ജാപ്പനീസ് പ്രധാനമന്ത്രിയുടെ ‘ സ്റ്റേ അറ്റ് ഹോം ‘ വീഡിയോയ്ക്ക് വിമര്‍ശനം

ജാപ്പനീസ് പ്രധാനമന്ത്രിയുടെ ‘ സ്റ്റേ അറ്റ് ഹോം ‘ വീഡിയോയ്ക്ക് വിമര്‍ശനം

ടോക്യോ: വീടിനുള്ളില്‍ കഴിയാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സോഫയില്‍ ചാരിക്കിടക്കുന്നതിന്റെയും, ചായ കുടിക്കുന്നതിന്റെയും, വായിക്കുന്നതിന്റെയും, നായ്ക്കുട്ടിയെ ലാളിക്കുന്നതിന്റെയും വീഡിയോ ട്വിറ്ററില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ ഞായറാഴ്ച പങ്കുവയ്ക്കുകയുണ്ടായി. എന്നാല്‍ ഇൗ വീഡിയോയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്.

‘ നിങ്ങള്‍ ആരാണെന്നാണ് കരുതുന്നത് ‘ ? എന്ന ചോദ്യം ഉന്നയിച്ച ഒരാളുടെ ട്വീറ്റ് പ്രധാന ട്രെന്‍ഡായി മാറി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ഉപജീവനത്തിനായി ബുദ്ധിമുട്ടുന്നവരുടെ അവസ്ഥയെ കണ്ടില്ലെന്നു നടിക്കുന്നതാണ് അബെയുടെ സന്ദേശമെന്നു ട്വിറ്ററില്‍ ചിലര്‍ കുറിച്ചു. നായ്ക്കുട്ടിയെ ലാളിക്കുന്നതടക്കമുള്ള രംഗങ്ങളുള്ള അബെയുടെ വീഡിയോ, ജനപ്രിയ സംഗീതജ്ഞന്‍ ഹോഷിനോയ്ക്കുള്ള പ്രതികരണം കൂടിയായിരുന്നു. വീടനകത്ത് ഡാന്‍സ് ചെയ്യുന്നതിന്റെയും പാട്ടു പാടുന്നതിന്റെയും വീഡിയോ ഹോഷിനോ അപ്‌ലോഡ് ചെയ്തിരുന്നു. രാജ്യത്തിനു വേണ്ടി ഒരുമിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശമായിരുന്നു ഈ വീഡിയോയിലൂടെ ഹോഷിനോ നല്‍കിയത്.

ജപ്പാനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,000 കവിഞ്ഞതായി പബ്ലിക് ബ്രോഡ്കാസ്റ്ററായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനില്‍ ഏറ്റവുമധികം ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Comments

comments

Categories: World
Tags: Shinzo Abe