ടോപ് 10 കാറുകളില്‍ ഏഴ് മാരുതി സുസുകി

ടോപ് 10 കാറുകളില്‍ ഏഴ് മാരുതി സുസുകി

ബാക്കി മൂന്ന് സ്ഥാനങ്ങള്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് സ്വന്തമാക്കി

ന്യൂഡെല്‍ഹി: 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ പത്ത് പാസഞ്ചര്‍ വാഹനങ്ങളില്‍ ഏഴെണ്ണം മാരുതി സുസുകി മോഡലുകള്‍. ബാക്കി മൂന്ന് സ്ഥാനങ്ങള്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് സ്വന്തമാക്കി. ഓള്‍ട്ടോ, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, വാഗണ്‍ആര്‍, ഈക്കോ, വിറ്റാര ബ്രെസ, ഐ20 എലൈറ്റ്, ഐ10 ഗ്രാന്‍ഡ്, വെന്യൂ എന്നീ ക്രമത്തിലാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റുപോയത്. 2019 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കാറുകളില്‍ വാഗണ്‍ആര്‍, ഈക്കോ മോഡലുകള്‍ മാത്രമാണ് വില്‍പ്പന വളര്‍ച്ച കൈവരിച്ചത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായ് വെന്യൂ വിപണിയില്‍ എത്തിയിരുന്നില്ല. മറ്റ് ഏഴ് മോഡലുകളുടെയും വില്‍പ്പനയില്‍ ഇടിവ് നേരിട്ടു.

2019 സാമ്പത്തിക വര്‍ഷത്തില്‍ 2,59,401 യൂണിറ്റ് മാരുതി സുസുകി ഓള്‍ട്ടോ വിറ്റപ്പോള്‍ 2020 സാമ്പത്തിക വര്‍ഷം 1,90,814 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ഇടിവ് 26.44 ശതമാനം. സ്വിഫ്റ്റ് വില്‍പ്പന പരിശോധിച്ചാല്‍, 2019 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 16.08 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. 2,23,924 യൂണിറ്റില്‍നിന്ന് 2020 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 1,87,916 യൂണിറ്റായി കുറഞ്ഞു. ബലേനോ, ഡിസയര്‍ മോഡലുകള്‍ 2019 സാമ്പത്തിക വര്‍ഷം യഥാക്രമം 2,12,330 യൂണിറ്റും 2,53,859 യൂണിറ്റും വിറ്റപ്പോള്‍ 2020 സാമ്പത്തിക വര്‍ഷം യഥാക്രമം 1,80,413 യൂണിറ്റും 1,79,159 യൂണിറ്റുമായി കുറഞ്ഞു. ബലേനോയുടെ വില്‍പ്പന 15.03 ശതമാനവും ഡിസയറിന്റേത് 29.43 ശതമാനവുമാണ് കുറഞ്ഞത്.

വാഗണ്‍ആര്‍, ഈക്കോ മോഡലുകള്‍ 3.47 ശതമാനവും 27.50 ശതമാനവുമാണ് വില്‍പ്പന വളര്‍ച്ച കൈവരിച്ചത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 1,56,724 യൂണിറ്റും 1,17,003 യൂണിറ്റും വിറ്റു. 2019 സാമ്പത്തിക വര്‍ഷം യഥാക്രമം 1,51,462 യൂണിറ്റും 91,769 യൂണിറ്റും വിറ്റ സ്ഥാനത്താണിത്. 29.92 ശതമാനം ഇടിവാണ് മാരുതി സുസുകി വിറ്റാര ബ്രെസ നേരിട്ടത്. 2019 സാമ്പത്തിക വര്‍ഷം 1,57,880 യൂണിറ്റ് വില്‍പ്പന നടന്നെങ്കില്‍ 2020 സാമ്പത്തിക വര്‍ഷം 1,10,641 യൂണിറ്റായി വില്‍പ്പന കുറഞ്ഞു.

ഐ20 എലൈറ്റ്, ഐ10 ഗ്രാന്‍ഡ് എന്നീ ഹ്യുണ്ടായ് മോഡലുകളുടെ വില്‍പ്പനയില്‍ യഥാക്രമം 18.07 ശതമാനവും 20.98 ശതമാനവും ഇടിവ് സംഭവിച്ചു. 2019 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 1,28,137 യൂണിറ്റും 1,26,041 യൂണിറ്റും വിറ്റപ്പോള്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ 1,04,981 യൂണിറ്റും 99,592 യൂണിറ്റുമായി കുറഞ്ഞു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇല്ലാതിരുന്ന ഹ്യുണ്ടായ് വെന്യൂ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 93,624 യൂണിറ്റ് വിറ്റുപോയി.

Comments

comments

Categories: Auto