കണ്ണില്ലാതെ കാണാം കാതില്ലാതെ കേള്‍ക്കാം

കണ്ണില്ലാതെ കാണാം കാതില്ലാതെ കേള്‍ക്കാം

ഈ മുറിയില്‍ കടക്കുന്നതിനു മുന്‍പ് നിങ്ങളുടെ പാദരക്ഷ പുറത്ത് അഴിച്ചുവെക്കുക എന്ന ബോര്‍ഡ് കണ്ടാല്‍ നിങ്ങള്‍ ചെരുപ്പുകള്‍ പുറത്തിടുകയും മുറിയില്‍ കടക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചെരുപ്പ് പുറത്തിടണം എന്ന് തീരുമാനിക്കുന്നത് ആ ആചാരം ഉണ്ടാക്കിയ വ്യക്തിയാണ്. നിങ്ങള്‍ അയാളുടെ വാക്കുകളെ അനുസരിക്കുക മാത്രം ചെയ്യുന്നു. സങ്കല്‍പ്പിത ക്രമങ്ങളുടെ അനുസരണയും ഇതുപോലെ തന്നെയാണ്

രാജ്യത്ത് കലാപം ശക്തി പ്രാപിക്കുകയാണ്. പ്രജകള്‍ രാജാവിന്റെ ദുര്‍ഭരണത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. രാജഭരണം അവസാനിപ്പിക്കുകയും ജനാധിപത്യം വരികയും വേണം എന്നതാണ് ആവശ്യം. രാജ്യം കത്തിയെരിയുകയാണ്. സൈന്യത്തെ ഉപയോഗിച്ച് കലാപം അടിച്ചമര്‍ത്താന്‍ രാജാവ് ശ്രമിച്ചു. രക്ഷയില്ല അത് അനുദിനം ശക്തി പ്രാപിക്കുകയാണ്. നൂറ്റാണ്ടുകളായുള്ള രാജഭരണം ആളുകള്‍ക്ക് മടുത്തിരിക്കുന്നു. തങ്ങളുടേതായ ഒരു സര്‍ക്കാര്‍ വേണം. ഒന്നിനും അവരെ തടുത്തു നിര്‍ത്താന്‍ കഴിയില്ല.

നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ജനങ്ങള്‍ കൂട്ടം കൂടി തെരുവുകളിലേക്ക് ഇറങ്ങുകയാണ്. രാജഭരണത്തിനെതിരെയുള്ള ഈ കലാപം നയിക്കുവാന്‍ നേതാക്കളില്ല. ജനം സ്വയമേവ ഇറങ്ങിത്തിരിക്കുകയാണ്. സ്വാതന്ത്ര്യത്തില്‍ കുറഞ്ഞ ഒന്നും അവര്‍ക്ക് സ്വീകാര്യമല്ല. പട്ടണങ്ങളും ഗ്രാമങ്ങളും കത്തിയെരിയുന്നു. സൈന്യവും ജനങ്ങളും നിരന്തരം ഏറ്റുമുട്ടുന്നു. ഓരോ ഏറ്റുമുട്ടലുകളും കൂടുതല്‍ ആവേശം കൊണ്ടുവരുന്നു. കൂടുതല്‍ ആളുകള്‍ കലാപത്തില്‍ അണിചേരുന്നു.

ഇവരെ ചേര്‍ത്തുനിര്‍ത്തുന്നത് എന്താണ്? രാജാവ് അത്ഭുതപ്പെട്ടു. ഇത്രയധികം ജനങ്ങള്‍ ആവേശഭരിതരായി തെരുവുകളിലേക്ക് ഇറങ്ങുന്നത് എന്തുകൊണ്ടാണ്? ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ വാക്കുകള്‍ തന്നെ അവര്‍ക്ക് പുതിയതാണ്. ഈ വാക്കുകള്‍ അവരില്‍ നിറയ്ക്കുന്ന ഊര്‍ജ്ജം എന്താണ്? ഇതൊരു അസാധാരണ സംഭവം തന്നെയാണ്. അറിയാത്ത, അനുഭവിക്കാത്ത, സങ്കല്‍പ്പത്തിലുള്ള ഒന്നിനുവേണ്ടി പോരാടുക. അതിനുവേണ്ടി ഒരുമിച്ചു നില്‍ക്കുക. തികച്ചും അവിശ്വസനീയം തന്നെ.

