കുട്ടികള്‍ക്ക് റോള്‍സ് റോയ്‌സ് കാര്‍ ഡിസൈന്‍ ചെയ്യാം

കുട്ടികള്‍ക്ക് റോള്‍സ് റോയ്‌സ് കാര്‍ ഡിസൈന്‍ ചെയ്യാം

പതിനാറ് വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം

ലണ്ടന്‍: കുട്ടികള്‍ക്കായി റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് ‘യംഗ് ഡിസൈനര്‍’ മല്‍സരം പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ നാളുകളില്‍ വീട്ടിലിരിക്കുന്ന ‘ഭാവി ഡിസൈനര്‍മാര്‍ക്കു’ വേണ്ടിയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. പതിനാറ് വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കുട്ടികള്‍ തയ്യാറാക്കുന്ന രേഖാചിത്രങ്ങള്‍ അടിസ്ഥാനമാക്കി റോള്‍സ് റോയ്‌സ് പുതിയൊരു കാറിന്റെ ആവിഷ്‌ക്കാരം നടത്തും അഥവാ റെന്‍ഡര്‍ ചെയ്യും. വീട്ടിലിരുന്നുകൊണ്ട് കുട്ടികള്‍ക്ക് അവരുടെ ഭാവനയും സര്‍ഗാത്മകതയും പുറത്തെടുക്കാനാണ് റോള്‍സ് റോയ്‌സ് അവസരമൊരുക്കുന്നത്.

ഗുഡ് വുഡില്‍ നടക്കുന്ന റോള്‍സ് റോയ്‌സ് ജീവനക്കാരുടെ ‘ഫാമിലി ഡേ’ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും ഇത്തരമൊരു മല്‍സരം സംഘടിപ്പിക്കാറുണ്ട്. കൊവിഡ് മഹാമാരി കാരണം വീട്ടിലിരിക്കുന്നവര്‍ക്കായി ഈ മല്‍സരം വിപുലീകരിച്ചുവെന്ന് പറയാം. കുട്ടികള്‍ക്ക് മാത്രമല്ല, രക്ഷിതാക്കള്‍ക്കും മുത്തച്ഛന്‍മാര്‍ക്കും ആവേശമേകുന്നതാണ് റോള്‍സ് റോയ്‌സിന്റെ പുതിയ തീരുമാനം.

ലഭിക്കുന്ന എല്ലാ എന്‍ട്രികളും റോള്‍സ് റോയ്‌സിന്റെ ഡിസൈന്‍ സംഘം വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വിജയിയെ തെരഞ്ഞെടുക്കും. ജേതാവ് അയച്ചുതന്ന ഡിസൈന്‍ റോള്‍സ് റോയ്‌സ് സംഘം റെന്‍ഡര്‍ ചെയ്തശേഷം ആ ചിത്രം വിജയിക്ക് സമ്മാനിക്കും. മാത്രമല്ല, ലോക്ക്ഡൗണ്‍ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം റോള്‍സ് റോയ്‌സ് ഫാന്റത്തില്‍ അടുത്ത സുഹൃത്തിനെയും കൂട്ടി സ്‌കൂളിലേക്ക് പോകാന്‍ അവസരമൊരുക്കും. ഫാന്റം ഓടിക്കാന്‍ റോള്‍സ് റോയ്‌സ് ഒരു ഷോഫറെ നിയോഗിക്കും. രണ്ടാം സ്ഥാനം നേടുന്ന കുട്ടിക്ക് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് സിഇഒ ടോര്‍സ്റ്റന്‍ മുളളര്‍ ഒറ്റ് വോസ് ഒപ്പിട്ട സാക്ഷ്യപത്രം സമ്മാനിക്കും.

Comments

comments

Categories: Auto
Tags: rolls royce