ബഹ്‌റൈനില്‍ പാര്‍ക്കിംഗ് ഇടം കോവിഡ്-19 ഐസിയു ആക്കി പരിഷ്‌കരിച്ചു

ബഹ്‌റൈനില്‍ പാര്‍ക്കിംഗ് ഇടം കോവിഡ്-19 ഐസിയു ആക്കി പരിഷ്‌കരിച്ചു

1,500ലേറെ കൊറോണ വൈറസ് കേസുകളും ഏഴ് മരണങ്ങളുമാണ് ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയ്ക്കടുത്തുള്ള സൈനിക ആശുപത്രിയിലെ കാര്‍ പാര്‍ക്കിംഗ് ഇടം കോവിഡ്-19 രോഗികള്‍ക്ക് വേണ്ടിയുള്ള ഐസിയു ആക്കി പരിഷ്‌കരിച്ചു. 130 ഓളം കിടക്കകള്‍ ഉള്ള ഐസിയു യൂണിറ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദിവസവും നൂറുകണക്കിന് പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് കാര്‍ പാര്‍ക്കിംഗ് ഇടം ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്താണ് ഇത്തരത്തിലൊരു മുന്‍കരുതല്‍ നടപടി എടുത്തതെന്ന് ഐസിയുവിന്റെ ഉദ്ഘാടന വേളയില്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ ഷേഖ് ഖാലിദ് ബിന്‍ അലി അല്‍-ഖലീഫ അറിയിച്ചു. ഏതാണ്ട് പതിനഞ്ച് ലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുള്ള ബഹ്‌റൈനില്‍ 1,500ലധികം കോവിഡ്-19 കേസുകളും ഏഴ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 645 പേര്‍ രോഗമുക്തരായി. ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് മൂന്ന് രോഗികളുടെ നില ഗുരുതരമാണ്. ഏഴ് ദിവസം കൊണ്ടാണ് കാര്‍ പാര്‍ക്കിംഗ് ഇടത്തെ എല്ലാവിധ സജ്ജീകരണങ്ങളുമുള്ള ഐസിയു ആക്കി പരിഷ്‌കരിച്ചത്. പ്രതിരോധ മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരിച്ചാണ് സൈനിക ആശുപത്രിയുടെ മൂന്നാംനിലയിലുള്ള പാര്‍ക്കിംഗ് ഇടം ഐസിയു ആക്കിയത്. മൂന്നുനിരകള്‍ ആയാണ് ഇവിടെ കിടക്കകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ രാജ്യത്ത് ആദ്യ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രോഗം മൂലം ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്നതിന് ഏതാണ്ട് 800ഓളം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ്് ആരോഗ്യമന്ത്രാലയം പരിശീലനം നല്‍കിയതെന്ന് ഐസിയു പ്രോജക്ടിന്റെ ഡയറക്ടറായ നയെഫ് ലോറി പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി സഞ്ചാരവിലക്കുകളും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതും അടക്കം നിരവധി കര്‍ശന നടപടികള്‍ ബഹ്‌റൈന്‍ എടുത്തിട്ടുണ്ട്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സൗദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന പാലം ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്.

Comments

comments

Categories: Arabia