ വന്‍ജനപ്രീതിയാര്‍ജ്ജിച്ച ആപ്പുകളാണ്. ലക്ഷക്കണക്കിനു ചൈനാക്കാര്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ രണ്ട് ആപ്പുകളിലും ഹെല്‍ത്ത് കോഡ് സജ്ജീകരിക്കുകയെന്നതു വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.

ചൈനയിലെ കിഴക്കന്‍ സെജിയാങ് പ്രവിശ്യയിലെ ഒരു തീരദേശ നഗരമായ ഹാങ്‌സുവിലാണ് ആലിബാബ എന്ന ടെക് കമ്പനിയുടെ ആസ്ഥാനം. ഹാങ്‌സുവിലാണ് ആദ്യമായി ഹെല്‍ത്ത് കോഡ് ഉപയോഗിച്ചു തുടങ്ങിയത്. ഫെബ്രുവരി 11-നായിരുന്നു സംവിധാനം ലോഞ്ച് ചെയ്തത്. ഏതൊക്കെ പൗരന്മാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നു തീരുമാനിക്കുന്ന ഈ ഹെല്‍ത്ത് കോഡ് ഉപയോഗിച്ചു കൊണ്ടാണ്. ഹെല്‍ത്ത് കോഡ് ലഭിക്കാനായി പൗരന്മാര്‍ അവരുടെ പേര്, നാഷണല്‍ ഐഡന്റിറ്റി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, സൈന്‍ അപ്പ് പേജില്‍ ചേര്‍ക്കാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന സ്വകാര്യ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കണം. കഴിഞ്ഞ 14 ദിവസത്തിനുള്ളിലെ യാത്രാ ചരിത്രം ഹാജരാക്കണം. സ്ഥിരീകരിച്ച അല്ലെങ്കില്‍ കൊറോണ വൈറസ് ബാധയേറ്റതായി സംശയിക്കുന്ന ഏതെങ്കിലുമൊരു വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും അറിയിക്കണം. പനി, ക്ഷീണം, വരണ്ട ചുമ, മൂക്കടപ്പ്, തൊണ്ടവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കണം. വിവരങ്ങള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷം ഓരോ വ്യക്തിക്കും ചുവപ്പ്, പച്ച നിറങ്ങളിലുള്ള ഒരു ക്യൂആര്‍ കോഡ് നല്‍കും. ക്യൂആര്‍ കോഡ് ചുവപ്പ് നിറമുള്ള വ്യക്തി 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം. പച്ച നിറമുള്ള ക്യൂആര്‍ കോഡ് ആണെങ്കില്‍ പൊതുയിടങ്ങളില്‍ സഞ്ചരിക്കാന്‍ അനുവാദം ലഭിക്കും. ഈ ഹെല്‍ത്ത് കോഡിന്റെ ഒരു ഗുണമെന്നത് പൊതുയിടങ്ങളിലെ ഓരോ വ്യക്തിയുടെയും ചലനങ്ങളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ്. കോവിഡ്-19 സ്ഥിരീകരിച്ച ഒരു കേസ് കണ്ടെത്തിക്കഴിഞ്ഞാല്‍, ആ രോഗി എവിടെയായിരുന്നെന്നു വേഗത്തില്‍ ട്രാക്ക് ചെയ്യുവാനും ആ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ തിരിച്ചറിയുവാനും അധികാരികള്‍ക്കു സാധിക്കും.

