‘സൗദി അറേബ്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം വരെ എത്തിയേക്കാം’

‘സൗദി അറേബ്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം വരെ എത്തിയേക്കാം’

വൈറസ് ബാധിതരുടെ എണ്ണം ക്രമേണ 10,000-200,000 വരെ ആയി ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി

ജിദ്ദ: സൗദി അറേബ്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞത് പതിനായിരമായി വര്‍ധിച്ചേക്കുമെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അല്‍-റബിയ. കര്‍ഫ്യൂവും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള നിബന്ധനകള്‍ വേണ്ടരീതിയില്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഇത് ക്രമേണ രണ്ട് ലക്ഷം വരെയായി ഉയര്‍ന്നേക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധി വ്യാപനം അവസാനിപ്പിക്കുന്നതിനായി എല്ലാവരും സാമൂഹ്യ പ്രതിബദ്ധതയോടെ പെരുമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സൗദി അറേബ്യയിലാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇവിടെ രോഗബാധിതരുടെ എണ്ണം മൂവായിരത്തിനടുത്തെത്തി, മരണസംഖ്യ 41ഉം. രോഗബാധിതരുടെ എണ്ണം ക്രമേണ 10,000 മുതല്‍ രണ്ട് ലക്ഷം വരെ ആയി വര്‍ധിക്കാമെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന നാലോളം പഠനങ്ങള്‍ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. രോഗത്തിന്റെ അപകടവശം ശരിയായി മനസിലാക്കാതെ ചില ആളുകള്‍ വീട് വിട്ട് പുറത്തിറങ്ങുകയും സംഘം ചേരുകയും ചെയ്യുന്നത് മൂലമാണ് കൂടുതല്‍ ഇടങ്ങളില്‍ 24-മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു. വാഹനഗതാഗതം സാധാരണ നിലയെ അപേക്ഷിച്ച് 46 ശതമാനമാണ്, ഇതും വളരെ അധികമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവില്‍ വരാത്ത സ്ഥലങ്ങളില്‍ വൈകുന്നേരം ഏഴ് മണിമുതല്‍ പിറ്റേദിവസം വൈകുന്നേരം മൂന്ന് മണി വരെയുള്ള കര്‍ഫ്യൂ കൊണ്ടുവരുന്ന കാര്യം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

നാല് മുതല്‍ 12 മാസത്തേക്ക് നിലവിലെ അവസ്ഥയില്‍ രോഗബാധിതരുടെ എണ്ണം നിലനിര്‍ത്താന്‍ സാധിച്ചാല്‍ വൈറസ് മൂലം രാജ്യത്തെ ആരോഗ്യസംവിധാനം തകിടം മറിയുന്ന സ്ഥിതി ഒഴിവാക്കാന്‍ സാധിക്കുമെന്ന് അല്‍-റബിയ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തേ അനുവദിച്ച 8 ബില്യണ്‍ സൗദി റിയാലിന് പുറമേ ആരോഗ്യ മന്ത്രാലയത്തിന് 7 ബില്യണ്‍ റിയാല്‍ കൂടി അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി 32 ബില്യണ്‍ റിയാലും അനുവദിച്ചതായി അല്‍-റബിയ വ്യക്തമാക്കി.

ഇതിനിടെ പകര്‍ച്ചവ്യാധിയെ കൂടുതല്‍ ഗൗരവമായി കണ്ടുകൊണ്ട് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് സൗദി മന്ത്രിസഭ ചര്‍ച്ചകള്‍ നടത്തി. ആളുകള്‍ തമ്മിലുള്ള ഇടപെടലുകള്‍ 90 ശതമാനം കുറക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു.

Comments

comments

Categories: Arabia
Tags: Saudi Arabia