വ്യത്യസ്ത രീതിയില്‍ ചിന്തിക്കുകയും പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ചു കൂടുകയും ഒരേ കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എളുപ്പമുള്ള സംഗതിയല്ല. മുന്നില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു നിധിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലെയല്ല പലപ്പോഴുമിത്. കാണാത്ത, അറിയാത്ത, അനുഭവിക്കാത്ത, നിലനില്‍ക്കുന്നുണ്ടോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത ഒന്നിനു വേണ്ടി ചിലപ്പോള്‍ ആളുകള്‍ ഒരുമിച്ചു നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും പോരാടുകയും ജീവന്‍ ബലികഴിക്കുകയുമൊക്കെ ചെയ്യും.

ചെറിയ ആള്‍ക്കൂട്ടങ്ങളെ ഒരുമിച്ചു കൂട്ടുന്നത് പോലെയല്ല വലിയ കൂട്ടങ്ങളെ സൃഷ്ടിക്കുന്നത്. ചെറിയ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കാന്‍ എളുപ്പമാണ്, എന്നാല്‍ വലിയ കൂട്ടങ്ങളെ അങ്ങനെയല്ല. രണ്ടിനും തികച്ചും വ്യത്യസ്തമായ തന്ത്രങ്ങള്‍ ആവശ്യമാണ്. ആളുകളെ ഒരുമിച്ചു പിടിച്ചു നിര്‍ത്തുന്ന ഒരു സങ്കല്‍പ്പിത ക്രമം ആവശ്യമാണ്. ഈ സങ്കല്‍പ്പിത ക്രമത്തിന് ചുറ്റും ആളുകള്‍ സംഘടിക്കുന്നു, സഹവര്‍ത്തിക്കുന്നു, തങ്ങളുടെ കൂട്ടത്തിന്റെ നിലനില്‍പ്പിനും ഉന്നമനത്തിനും വേണ്ടി പ്രയത്‌നിക്കുന്നു.

ജനാധിപത്യം എന്ന സങ്കല്‍പ്പിത ക്രമത്തിന് വേണ്ടിയുള്ള പോരാട്ടവും അതാണ്. തങ്ങളുടേതായ ഒരു രാജ്യം സൃഷ്ടിക്കപ്പെടുമെന്നും അവിടെ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും ഓരോ വ്യക്തിയും വിശ്വസിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന അടിസ്ഥാന സത്യങ്ങള്‍ ഇല്ലെങ്കില്‍ പോലും അവന്‍ അങ്ങനെ വിശ്വസിക്കും. പുതിയ ആശയത്തിന്റെ ആവിര്‍ഭാവം, രാജഭരണവും ജനാധിപത്യവും താരതമ്യം ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നു. പുതുതായി ഉദയം കൊണ്ട സങ്കല്‍പ്പിത ക്രമത്തില്‍ വിശ്വാസമര്‍പ്പിക്കുവാനും അതിനായി പോരാടാനും അവന്‍ തയ്യാറാകുന്നു.