ന്യൂനതകള്‍

സാങ്കേതികവിദ്യയുടെ എല്ലാ ഉത്പ്പന്നങ്ങളെയും പോലെ, ഹെല്‍ത്ത് കോഡിനുമുണ്ട് ചില ന്യൂനതകള്‍. ഈ ആപ്പ് എല്ലാം തികഞ്ഞവയല്ല. ഇതിന് തെറ്റുകള്‍ വരുത്താന്‍ സാധിക്കും. ഉപയോക്താക്കള്‍ക്കു തെറ്റായ കോഡ് നല്‍കാനും അതുവഴി ആളുകളെ ക്വാറന്റൈനിലേക്ക് പ്രവേശിപ്പിക്കുവാനും സാധിക്കും. ഉദാഹരണമായി, ആലിപേ ഹെല്‍ത്ത് കോഡ് ആദ്യം നടപ്പിലാക്കിയ ഹാങ്‌സു നഗരത്തില്‍ മൂക്കടപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച ചില പ്രദേശവാസികള്‍ക്ക് ചുവപ്പ് നിറമുള്ള ക്യൂആര്‍ കോഡ് ആണ് ലഭിച്ചത്. കൊറോണ വൈറസ് ബാധിച്ചവരുടെ ലക്ഷണങ്ങളില്‍ ചിലതാണ് മൂക്കടപ്പ്, ക്ഷീണം എന്നിവ. പക്ഷേ, ഇതേ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൊറോണ ബാധിതരാകണമെന്നില്ല. പക്ഷേ, മൂക്കടപ്പും ക്ഷീണവുമുണ്ടെന്ന കാരണം ചൂണ്ടിക്കാണിച്ച് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട സാഹചര്യം ചിലര്‍ക്കുണ്ടായി. ഹെല്‍ത്ത് കോഡ് എല്ലാ പ്രവിശ്യകള്‍ക്കും വേണ്ടി വികസിപ്പിച്ചത് ഒരു കമ്പനിയാണെങ്കിലും ഒരു പ്രവിശ്യയുടെ ഹെല്‍ത്ത് കോഡ് മറ്റൊരു പ്രവിശ്യ അംഗീകരിക്കുന്നില്ലെന്നാണ് ഇപ്പോള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന മറ്റൊരു പ്രശ്‌നം. ഇതിനു പുറമേ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. പച്ച, അംബര്‍ (ട്രാഫിക് സിഗ്നലില്‍ കാണുന്ന മഞ്ഞ), ചുവപ്പ് നിറങ്ങളിലുള്ളവയാണ് ക്യൂആര്‍ കോഡുകളെല്ലാം. ഇവ വികസിപ്പിക്കുന്നത് ഒരേ കമ്പനികളുമാണ്. പക്ഷേ, ഇവ പ്രാദേശിക അധികൃതര്‍ സജ്ജീകരിച്ച വ്യത്യസ്ത കോവിഡ്19 ഡാറ്റാ ബേസുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ പ്രാദേശിക ഭരണകൂടങ്ങളും ഡാറ്റാ ബേസുകള്‍ ഷെയര്‍ ചെയ്യാറില്ല. പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങള്‍ നല്‍കുന്നതിന് ഓരോ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങളും ഉണ്ടായിരിക്കാം. ഈയൊരു പ്രശ്‌നമുള്ളതു കൊണ്ടാണ് ഒരു പ്രവിശ്യയുടെ ഹെല്‍ത്ത് കോഡ് മറ്റൊരു പ്രവിശ്യ അംഗീകരിക്കാത്തത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ദേശീയതലത്തിലൊരു എപ്പിഡെമിക് പ്രിവന്‍ഷന്‍ കോഡ് ലോഞ്ച് ചെയ്തു. തുടര്‍ന്ന് സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ കോവിഡ് 19 ബാധിതരുടെയും ഇവരുമായി അടുത്ത് ഇടപഴകിയവരുടെയും ദേശീയതലത്തിലുള്ള ഡാറ്റാ ബേസ് ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമില്‍ (centralized platform) അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇതിലൂടെ ഓരോ പ്രവിശ്യയ്ക്കും അവരുടെ ഡാറ്റ താരതമ്യം ചെയ്യാനും സാധിക്കും. ഹെല്‍ത്ത് കോഡിനെ കുറിച്ചുള്ള മറ്റൊരു ആശങ്ക സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ളതാണ്. ഹെല്‍ത്ത് കോഡിനായി വ്യക്തികളില്‍നിന്ന് അധികൃതര്‍ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഇത് ലീക്ക് ആയാല്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയേറെയാണ്.

Categories: Top Stories
Tags: Covid 19, Qr code