സാധ്യമായ എല്ലാസഹായവും ഇന്ത്യ ചെയ്യുമെന്ന് പ്രധാനമന്ത്രി

സാധ്യമായ എല്ലാസഹായവും ഇന്ത്യ ചെയ്യുമെന്ന് പ്രധാനമന്ത്രി

ഇതുപോലുള്ള സമയങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നുവെന്ന് മോദി

ന്യൂഡെല്‍ഹി: മലേറിയക്കെതിരായ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കി. കൊറോണ വൈറസ് വ്യാപനത്തിനെതിരായി മനുഷ്യരാശിയുടെ ചെറുത്തുനില്‍പ്പിന് സാധ്യമായതെല്ലാം നല്‍കുമെന്ന് മോദി ഉറപ്പു നല്‍കി.

‘പ്രസിഡന്റ് നിങ്ങളുമായി പൂര്‍ണമായും യോജിക്കുന്നു. ഇതുപോലുള്ള സമയങ്ങള്‍ യഥാര്‍ത്ഥ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇന്ത്യ-യുഎസ് സഹകരണം എന്നത്തേക്കാളും ഇന്ന് ശക്തമാണ്. കോവിഡ്-19 നെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തെ സഹായിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും. ഈ പ്രതിസന്ധിയില്‍ നാം ഒരുമിച്ച് വിജയം നേടും,’ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ ട്രംപിന്റെ സന്ദേശത്തിന് മറുപടി നല്‍കി.

കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിന് യുഎസ് പ്രസിഡന്റ്കഴിഞ്ഞ ദിവസം നന്ദി പറഞ്ഞിരുന്നു. ഈ പോരാട്ടത്തില്‍ ഇന്ത്യയെ മാത്രമല്ല, മാനവികതയെയും സഹായിക്കുന്നതില്‍ പ്രധാനമന്ത്രി മോദിയെ ട്രംപ് പ്രശംസിച്ചു. അതിനുശേഷം മണിക്കൂറുകള്‍ക്കകമാണ് മോദി മറുപടി നല്‍കിയത്.

‘അസാധാരണമായ സമയങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം ആവശ്യമാണ്. എച്ച്‌സിക്യുവിനെക്കുറിച്ചുള്ള തീരുമാനത്തിന് ഇന്ത്യയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. മറക്കാനാവില്ല! ഈ പോരാട്ടത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയെയും സഹായിക്കുന്നതില്‍ നിങ്ങളുടെ ശക്തമായ നേതൃത്വത്തിന് പ്രധാനമന്ത്രി മോദിക്ക് നന്ദി!’ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

കൊറോണ വൈറസ് രോഗികളുടെ ചികിത്സയില്‍ പരീക്ഷണാത്മകമായി ഉപയോഗിക്കുന്ന മലേറിയക്കതിരായ മരുന്നിന്റെ കയറ്റുമതിയില്‍ ഇന്ത്യ നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് തിങ്കളാഴ്ച ട്രംപ് സൂചന നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യ നിരോധനം ഭാഗികമായി നീക്കിയതും ഏറ്റവും അത്യാവശ്യമുള്ള ഏകദേശം മുപ്പതോളം രാജ്യങ്ങള്‍ക്ക് മരുന്ന്് നല്‍കാനാരംഭിച്ചതും. കോവിഡ് -19 രോഗികളുടെ ചികിത്സിക്കായി ഉപയോഗിക്കാവുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചതായി ട്രംപ് ശനിയാഴ്ചതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ കയറ്റുമതി നിരോധനത്തില്‍ ഇളവുവരുത്താത്ത സാഹചര്യത്തിലാണ് ട്രംപ് വീണ്ടും രംഗത്തെത്തിയത്. അതേ സമയം ഇന്ത്യയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന് കുറവുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഉറപ്പുനല്‍കി. ”ഇപ്പോള്‍ മാത്രമല്ല, ഭാവിയില്‍ പോലും, ആവശ്യമുള്ളപ്പോള്‍ എച്ച്‌സിക്യു (ഹൈഡ്രോക്‌സിക്ലോറോക്വിന്‍) ന്റെ അഭാവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്,” കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ന്യൂഡെല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Comments

comments

Categories: FK News