ഹോണ്ട ഗ്രാസിയ, ഏവിയേറ്റര്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കി

ഹോണ്ട ഗ്രാസിയ, ഏവിയേറ്റര്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കി

ഹോണ്ട ഏവിയേറ്റര്‍ തിരിച്ചെത്താന്‍ സാധ്യത കുറവാണ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഹോണ്ട ഗ്രാസിയ, ഏവിയേറ്റര്‍ എന്നീ സ്‌കൂട്ടര്‍ മോഡലുകള്‍ നീക്കി. 2017 ല്‍ പുറത്തിറക്കിയ 125 സിസി സ്‌കൂട്ടറായിരുന്നു ഹോണ്ട ഗ്രാസിയ. അതേസമയം, പഴക്കംചെന്ന 110 സിസി സ്‌കൂട്ടറാണ് ഹോണ്ട ഏവിയേറ്റര്‍. രണ്ട് സ്‌കൂട്ടറുകളും ഇപ്പോള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒന്നുകില്‍ രണ്ട് സ്‌കൂട്ടറുകളും എന്നന്നേക്കുമായി നിര്‍ത്തിയിരിക്കണം. അല്ലെങ്കില്‍ ബിഎസ് 6 എന്‍ജിനുമായി തിരിച്ചെത്തുന്നതുവരെ താല്‍ക്കാലികമായി വെബ്‌സൈറ്റില്‍നിന്ന് ഒഴിവാക്കിയതായിരിക്കും.

ഹോണ്ട ഏവിയേറ്റര്‍ ഇനി തിരിച്ചെത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ ബിഎസ് 6 എന്‍ജിന്‍ നല്‍കി ഹോണ്ട ഗ്രാസിയ തിരിച്ചെത്താന്‍ സാധ്യത ഏറെയാണ്. നിലവില്‍ മൂന്ന് സ്‌കൂട്ടറുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്നത്. ആക്റ്റിവ 6ജി, ബിഎസ് 6 ആക്റ്റിവ 125, ബിഎസ് 6 ഹോണ്ട ഡിയോ എന്നിവയാണ് മൂന്ന് സ്‌കൂട്ടര്‍ മോഡലുകള്‍.

ബിഎസ് 4 ആക്റ്റിവ 125 ഉപയോഗിച്ചിരുന്ന 124.9 സിസി, എയര്‍ കൂള്‍ഡ്, 4 സ്‌ട്രോക്ക് എന്‍ജിനാണ് ബിഎസ് 4 ഹോണ്ട ഗ്രാസിയ സ്‌കൂട്ടറിന് കരുത്തേകിയിരുന്നത്. ഈ മോട്ടോര്‍ രണ്ട് മോഡലുകളിലും 6,500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കും പുറപ്പെടുവിച്ചിരുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മറ്റ് ഹോണ്ട സ്‌കൂട്ടറുകളെപ്പോലെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്ന ഹോണ്ട ഇക്കോ ടെക്‌നോളജി നല്‍കി. ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് 125 സിസി സ്‌കൂട്ടറാണ് ഗ്രാസിയ. നിരവധി ഫീച്ചറുകളും പ്രീമിയം രൂപകല്‍പ്പനയും ലഭിച്ചിരുന്നു.

109 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബിഎസ് 4 ഹോണ്ട ഏവിയേറ്ററിന് കരുത്തേകിയിരുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചിരുന്നു. എന്‍ജിനുമായി സിവിടി ചേര്‍ത്തുവെച്ചു.

Comments

comments

Categories: Auto
Tags: honda grazia