റുപീ ബോണ്ടുകള്‍ വഴി 7,500 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് ഐഡിബിഐ ബാങ്ക്

റുപീ ബോണ്ടുകള്‍ വഴി 7,500 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് ഐഡിബിഐ ബാങ്ക്

ഐഎഫ്എല്‍ഐയില്‍ തങ്ങളുടെ 23-27 ശതമാനം ഓഹരി വില്‍ക്കാനുള്ള നിര്‍ദേശത്തിനും ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ റുപീ ബോണ്ട് വഴി 7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്വകാര്യ മേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക് അറിയിച്ചു. ഏപ്രില്‍ 8 ബുധനാഴ്ച നടന്ന ഡയറക്റ്റര്‍ ബോണ്ട് യോഗം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഘട്ടങ്ങളിലായി റുപീ ബോണ്ടുകളിലൂടെ 7,500 കോടി രൂപയുടെ വരെ സമാഹരണം നടത്തുന്നതിന് അംഗീകാരം നല്‍കിയതായി ഐഡിബിഐ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

വായ്പയെടുക്കല്‍ പദ്ധതിയില്‍ 3,000 കോടി രൂപ വരെ അധിക ടയര്‍ 1 ബോണ്ടുകളിലൂടെയാണ് സമാഹരിക്കുക. 3,500 കോടി രൂപ വരെയുള്ള സമാഹരണം ബേസല്‍ 3 ടയര്‍ 2 ബോണ്ടുകളിലൂടെ നടക്കും. സീനിയര്‍ / ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളിലൂടെ 1,000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിടുന്നു. ലൈഫ് ഇന്‍ഷുറന്‍സ് സംയുക്ത സംരംഭമായ ഐഎഫ്എല്‍ഐയില്‍ തങ്ങളുടെ 23-27 ശതമാനം ഓഹരി വില്‍ക്കാനുള്ള നിര്‍ദേശത്തിനും ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഐഡിബിഐ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

2019 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 48 ശതമാനം ഓഹരി പങ്കാളിത്തമാണ് ഐഡിബിഐ ബാങ്കിന് ഐഎഫ്എല്‍ഐയില്‍ ഉള്ളത്. ഫെഡറല്‍ ബാങ്കിന് 26 ശതമാനവും യൂറോപ്പിലെ ഇന്‍ഷുറന്‍സ് വമ്പന്‍ അഗാസിന് 26 ശതമാനവും ഓഹരി പങ്കാളിത്തം ഈ സംയുക്ത സംരംഭത്തിലുണ്ട്. കൊറോണ വൈറസ് ബാധ ഓഹരി വിപണികളില്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ സമാഹരണ ശ്രമങ്ങളെല്ലാം പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Categories: Banking