പൊതുജന അവബോധം സൃഷ്ടിക്കാന്‍ കൊറോണ കാര്‍

പൊതുജന അവബോധം സൃഷ്ടിക്കാന്‍ കൊറോണ കാര്‍

100 സിസി എഞ്ചിനില്‍ ഒരൊറ്റ സീറ്റ് മാത്രമുള്ള കാറിന് ആറ് വീലുകളും ഫൈബറില്‍ തയാറാക്കിയ ബോഡിയുമാണുള്ളത്. പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍

ഹൈദരാബാദ്: കൊറോണക്കാലത്ത് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൊറോണ കാര്‍ പുറത്തിറങ്ങി. വൈറസിന്റെ മാതൃകയില്‍ ഹൈദരാബാദ് സ്വദേശി കെ സുധാകറാണ് പുതിയ കാര്‍ നിര്‍മിച്ചിരിക്കുന്നത്. ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അവിശ്വസനീയ രൂപങ്ങള്‍ തയാറാക്കുന്നതില്‍ പ്രശസ്തനാണ് സുധാകര്‍.

സുധ കാര്‍സ് എന്ന പേരില്‍ വിചിത്ര രൂപങ്ങളില്‍ തയാറാക്കിയ വാഹനങ്ങളുടെ ഒരു മ്യൂസിയം തന്നെ സുധാകറിനുണ്ട്. കഴിഞ്ഞ ദിവസമാണ് കൊറോണ കാര്‍ സുധാകര്‍ പുറത്തിറക്കിയത്. കൊറോണ വൈറസിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ആളുകളോട് വീടുകളില്‍ തന്നെ ഇരിക്കാനും ആഹ്വാനം ചെയ്യുകയാണ് സുധാകര്‍. ഗൗരവമേറിയ സാമൂഹ്യ പ്രശ്‌നത്തില്‍ സമൂഹത്തിന് ഒരു മികച്ച സന്ദേശം നല്‍കാനാണ് ശ്രമം. 100 സിസി എഞ്ചിനില്‍ ഒരൊറ്റ സീറ്റ് മാത്രമുള്ള കാറിന് ആറ് വീലുകളും ഫൈബറില്‍ തയാറാക്കിയ ബോഡിയുമാണുള്ളത്.

പത്ത് ദിവസമെടുത്താണ് സുധാകര്‍ കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൊറോണ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍. രാജ്യമാകെ കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി തന്റെ കാര്‍ ഹൈദരാബാദ് പോലീസിനു നല്‍കാനാണ് പദ്ധതി. സമൂഹത്തിന് ഗുണകരമാകുന്ന സന്ദേശം ഉള്‍പ്പെടുത്തി ഇതാദ്യമായല്ല, സുധാകര്‍ കാര്‍ നിര്‍മിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മുച്ചക്ര സൈക്കിള്‍ നിര്‍മിച്ചതിന് ലോക ഗിന്നസ് റെക്കോര്‍ഡ് നേടിയ ആളാണ് അദ്ദേഹം.

പക്ഷികളെ കൂട്ടിലടയ്ക്കുന്നതിനെതിരായ പക്ഷിക്കൂടിന്റഎ മാതൃകയില്‍ കാര്‍ നിര്‍മിച്ച സുധാകര്‍, പുകവലിക്കെതിരായ സന്ദേശം പ്രചരിപ്പിക്കാന്‍ സിഗരറ്റ് മാതൃകയില്‍ ബൈക്കും നിര്‍മിച്ചിട്ടുണ്ട്. എയ്ഡിസിനെതിരെ അവബോധം സൃഷ്ടിക്കാന്‍ കോണ്ടെ ബൈക്കുകള്‍, ഹെല്‍മറ്റ് ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കാന്‍ ഹെല്‍മറ്റ് കാറുകും മുമ്പ് നിര്‍മിച്ചിട്ടുണ്ട്. കാറുകള്‍ ബര്‍ഗര്‍, കാമറ, ഫുട്‌ബോള്‍ ,കംപ്യൂട്ടര്‍ എന്നിവയുടെ രൂപത്തിലും സുധാകര്‍ നിര്‍മിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs
Tags: Corona car