മതവും ഇത്തരമൊരു സങ്കല്‍പ്പിത ക്രമമാണ്. ദൈവം എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് മതം നിലകൊള്ളുന്നത്. ദൈവത്തെ അവന്‍ കണ്ടിട്ടില്ല. ചില കഥകളുടേയും മിത്തുകളുടേയും അടിസ്ഥാനത്തിലാണ് ഈ വിശ്വാസം. താന്‍ കാണാത്ത, അനുഭവിക്കാത്ത ഒന്നില്‍ അവന്‍ വിശ്വസിക്കുന്നു. ദൈവം എന്ന ആശയത്തില്‍ ചുറ്റിപ്പറ്റിയ മതത്തില്‍ അവന്‍ വിശ്വസിക്കുന്നു. ആ മതം അനുശാസിക്കുന്ന ആചാരക്രമങ്ങളില്‍ അവന്‍ മുഴുകുന്നു. താന്‍ കേള്‍ക്കാത്ത ദൈവത്തിന്റെ വാക്കുകളാണ് താന്‍ അനുസരിക്കുന്നതെന്ന് അവന്‍ വിശ്വസിക്കുന്നു.

ലക്ഷക്കണക്കിന് ആളുകള്‍ ഒരേ മതത്തില്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു. എനിക്ക് ഒരു മതത്തില്‍ വിശ്വസിക്കുകയും മറ്റൊരു മതത്തിന്റെ ദൈവത്തെ പിന്തുടരുകയും എളുപ്പമല്ല. ഓരോ മതത്തിനും അതിന്റേതായ ആചാരക്രമങ്ങളുണ്ട്. ഇവിടെ ദൈവത്തിന് രൂപം തന്നെ വേണമെന്നില്ല. പിന്തുടരുന്നത് സങ്കല്‍പ്പിത ക്രമത്തെയാണ്, ആശയത്തെയാണ്, മിത്തുകളെയാണ്. അവിടെ രൂപം പ്രധാനമല്ല.

വിപ്ലവത്തിന് ഒരു രൂപം ആവശ്യമില്ല. വിപ്ലവം എന്ന ആശയം തന്നെ അമൂര്‍ത്തമായ ഒരു രൂപമാണ്. ദൈവങ്ങളെപ്പോലെ തന്നെ വിപ്ലവങ്ങളും വ്യത്യസ്തങ്ങളാണ്. ദൈവങ്ങള്‍ വ്യത്യസ്ത രൂപങ്ങളുള്ളവരാകാം, രൂപങ്ങള്‍ ഇല്ലാത്തവരാകാം. പക്ഷെ ആശയമുണ്ട്. വിശ്വസിക്കാനും സഹകരിക്കാനും ഒരുമിച്ചു യാത്ര ചെയ്യാനും അതു മതി. ഞാന്‍ ഇന്ന രീതിയില്‍ പെരുമാറുന്നതാണ് ദൈവത്തിനിഷ്ടം എന്ന് ഒരാളെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടില്ല. ആശയത്തില്‍ വിശ്വസിച്ചു കഴിഞ്ഞാല്‍ മറ്റെന്തും വിശ്വസിച്ചു തുടങ്ങും.

ഈ മുറിയില്‍ കടക്കുന്നതിനു മുന്‍പ് നിങ്ങളുടെ പാദരക്ഷ പുറത്ത് അഴിച്ചുവെക്കുക എന്ന ബോര്‍ഡ് കണ്ടാല്‍ നിങ്ങള്‍ ചെരുപ്പുകള്‍ പുറത്തിടുകയും മുറിയില്‍ കടക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചെരുപ്പ് പുറത്തിടണം എന്ന് തീരുമാനിക്കുന്നത് ആ ആചാരം ഉണ്ടാക്കിയ വ്യക്തിയാണ്. നിങ്ങള്‍ അയാളുടെ വാക്കുകളെ അനുസരിക്കുക മാത്രം ചെയ്യുന്നു. നിങ്ങള്‍ മാത്രമല്ല മറ്റുള്ളവരും അത് അനുസരിക്കുന്നു. എന്തിനാണ് അത് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അറിയില്ല. സങ്കല്‍പ്പിത ക്രമങ്ങളുടെ അനുസരണയും ഇതുപോലെ തന്നെയാകുന്നു. സ്വാതന്ത്ര്യത്തിന്റെ പരകോടിയിലും നമ്മള്‍ അടിമകളായി നിലകൊള്ളുന്നതും അതുകൊണ്ട് തന്നെയാണ്.

Categories: FK Special, Slider