ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ടോപ്പ്-15 എഫ്എംസിജി ലീഗില്‍

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ടോപ്പ്-15 എഫ്എംസിജി ലീഗില്‍
  • നടപ്പുവര്‍ഷം ഓഹരിവിലയില്‍ 33 ശതമാനം നേട്ടം
  • ആഗോള ഭീമന്‍മാരായ ഓള്‍ട്രിയ ഗ്രൂപ്പ്, കോള്‍ഗേറ്റ്-പാമൊലീവ്, റെക്കിറ്റ് ബെന്‍കിസര്‍ കമ്പനികളെ മറഇകടന്നു

മുംബൈ: ഓഹരിവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) ആഗോളതലത്തില്‍ ടോപ്പ്-15 എഫ്എംസിജി പട്ടികയില്‍ പ്രവേശിച്ചു. രാജ്യത്തെ മുന്‍നിര ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ എച്ച്‌യുഎല്‍ ആഗോള ഭീമന്‍മാരായ ഓള്‍ട്രിയ ഗ്രൂപ്പ്, കോള്‍ഗേറ്റ്-പാമൊലീവ്, റെക്കിറ്റ് ബെന്‍കിസര്‍ തുടങ്ങിയ കമ്പനികളെ വിപണി മൂലധനത്തില്‍ മറികടന്നതായി ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

എച്ച്‌യുഎല്ലിന്റെ വിപണി മൂലധനം മാതൃകമ്പനിയുടെ മൂലധനത്തിന്റെ പകുതിയിലധികമാണ്. 0:54ആണ് ഇരു കമ്പനികളുടേയും വിപണി മൂലധനത്തിന്റെ തോത്. നടപ്പുവര്‍ഷം തുടക്കം മുതല്‍ ഓഹരിവിലയില്‍ 33 ശതമാനം നേട്ടമാണ് എച്ച്‌യുഎല്‍ കൈവരിച്ചത്. ഓഹരിവില ഉയര്‍ന്നതോടെ ഈ വര്‍ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ ഓഹരി എന്ന നേട്ടവും നേടി. ചൈനയിലെ മുയുവാന്‍ ഫുഡ്‌സാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. പ്രൈസ് ഏര്‍ണിംഗ് അനുപാതം 90 നേടിയിരിക്കുന്ന എച്ച്‌യുഎല്‍, ആഗോളതലത്തില്‍ മികച്ച മൂല്യമുള്ള ഓഹരി വിഭാഗത്തിലും പ്രവേശിച്ചു. അടച്ചുപൂട്ടല്‍ കാലയളവില്‍ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ക്ക് വലിയ തോതില്‍ ആഘാതമുണ്ടായിട്ടില്ല.

വിപണി ഗവേഷകരായ ക്രഡിറ്റ് സ്യൂസെയുടെ റിപ്പോര്‍ട്ട് പ്രകാരം അടച്ചുപൂട്ടലിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ഒരു കമ്പനിക്കും സാധിച്ചിട്ടില്ലെങ്കിലും നെസ്‌ലെ, എച്ച്‌യുഎല്‍, ഡാബര്‍ എന്നീ കമ്പനികള്‍ കോവിഡ് 19 അടച്ചുപൂട്ടലില്‍ താരതമ്യേന വില്‍പ്പനയില്‍ മികവ് പ്രകടമാക്കിയതായും ചൂണ്ടിക്കാണിക്കുന്നു. ഒരു വര്‍ഷം മുമ്പ് നിഫ്റ്റി 50 ല്‍ മികച്ച വളര്‍ച്ച നേടിയതോടെ എച്ച്‌യുഎല്ലിലെ ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ 1.9 ശതമാനത്തില്‍ നിന്നും നടപ്പുവര്‍ഷം 2.6 ശതമാനമായി ഉയര്‍ന്നു. ജിഎസ്‌കെ കണ്‍സ്യൂമര്‍ ലയനം, ക്രൂഡ് ഓയില്‍ നിരക്കിലെ കുറവ്, താഴ്ന്ന തോതിലുളഅള പരസ്യ ചെലവിടല്‍ എന്നിവയെല്ലാം എച്ച്‌യുഎല്ലിന്റെ ലാഭക്ഷമതയെ പിന്തുണച്ചതായി വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: FK News