പകര്‍ച്ചവ്യാധിയിലും കര്‍മ്മനിരതരായ ജീവനക്കാര്‍ക്ക് ഇത്തിഹാദിന്റെ ആദരം

പകര്‍ച്ചവ്യാധിയിലും കര്‍മ്മനിരതരായ ജീവനക്കാര്‍ക്ക് ഇത്തിഹാദിന്റെ ആദരം

പകര്‍ച്ചവ്യാധിക്കാലത്ത് മുന്‍നിരയില്‍ നിന്ന ‘അസാധാരണ വ്യക്തികള്‍ക്ക്’ നന്ദി അറിയിച്ച് ദേശീയ വിമാനക്കമ്പനിയുടെ വീഡിയോ

അബുദാബി: പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതോടെ ദശാബ്ദങ്ങള്‍ക്കിടെ വിമാനങ്ങളില്ലാതെ ആകാശവും വിജനമായി. എങ്കിലും ആശങ്കകള്‍ മാറ്റിവെച്ച് പകര്‍ച്ചവ്യാധിക്കാലത്തും കര്‍മ്മനിരതരായ അസംഖ്യം വിമാന ജീവനക്കാര്‍ ഉണ്ട്. യുഎഇയിലെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ വീഡിയോയിലെ താരങ്ങള്‍ അവരാണ്. കോവിഡ്-19 കാലത്ത് പ്രവര്‍ത്തനനിരതരായ തങ്ങളുടെ മുഴുവന്‍ ജീവനക്കാര്‍ക്കും ആദരമര്‍പ്പിച്ചുകൊണ്ടാണ് ഇത്തിഹാദ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

”ചുരുങ്ങിയ കാലത്തേക്കാണെങ്കിലും നമുക്കറിയുന്ന ലോകത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു. പ്രിയപ്പെട്ടവരെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി ലോകമെങ്ങും കുടുംബങ്ങള്‍ വീടുകളില്‍ കഴിയുമ്പോള്‍ ലോകത്തെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇവര്‍ ദിവസം മുഴുവന്‍ സഹാനുഭൂതിയോടും കരുതലോടെയുമുള്ള അവരുടെ പ്രവര്‍ത്തനം തുടരുന്നു” ഒന്നര മിനിട്ടുള്ള വിഡീയോയില്‍ ഇത്തിഹാദ് പറയുന്നു.

ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടിയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം യുഎഇയിലെ വിമാനക്കമ്പനികള്‍ സാധാരണ നിലയിലുള്ള യാത്രാവിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സ്വദേശങ്ങളില്‍ എത്തിക്കുന്നതിനായി ഇത്തിഹാദും ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനിയും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രത്യേക സര്‍വീസുകളും മറ്റ് അവശ്യ സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നത് കാര്‍ഗോ ജീവനക്കാര്‍, പൈലറ്റുമാര്‍, ശുചീകരണ തൊഴിലാളികള്‍, കാബിന്‍ ജീവനക്കാര്‍ അടക്കം കമ്പനിയുടെ എല്ലാ തട്ടിലുമുള്ള ജീവനക്കാരാണെന്ന് വീഡിയോയില്‍ പറയുന്നു. ഈ പ്രതിസന്ധികാലത്ത് അസാധാരണ വ്യക്തികള്‍ നിറഞ്ഞ സംഘമാണ് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ അഭിമാനിക്കാതിരിക്കാന്‍ കഴിയില്ലെന്നും ഇത്തിഹാദ് പറയുന്നു. മുഖാവരണവും കയ്യുറകളും ധരിച്ച് യാത്രക്കാരെ സ്വീകരിക്കും ചരക്കുകള്‍ വിമാനങ്ങളില്‍ നിറയ്ക്കുകയും വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുകയും അവര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുകയും വിമാനത്തിന്റെ ഉള്‍വശങ്ങള്‍ വൃത്തിയാക്കുകയും ചെയ്യുന്ന ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

വിദേശികളെ നാട്ടില്‍ തിരികെ എത്തിക്കുന്നതിനുള്ള വിമാനസര്‍വീസുകള്‍ ഒഴിച്ച് മറ്റ് യാത്രാവിമാന സര്‍വീസുകള്‍ ഏപ്രില്‍ 21 വരെ യുഎഇ റദ്ദ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ അഞ്ചുമുതലാണ് ഇത്തിഹാദ് വിദേശികളെ നാട്ടിലെത്തിക്കുന്നതിനുള്ള സര്‍വീസുകള്‍ ആരംഭിച്ചത്. ഈ ആഴ്ച മുതല്‍ ബ്രസ്സല്‍സിലേക്കും ഡബ്ലിനിലേക്കും ലണ്ടനിലെ ഹീത്രൂവിലേക്കും ടോക്യോയിലെ നറീറ്റയിലേക്കും സൂറിച്ചിലേക്കും ഇത്തിഹാദ് സര്‍വീസുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ആംസ്റ്റര്‍ഡാം, ജക്കാര്‍ത്ത, മനില, മെല്‍ബണ്‍, സിയോള്‍, ഇഞ്ചിയോണ്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഇത്തിഹാദിന്റെ പ്രത്യേക സര്‍വീസുകള്‍ തുടരും. ഒരു ദിശയില്‍ മാത്രമായിരിക്കും പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കുക. മടക്കയാത്രയില്‍ വിദേശങ്ങളിലുള്ള എമിറാറ്റികളെയും ചരക്കുകളും ഭക്ഷ്യവസ്തുക്കളുമാകും ഈ വിമാനങ്ങള്‍ വഹിക്കുക.

Comments

comments

Categories: Arabia
Tags: Etihad